ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകൾ സെന്താമരക്കെതിരെ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്‌ഡും ബംഗാളിൽ ടിഎംസി നേതാക്കളായ കുണാൽ ഘോഷിന്റെയും സതാബ്ദി റോയിയുടെയും വസ്തുവകകൾ ശനിയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തതിലും ഒരു സാദൃശ്യം കാണാൻ സാധിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പായിക്കോട്ടെ നിയമസഭാ തിരഞ്ഞെടുപ്പായിക്കോട്ടെ കേന്ദ്ര സർക്കാരിന്റെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളുടെ വാതിലുകൾ മുട്ടാൻ ഇഡിയും, ആദായ നികുതി വകുപ്പും മുതൽ സിബിഐക്ക് വരെ മിടുക്കാണ്.
പ്രതിപക്ഷ പാർട്ടികൾ ഇത് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും കേന്ദ്ര ഏജൻസികൾ അതിനെ പൂർണമായി എതിര്‍ക്കുകയാണ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ഒരു രീതി കാണാൻ സാധിക്കും.
അതിന്‍റെ ഉദ്ദാഹരണങ്ങൾ:
മഹാരാഷ്ട്ര
- 2019 സെപ്റ്റംബറിൽ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മാസങ്ങൾ മുൻപ്, എൻസിപി നേതാവ് ശരദ് പവർ, അദ്ദേഹത്തിന്റെ സഹോദര പുത്രൻ അജിത് പവാർ എന്നിവർക്കെതിരെ മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അഴിമതിയിൽ പണത്തട്ടിപ്പ് ആരോപിച്ച് ഇഡി കേസ് എടുത്തിരുന്നു. അതിന്റെ അന്വേഷണങ്ങൾ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.
- 2019 ഓഗസ്റ്റിൽ എംഎൻഎസ് നേതാവ് രാജ് താക്കറെക്ക് എതിരെ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തിരുന്നു. 2009 വരെ രാജ് താക്കറെ പങ്കാളിയായിരുന്ന ഐഎൽ ആൻഡ് എഫ്എസ് കോഹിനൂരിലെ ഒരു കമ്പനിയിൽ 850 കോടിയുടെ നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അത്. ഈ കേസിലും നിലവിൽ അന്വേഷണം നടക്കുകയാണ്.
പശ്ചിമ ബംഗാൾ
- ഈ വർഷം ഫെബ്രുവരിയിൽ തൃണമൂൽ കോൺഗ്രസ്സ് നേതാവ് മമതാ ബാനർജിയുടെ സഹോദര പുത്രൻ അഭിഷേക് ബാനർജിയുടെ ഭാര്യ രുജിറ ബാനർജിയെ കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്തിരുന്നു. അതോടൊപ്പം അഭിഷേക് ബാനർജിയുടെ ബന്ധുക്കളായ അങ്കുഷ് അറോറ, പവൻ അറോറ എന്നിവർക്ക് സമ്മൻസ് അയക്കുകയും ചെയ്തു.
- മാർച്ചിൽ ടിഎംസി ക്ക് വേണ്ടി ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുൻ ബംഗാൾ മന്ത്രിയായ മദൻ മിത്രക്ക് എതിരെയും ഇപ്പോഴത്തെ മന്ത്രി പാർത്ഥ ചാറ്റർജിക്ക് എതിരെയും ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകളിൽ ഇഡി സമൻസ് അയച്ചിരുന്നു.
- മാർച്ചിൽ തന്നെ ടിഎംസിയുടെ ജോറാസങ്കോ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന വിവേക് ഗുപ്‌തയെ ശാരദ ചിട്ടി അഴിമതി കേസുമായി ബന്ധപ്പെട്ട് ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
കർണാടക
- 2017 ഓഗസ്റ്റ് രണ്ടിനും അഞ്ചിനും ഇടയിൽ അന്നത്തെ കോൺഗ്രസ് മന്ത്രിസഭയിൽ ഊർജ്ജ മന്ത്രിയായിരുന്ന ഡികെ ശിവകുമാറുമായി ബന്ധപ്പെട്ട 70 ഓളം സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ബാംഗ്ലൂർ, മൈസൂർ, ഡൽഹി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെ ശിവകുമാറിന്റെ ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ അടുത്തുമാണ് പരിശോധനകൾ നടന്നത്. ഗുജറാത്ത് കോൺഗസ് നേതാവ് അഹമ്മദ് പട്ടേലിനെ രാജ്യസഭ തിരഞ്ഞെടുപ്പിൽ സഹായിക്കാൻ 42 കോൺഗ്രസ് എംഎൽഎ മാരെ ഗുജറാത്തിൽ നിന്ന് ബാംഗ്ലൂരിലെ റിസോർട്ടിൽ എത്തിച്ച സമയത്തായിരുന്നു പരിശോധനകൾ.
- 2017 ലെ പരിശോധനകൾക്ക് ശേഷം 2018 ൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് നികുതി തട്ടിപ്പ് കാണിച്ചു ആദായ നികുതി വകുപ്പ് വ്യാജ തെളിവുകളോടെ ശിവകുമാറിന് എതിരെ കേസ് എടുത്തിരുന്നു. 2019 ൽ ആദായ നികുതി വകുപ്പിന്റെ പരിശോധനകളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഡി പണത്തട്ടിപ്പിന് ശിവകുമാറിനെ അറസ്റ്റ് ചെയ്തു. സിബിഐ യും ശിവകുമാറിന് എതിരെ കേസേടുത്തിരുന്നു.
Read Also: കേരളത്തിൽ കോൺഗ്രസ് ജയിക്കും; ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു: എ.കെ ആന്റണി
രാജസ്ഥാൻ
- കഴിഞ്ഞ വർഷം ജൂലൈയിൽ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായ പ്രതിസന്ധികൾക്ക് ഇടയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ബന്ധപ്പെട്ട വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഗെലോട്ടിന് പുറമെ അമ്രപാളി ജൂവൽസ് ഉടമയും കോൺഗ്രസ്സിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് അറോറയുടെയും രാജസ്ഥാൻ സീഡ്‌സ് കോർപറേഷൻ ചെയർമാൻ ധർമേന്ദ്ര റാത്തോറിന്റെയും സ്ഥാപനങ്ങളിലും പരിശോധന നടന്നു.
- ജൂലൈയിൽ തന്നെ കോൺഗ്രസ്സ് എംഎൽഎയും ഒളിംപ്യനുമായ കൃഷ്ണ പൂനിയയെ മെയ് 23 ന് ചുരുവിൽ ആത്മഹത്യ ചെയ്ത വിഷ്ണു ദത് ബിഷ്‌ണോയി എന്ന പോലീസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്തിരുന്നു.
- വളം അഴിമതിയുമായി ബന്ധപ്പെട്ട് അശോക് ഗെലോട്ടിന്റെ സഹോദരൻ അഗർസെൻ ഗെലോട്ടിന്റെ വസ്തുവകകളിൽ ഇഡി പരിശോധന നടത്തുകയും ചെയ്തിരുന്നു.
മധ്യപ്രദേശ്
- 2019 ഏപ്രിലിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി ഹവാല ഇടപാടും, നികുതി തട്ടിപ്പും ആരോപിച്ച് ആദായ നികുതി വകുപ്പ് മുഖ്യമന്ത്രി കമൽ നാഥിന് ബന്ധമുള്ള 52 ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു.
ഛത്തിസ്ഗഢ്
- 2018 ൽ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ്. സിഡി കേസുമായി ബന്ധപ്പെട്ട് ഭൂപേഷ് ഭാഗേലിനെ സിബിഐ പ്രതിചേർക്കുകയും. പത്രപ്രവർത്തകനായ വിനോദ് വർമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഭാഗേൽ മുഖ്യമന്ത്രിയായ ശേഷം വിനോദ് വർമയെ രാഷ്ട്രീയ ഉപദേഷ്ടാവായി നിയമിച്ചു.
കേരളം
- 2020 ജൂലൈയിൽ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് യൂഎപിഎ ചുമത്തി എൻഐഎ എഫ്ഐആർ ഇട്ടിരുന്നു. ഈ കേസിൽ സെപ്റ്റംബറിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിനെ എൻഐഎ ചോത്യം ചെയ്യുകയും, ഒക്ടോബറിൽ ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തു.
- നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപ് ഇഡി, മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് കള്ളക്കടത്തു നടത്തിയതെന്ന് പ്രതിയായ സ്വപ്ന സുരേഷ് മൊഴി നൽകിയതായി ഇഡി കോടതിയിൽ പറഞ്ഞു.
- കഴിഞ്ഞ ഓഗസ്റ് 29ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ അറസ്റ്റ് ചെയ്യുകയും അതിന്റെ പേരിൽ കോടിയേരി സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.
- ഇതിനു പുറമെ മുഖ്യമന്ത്രി ചെയർമാനായ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ അഴിമതി ആരോപണത്തെ തുടർന്ന് ഓരോ മാസവും ഇഡി ചോദ്യം ചെയ്യുന്നതും തുടരുന്നു.
Read Also: നന്ദിഗ്രാം വെടിവയ്പും പുതിയ ആരോപണങ്ങളും: വസ്തുതകൾ എന്തെല്ലാം?
തമിഴ്‌നാട്
- കഴിഞ്ഞ സെപ്റ്റംബറിൽ, ഡിഎംകെ നേതാവ് പൂഞ്ചോലയ് ശ്രീനിവാസന് എതിരെയും, ചില ബാങ്ക് ഉദ്യോഗസ്ഥർക്ക് എതിരെയും അഴിമതി ആരോപിച്ച് സിബിഐ കേസ് എടുത്തിരുന്നു. വെല്ലൂരിലെ 2019 തിരഞ്ഞെടുപ്പിന് മുന്നോടിയായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ 11 കോടി രൂപ കണ്ടെടുത്തതിനെ തുടർന്നായിരുന്നു കേസ്.
- സെപ്റ്റംബറിൽ തന്നെ ഡിഎംകെ എംപി എസ്. ജഗ്താരക്ഷകന്റെയും കുടുംബത്തിന്റെയും പേരിലുള്ള 89 കോടി വരുന്ന സ്വത്ത് സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ ഇഡി പിടിച്ചെടുത്തിരുന്നു. ഒരു മാസത്തിനപ്പുറം അതേ കേസിൽ ഡിഎംകെ എംപി ഗൗതം സിഗമാണിയുടെ 8.6 കോടിയുടെ സ്വത്തും പിടിച്ചെടുത്തു.
ആന്ധ്രാ പ്രദേശ്
- 2018 നവംബറിൽ തിരഞ്ഞെടുപ്പിന് മുൻപ്, ബാങ്ക് ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് ടിഡിപി എംപി വൈ.എസ് ചൗദരി യുടെ ആഡംബര കാറുകൾ ഉൾപ്പടെ ഇഡി റെയ്ഡിൽ പിടിച്ചിരുന്നു. 2019 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ചൗദരി ബിജെപിയിൽ ചേർന്നു.
- തിരഞ്ഞെടുപ്പിന് മുൻപ് ആദായ നികുതി വകുപ്പ് റെയിഡ് നടത്തിയ ടിഡിപി എംപി സി.എം രമേശും ബിജെപിയിൽ ചേർന്നു.
ജമ്മു കാശ്മീർ
- ജമ്മു കാശ്മീർ തിരഞ്ഞടുപ്പിലേക്ക് കടക്കുന്നതിന് മുൻപ്, കഴിഞ്ഞ വർഷം നവംബർ 25 ന് ഭീകരവാദ കുറ്റം ചുമത്തി പിഡിപി യുവ നേതാവ് വഹീദുർ റഹ്മാൻ പര്രയെ എൻഐഎ അറസ്റ്റ് ചെയ്തു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം അറസ്റ്റിലായ പര്ര തിരഞ്ഞെടുപ്പിൽ വിജയിക്കുകയും പിന്നീട് ജാമ്യം നേടുകയും ചെയ്തു. അതിനു ശേഷം ജമ്മു കാശ്മീർ പോലീസിന്റെ ഇന്റലിജൻസ് വിഭാഗം അറസ്ററ് ചെയ്ത പര്ര ഇപ്പോഴും ജയിലിലാണ്.
- ജമ്മു കാശ്മീർ തിരഞ്ഞെടുപ്പിന്റെ അഞ്ചാമത്തെ ഘട്ടം നടക്കെ, ഡിസംബർ അഞ്ചിന്, മണി ലോണ്ടറിംഗ് ആക്ട് പ്രകാരം മുൻ മുഖ്യമന്ത്രിയായ ഫറൂഖ് അബ്ദുള്ളയുടെ വസ്തുവകകൾ ഇഡി പിടിച്ചെടുത്തു. ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം വീണ്ടെടുക്കാൻ വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ പ്രസിഡന്റാണ് ഫറൂഖ് അബ്ദുള്ള.