Pegasus: ന്യൂഡൽഹി: ഇസ്രായേൽ കമ്പനിയായ എൻഎസ്‌ഒ വികസിപ്പിച്ച സ്പൈവെയർ പെഗാസസ് മാധ്യമ പ്രവർത്തകരെയും രാഷ്ട്രീയക്കാരെയും സാമൂഹ്യ പ്രവർത്തകരെയും നിരീക്ഷിക്കുന്നതിനായി ഉപയോഗിച്ചിരിക്കാമെന്ന ആരോപണങ്ങൾ തള്ളി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച വാർത്തകൾ സെൻസേഷലൈസേഷന്റെ ഭാഗം ആണെന്നും ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമായി തോന്നുന്നുവെന്നും ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഒരു ദിവസം മുമ്പ് പ്രത്യക്ഷപ്പെടുന്ന റിപ്പോർട്ടുകൾ യാദൃശ്ചികമല്ലെന്നും മന്ത്രി പറഞ്ഞു.
“ചില വ്യക്തികളുടെ ഫോണിലെ വിവരങ്ങൾ ചോർത്താൻ പെഗാസസ് സ്‌പൈവെയർ ഉപയോഗിച്ചതായി റിപ്പോർട്ടുചെയ്യുന്നു. വളരെ വികാരാധീനമായ ഒരു കഥ ഇന്നലെ രാത്രി ഒരു വെബ് പോർട്ടൽ പ്രസിദ്ധീകരിച്ചു. ഈ കഥയെ ചുറ്റിപ്പറ്റിയുള്ള നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പാർലമെന്റിന്റെ മൺസൂൺ സെഷന് ഒരു ദിവസം മുമ്പാണ് പത്ര റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് യാദൃശ്ചികമല്ല. ” ഓൺലൈൻ പോർട്ടലായ ദ വയർ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് മന്ത്രി പറഞ്ഞു.
Read More: പെഗാസസ്; ചോർത്തിയത് ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർമാരടക്കം 40-ലധികം മാധ്യമപ്രവർത്തകരുടെ ഫോൺ
ദ വയർ അടക്കം ആഗോള തലത്തിൽ 17 മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്പൈവെയർ നിരീക്ഷണം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്. ലോക്സഭയിൽ ഈ വിഷയം ചർച്ചയാവുകയും പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
മുമ്പും പെഗാസസിന്റെ ഉപയോഗത്തെക്കുറിച്ച് സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നുവെന്ന് വൈഷ്ണവ് പറഞ്ഞു. “ആ റിപ്പോർട്ടുകൾക്ക് വസ്തുതാപരമായ അടിസ്ഥാനമില്ല, സുപ്രീം കോടതി ഉൾപ്പെടെ എല്ലാ കക്ഷികളും ഇത് നിഷേധിച്ചിരുന്നു. 2021 ജൂലൈ 18 ലെ പത്ര റിപ്പോർട്ടുകൾ ഇന്ത്യൻ ജനാധിപത്യത്തെയും അതിന്റെ സ്ഥാപിതമായ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് തോന്നുന്നു, ”അദ്ദേഹം പറഞ്ഞു.
Read More: എന്താണ് സീറോ ക്ലിക്ക് ആക്രമണം; അവയിൽനിന്ന് എങ്ങനെ അകലം പാലിക്കാം?
“അമ്പതിനായിരം ഫോൺ നമ്പറുകളുടെ ചോർന്ന ഡാറ്റാ ബേസ് ഒരു കൺസോർഷ്യത്തിന് ലഭ്യമായി എന്നതാണ് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനം. ഈ ഫോൺ നമ്പറുകളുമായി ബന്ധമുള്ള വ്യക്തികളെ ചാരപ്പണി നടത്തിയെന്നാണ് ആരോപണം. എന്നിരുന്നാലും, ഡാറ്റയിൽ ഫോൺ നമ്പറുകളുടെ സാന്നിധ്യമുള്ളതിനാൽ ഒരു ഉപകരണം പെഗാസസ് ബാധിച്ചതാണോ അതോ ഹാക്കിങ് ശ്രമത്തിന് വിധേയമാണോ എന്ന് ഉറപ്പിക്കാനാവില്ലെന്ന് റിപ്പോർട്ട് പറയുന്നു. സാങ്കേതിക വിശകലനത്തിന് ഫോൺ വിധേയമാക്കാതെ, ഇത് ഒരു ഹാക്കാണോ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് വ്യക്തമായി പറയാൻ കഴിയില്ല. പട്ടികയിൽ ഒരു ഫോൺ നമ്പർ ഉണ്ട് എന്നതിനാൽ അവ ചോർത്തപ്പെട്ടിട്ടുണ്ടാവില്ലെന്ന് റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നു, ”അദ്ദേഹം പറഞ്ഞു.
Read More: പെഗാസസ്: രാഹുൽ ഗാന്ധിയും പ്രശാന്ത് കിഷോറും അടക്കമുള്ളവരുടെ ഫോൺ നമ്പറുകൾ പട്ടികയിൽ
പെഗാസസ് നിർമിച്ച കമ്പനിയായ എൻഎസ്ഒ ഉന്നയിച്ച വാദങ്ങളും മന്ത്രി പാർലമെന്റിൽ പറഞ്ഞു. “പെഗാസസ് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടിക തെറ്റാണെന്ന് എൻഎസ്‌ഒ പറഞ്ഞതായി ഞാൻ എടുത്തുപറയുന്നു. പരാമർശിച്ച പല രാജ്യങ്ങളും ഞങ്ങളുടെ ക്ലയന്റുകൾ പോലുമല്ല എന്നും തങ്ങളുടെ ക്ലയന്റുകളിൽ ഭൂരിഭാഗവും പാശ്ചാത്യ രാജ്യങ്ങളാണെന്നും അവരുടെ റിപ്പോർട്ടിൽ പറയുന്നു. എൻഎസ്‌ഒയും റിപ്പോർട്ടിലെ അവകാശവാദങ്ങളെ വ്യക്തമായി തള്ളിക്കളഞ്ഞിട്ടുണ്ടെന്ന് വ്യക്തമാണ്, ”അദ്ദേഹം പറഞ്ഞു.
Read More: ഇസ്രായേൽ സ്പൈവെയർ; മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും അടക്കം മുന്നൂറിലധികം പേരുടെ വിവരങ്ങൾ ചോർന്നു