ന്യൂഡല്‍ഹി: ഇന്ധനവിലയിലെ എക്സൈസ് തിരുവ വെട്ടിക്കുറച്ചത് ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “എല്ലായ്‌പ്പോഴും ജനങ്ങള്‍ക്കാണ് ആദ്യ പരിഗണന. പെട്രോൾ, ഡീസൽ വിലകളിലെ ഗണ്യമായ കുറവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വിവിധ മേഖലകളെ ഗുണപരമായി ബാധിക്കുകയും നമ്മുടെ പൗരന്മാർക്ക് ആശ്വാസം നൽകുകയും ചെയ്യും,” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കുറച്ചത്. ഇതിന് പിന്നാലെ സംസ്ഥാന സർക്കാരും തീരുവ കുറച്ചു. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നത്.
“ പെട്രോളിന്റെ കേന്ദ്ര എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും കുറയ്ക്കുന്നു. ഇതോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും,” കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇത് സർക്കാരിന് പ്രതിവർഷം ഒരു ലക്ഷം കോടി രൂപയുടെ റവന്യൂ നഷ്ടം ഉണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഒമ്പത് കോടിയിലധികം ഗുണഭോക്താക്കൾക്ക് ഒരു ഗ്യാസ് സിലിണ്ടറിന് (12 സിലിണ്ടറുകൾ വരെ) 200 രൂപ സർക്കാർ സബ്‌സിഡി നൽകുമെന്നും അവർ പ്രഖ്യാപിച്ചു.
ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം കൂടുതലുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവയും സർക്കാർ കുറയ്ക്കുകയാണെന്ന് സീതാരാമൻ പറഞ്ഞു. “ചില സ്റ്റീലിന്റെ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കും. സ്റ്റീൽ ഉൽപന്നങ്ങളുടെ കയറ്റുമതി തീരുവ ചുമത്തും,” അവർ കൂട്ടിച്ചേർത്തു.
Also Read: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ