പൂനെ: അഞ്ച് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പൂനെയിലെ പ്ലാന്റിലെത്തി ജോലിക്കാരെ അഭിസംബോധന ചെയ്തു. ടാറ്റ സണ്‍സ് ചെയര്‍മാന്‍ ചന്ദ്രശേഖരനൊപ്പം ഹെലികോപ്റ്ററിലെത്തിയ അദ്ദേഹത്തിന് ഗംഭീര സ്വീകരണമാണ് ജീവനക്കാര്‍ നല്‍കിയത്. ജീവനക്കാര്‍ നേതൃത്വത്തിലേക്ക് വരണമെന്നും പിന്തുടരുന്നവരായി മാത്രം മാറരുതെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ നാലഞ്ച് വര്‍ഷമായി വിപണി ഓഹരി നമുക്ക് നഷ്ടമാകുന്നതും ഒരു തകരുന്ന കമ്പനി എന്ന നിലയില്‍ രാജ്യം നമ്മുടെ കമ്പനിയെ നോക്കി കാണുന്നതും എന്നെ വേദനിപ്പിക്കുന്നു. ഏറെ പ്രസരിപ്പും സാമര്‍ത്ഥ്യവും നമ്മുടെ കമ്പനിക്ക് ഉണ്ടെന്ന് ഈ കാലമത്രയും ഞാന്‍ വിശ്വസിച്ചിരുന്നു. അതേ പ്രസരിപ്പ് ഇപ്പോഴും കാണാനായതില്‍ ഞാന്‍ സന്തോഷവാനാണ്’, രത്തന്‍ ടാറ്റ പറഞ്ഞു.
ലേക്ക് ഹൗസിലെ ടൗണ്‍ ഹാളിലേക്ക് തിരികെ എത്തിയപ്പോള്‍ ഗൃഹാതുരത്വം തോന്നുന്നെന്നും താന്‍ മുമ്പ് ഏറെ സമയം ചെലവഴിച്ച സ്ഥലമാണ് ഇതെന്നും ടാറ്റ വ്യക്തമാക്കി. ‘നമ്മള്‍ നേതൃസ്ഥാനത്ത് എത്തണം, പിന്തുടരുന്നവരാവരുത്. പണ്ട് നമുക്ക് ഉണ്ടാവുന്ന പ്രസരിപ്പ് എനിക്ക് ഇന്ന് നിങ്ങളില്‍ കാണാനാവും. ഇത് തുടര്‍ന്നാല്‍ നമുക്ക് എന്തും ചെയ്യാനാവും. വിജയം തുടരാനാവു. നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ മേഖലയില്‍ മികച്ച സംഭാവന നല്‍കുന്നവരാണ്. കഴിഞ്ഞ കാലങ്ങളില്‍ നമ്മള്‍ ചെയ്ത കാര്യങ്ങളില്‍ നമുക്ക് അഭിമാനിക്കാം. ചന്ദ്രയുടേയും ഗണ്ടറിന്റേയും നേതൃത്വത്തില്‍ ഭാവിയിലും നമുക്ക് മുന്നേറാം’, ടാറ്റ വ്യക്തമാക്കി.
കഴിഞ്ഞ കാലങ്ങളില്‍ കൈവച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ചവരാണ് തങ്ങളെന്ന് ഓര്‍ക്കണമെന്നും ടാറ്റ പറഞ്ഞു. ടാറ്റയുടെ ബിസിനസ് ഏറെ പിന്നിലായെന്നും എന്നാല്‍ ഈ വര്‍ഷത്തോടെ അതില്‍ മാറ്റമുണ്ടാകുമെന്നാണ് വിശ്വാസമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.