കശ്മീർ: ജമ്മു കശ്മീരിൽ യുവാവിനെ ജീപ്പിന്റെ മുമ്പില്‍ കെട്ടിയിട്ട് കൊണ്ടു പോയ സംഭവത്തില്‍ വിശദീകരണവുമായി സൈന്യം രംഗത്ത്. ‘മരിക്കുക അല്ലെങ്കില്‍ പ്രവര്‍ത്തിക്കുക’ എന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണ് ഇത്തരത്തിലൊരു നീക്കം നടത്തേണ്ടി വന്നതെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

“തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടു പോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ബുദ്ഗാമില്‍ വെച്ച് ആക്രമണം നടന്നപ്പോഴാണ് തങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. സ്ത്രീകള്‍ അടക്കമുള്ള പ്രദേശവാസികള്‍ സൈന്യത്തിന് നേരെ കല്ലേറ് ശക്തമാക്കുകയായിരുന്നു”, സൈന്യം പറഞ്ഞു.

“വീടുകള്‍ക്ക് മുകളില്‍ നിന്നും റോഡിന്റെ വശങ്ങളില്‍ നിന്നും വ്യാപകമായ രീതിയില്‍ കല്ലേറുണ്ടായി. പ്രദേശത്ത് നിന്നും ഉദ്യോഗസ്ഥരുമായി നീങ്ങാന്‍ ഇതല്ലാതെ മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ല. വെടിവെച്ച് രക്തം വീഴ്ത്തരുതെന്ന് മേജറിന്റെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും” സൈന്യം വ്യക്തമാക്കി.

സൈന്യം ജീപ്പില്‍ കെട്ടിയിട്ട് കൊണ്ടുപോയത് ബീര്‍വാ സ്വദേശിയായ ഫറൂഖ് അഹമ്മദിനെ ആണെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. ബുദ്ഗാമിലെ ഗുണ്ടിപ്പോറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ എടുത്തിരിക്കുന്നത്. കശ്മീരിൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് പിന്നിൽ സൈനികർക്കും പങ്കുണ്ടെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി ഒമർ​ അബ്ദുള്ളയാണ് വീഡിയോ പുറത്തുവിട്ടത്. സൈനികരുടെ നടപടികൾ പ്രകോപനങ്ങൾ സൃഷിടിക്കുന്നതാണെന്നും കശ്മീരുകാരെ പാക്കിസ്ഥാൻകാരായാണ് കാണുന്നതെന്നും ഒമർ അബ്ദുള്ള ആരോപിക്കുന്നു.

സൈനിക വാഹനത്തിന് നേരെ കല്ലെറിയാതിരിക്കാൻ വേണ്ടിയാണ് പ്രദേശവാസിയെ ഇങ്ങനെ കെട്ടിവെച്ച് കൊണ്ടു പോയത് എന്നും ഒമർ അബ്ദുള്ള പറയുന്നു. സൈനികരെ ആക്രമിക്കുന്നത് കണ്ട് ഊറ്റം കൊണ്ടവരൊക്കെ ഈ തെളിവുകളോട് പ്രതികരിക്കണം എന്നും നാഷനൽ കോൺഫറൻസ് നേതാവ് കൂടിയായ ഒമർ അബ്ദുള്ള പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ