ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഹിജാബ് വിവാദം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അഭിപ്രായം വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിക്കിനിയായാലും, ഘൂംഘാട്ടായാലും, ജീന്‍സായാലും, ഹിജാബായാലും എന്ത് ധരിക്കണമെന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ഹിജാബ് വിവാദത്തില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറുന്ന പശ്ചാത്തലത്തില്‍ ജനങ്ങളോട് സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയും കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭങ്ങള്‍ തുടരുന്നതിനാല്‍ മൂന്ന് ദിവസത്തേക്ക് സ്കൂളുകളും കോളേജുകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഹിജാബ് വിവാദത്തിന് ജനുവരിയിലാണ് തുടക്കമായത്. ഉഡുപ്പിയിലെ സർക്കാർ പിയു കോളേജിൽ ഹിജാബ് ധരിച്ച് ക്ലാസിലെത്തിയ ആറ് വിദ്യാർത്ഥികളോട് ക്യാമ്പസ് വിടാൻ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്. പിന്നീടിത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. പ്രതിഷേധ റാലികള്‍ക്കിടെ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയും പൊലീസ് ഇടപെടുകയും ചെയ്തു.
Also Read: അന്ന് പ്രളയത്തിൽ, ഇന്ന് ബാബുവിനായി; നാടിനെ നെഞ്ചോട് ചേര്‍ത്ത് ഹേമന്ദ്