/indian-express-malayalam/media/media_files/uploads/2019/04/vijay-sampla.jpg)
ഛണ്ഡീഗഡ്: പഞ്ചാബിലെ ഹോഷിയാപൂരില്‍ നിന്നും ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രകോപിതനായ കേന്ദ്ര മന്ത്രി വിജയ് സാംപ്ല ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവവുമായി രംഗത്തെത്തി. ബിജെപി ഗോവധം നടത്തിയിരിക്കുന്നുവെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞിരിക്കുന്നത്. ഫങ്വാര എംഎല്‍എ സോം പ്രകാശിനെ ഹോഷിയാപൂര്‍ സ്ഥാനാർഥിയായി ബിജെപി തിരഞ്ഞെടുത്തതിനു പിന്നാലെയാണ് ആരോപണവുമായി സാംപ്ല രംഗത്തെത്തിയത്.
സംസ്ഥാനത്തെ ഉന്നത ദലിത് നേതാക്കളില്‍ ഒരാളാണ് സാംപ്ല. ട്വിറ്റില്‍ തന്റെ പേരിനൊപ്പമുള്ള 'ചൗക്കിദാര്‍' എന്ന സ്ഥാനവും അദ്ദേഹം ഉപേക്ഷിച്ചു. ലോക്‌സഭ അംഗം എന്ന നിലയില്‍ തന്റെ പ്രകടനത്തില്‍ താന്‍ പരാജയപ്പെട്ടോ എന്നും അദ്ദേഹം ബിജെപിയോട് ചോദിച്ചിട്ടുണ്ട്.
'വളരെ ദുഃഖം തോന്നുന്നു. ബിജെപി ഗോവധം നടത്തിയിരിക്കുന്നു,' അദ്ദേഹം ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. 'നിങ്ങള്‍ എന്തെങ്കിലും ഒരു തെറ്റ് ചൂണ്ടിക്കാട്ടണമായിരുന്നു. എനിക്കെതിരെ യാതൊരു അഴിമതി കേസുകളും ഇല്ല. എന്റെ പ്രദേശത്ത് ഞാന്‍ വിമാനത്താവളം കൊണ്ടുവന്നു. പുതിയ ട്രെയിനുകള്‍ കൊണ്ടുവന്നു, റോഡ് നിര്‍മ്മിച്ചു. ഇതാണ് ഞാന്‍ ചെയ്ത തെറ്റെങ്കില്‍ എന്റെ വരും തലമുറയോട് ഞാന്‍ പറയാം ഒരിക്കലും ഈ തെറ്റുകള്‍ ചെയ്യരുതെന്ന്,' അദ്ദേഹം പറഞ്ഞു.
ഹോഷിയാപൂര്‍ മണ്ഡലത്തിലെ മുന്‍നിരയിലുള്ള നേതാവായിരുന്ന സാംപ്ലയ്ക്ക് പകരം പ്രകാശിനെ മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നതെന്ന് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ പ്രകാശ് 2009ല്‍ ഇതേ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ട ആളാണ്. പിന്നീട് 2014ലെ തിരഞ്ഞെടുപ്പില്‍ സാംപ്ല മത്സരിച്ച് വിജയിക്കുകയായിരുന്നു.
എന്നാല്‍ ഇത് വ്യക്തിപരമായ തീരുമാനമല്ലെന്നും ബിജെപിയുടെ ദേശീയ നേതാക്കളായ അമിത് ഷാ, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുള്‍പ്പെടെ കൂടിയാലോചിച്ചെടുത്ത തീരുമാനമാണെന്ന് പഞ്ചാബ് ബിജെപി അധ്യക്ഷന്‍ ശൈ്വത് മാലിക് പറഞ്ഞു.
കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രിയാണ് സാംപ്ല. നേരത്തെ അദ്ദേഹത്തെ പഞ്ചാബ് ബിജെപി അധ്യക്ഷനായി നിയമിച്ചിരുന്നു. ദലിത് നേതാവായ അദ്ദേഹം പട്ടികജാതി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് പണം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.