/indian-express-malayalam/media/media_files/uploads/2018/02/sachin-cats.jpg)
ന്യൂഡല്‍ഹി: ശ്രീദേവിയുടെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രശസ്ത ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ശനിയാഴ്ച രാത്രിയോടെ ദുബായില്‍ വച്ചാണ് ശ്രീദേവി അന്തരിച്ചത്. ഏറെ സങ്കടപ്പെടുത്തുന്നതാണ് ശ്രീദേവിയുടെ വിയോഗമെന്ന് സച്ചിന്‍ കുറിച്ചു. അവരെ കണ്ടാണ് തങ്ങള്‍ എല്ലാവരും വളര്‍ന്നതെന്ന് സച്ചിന്‍ കുറിച്ചു. രാവിലെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും പെട്ടെന്നുളള വിയോഗം ഏറെ സങ്കടപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡല്‍ഹിയില്‍ മാരത്തണിന് ഫ്ലാഗ് ഓഫ് ചെയ്യുന്ന വേളയിലാണ് അദ്ദേഹം ശ്രീദേവിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. കുടുംബത്തിനും അവരെ സ്നേഹിക്കുന്നവര്‍ക്കും ഈ നഷ്ടം താങ്ങാനുളള ശക്തി ഉണ്ടാകട്ടേയെന്ന് സച്ചിന്‍ പറഞ്ഞു.
മൃതദേഹം ഉച്ചയ്ക്ക് 12 മണിക്ക് തന്നെ മുഹൈസിന മെഡിക്കൽ കോളേജിലേക്ക് എംബാം ചെയ്യാനായി അയച്ചു. സർട്ടിഫിക്കറ്റുകൾ ലഭിച്ചാൽ ദുബായിൽ നിന്ന് മൃതദേഹം വേഗത്തിൽ ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് വിവരം. ഇന്ത്യൻ കോൺസുലേറ്റിലെ ഒരു ജീവനക്കാരനെ ശ്രീദേവിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ വേണ്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം കുടുംബത്തോടൊപ്പമാണ് ഇപ്പോഴുളളത്.
ശ്രീദേവി താമസിച്ചിരുന്ന ദുബായ് എമിറേറ്റ്സ് ടവർ ഹോട്ടലിലെ താമസ മുറിയിലെ ശുചിമുറിയിൽ ശനിയാഴ്ച രാത്രി 11.30ഓടെയാണ് ശ്രീദേവി തല കറങ്ങി വീണത്. ശ്രീദേവിയെ ഉടൻതന്നെ റഷീദിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട്. ഞായറാഴ്ച രാവിലെയാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. അതേസമയം ദുബായ് പൊലീസ് മരണത്തിൽ അന്വേഷണം ആരംഭിച്ചു. ശ്രീദേവിയെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതിനാൽ തന്നെ ഫോറൻസിക് വിഭാഗത്തിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. ശ്രീദേവിയെ അവസാനമായി ഒരു നോക്കുകാണാൻ ആശുപത്രിയിലേക്ക് ഇന്ത്യൻ സിനിമാ പ്രേമികൾ വന്നുകൊണ്ടിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.