ന്യൂഡല്‍ഹി: ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും വാട്‌സ്ആപ്പിലൂടെ നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രം. സംഭവത്തില്‍ വാട്‌സ്ആപ്പിനോട് വിശദമായ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര ഐടി മന്ത്രാലയം. നവംബര്‍ നാലിന് മറുപടി നല്‍കണമെന്നാണ് വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. വെളിപ്പെടുത്തല്‍ ഭയാനകമാണെങ്കിലും അമ്പരപ്പിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപി സ്വകാര്യതയ്‌ക്കെതിരെ രംഗത്ത് വന്നവരാണെന്നും നിരീക്ഷണത്തിനായി കോടികള്‍ ചെലവാക്കിയവരാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു. സുപ്രീം കോടതി വളരെ പെട്ടെന്നു തന്നെ ഇടപെടണമെന്നും ബിജെപി സര്‍ക്കാരിന് നോട്ടീസ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
Read More: വാട്‌സ്ആപ്പ് വഴി നിരീക്ഷണം, ലക്ഷ്യം മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും; വെളിപ്പെടുത്തല്‍
”മാധ്യമപ്രവര്‍ത്തകരേയും സാമൂഹ്യ പ്രവര്‍ത്തകരേയും പ്രതിപക്ഷ നേതാക്കളേയും രഹസ്യമായി നിരീക്ഷിക്കുന്ന സര്‍ക്കാര്‍ സ്വന്തം പൗരന്മാരെ ക്രിമിനലുകളായി കാണുന്നവരാണ്. ജനാധിപത്യത്തെ നയിക്കാനുള്ള അവകാശം നഷ്ടപ്പെടുത്തിയവരാണ്. സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു” അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരേയും സാമൂഹ്യ പ്രവര്‍ത്തകരേയും നിരീക്ഷിച്ചിരുന്നുവെന്നാണ് വാട്‌സ്ആപ്പിന്റെ വെളിപ്പെടുത്തല്‍. ഇസ്രായേലി സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും വാട്‌സ്ആപ്പ് വെളിപ്പെടുത്തുന്നു. ഇസ്രായേലി കമ്പനിയായ എന്‍എസ്ഒയാണ് നിരീക്ഷണം നടത്തിയതെന്നാണ് വെളിപ്പെടുത്തല്‍. സാന്‍ ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വാട്‌സ്ആപ്പിന്റെ വെളിപ്പെടുത്തല്‍. വാട്‌സ്ആപ്പില്‍ നിന്നും 1400 ഓളം വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് വിവരം.