ന്യൂഡല്‍ഹി: നെറ്റ്‌വര്‍ക്ക് 18 സ്ഥാപകനും ദ ക്വിന്റിന്റെ എഡിറ്ററുമായ രാഘവ് ബാഹലിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലുമായി റെയ്ഡ് നടന്നത്.

ഇതിന് പുറമെ ന്യൂസ് മിനിറ്റ് എന്ന മാധ്യമസ്ഥാപനത്തിന്റെ ഡൽഹിയിലെയും ബെംഗലുരുവിലെയും ഓഫീസിൽ സർവ്വേ നടന്നിട്ടുണ്ട്. ക്വിന്റിന്റെ ഡൽഹിയിലെ ഓഫീസിൽ താഴത്തെ നിലയിൽ സർവ്വേയും ഒന്നാം നിലയിൽ റെയ്‌ഡുമാണ് നടത്തിയത്.

ഇതിന് പിന്നാലെ രാഘവ് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ സഹായം തേടി. ”ഗില്‍ഡുമായി എനിക്കൊരു വിഷയം പങ്കുവയ്ക്കാനുണ്ട്. ഇന്ന് രാവിലെ, ഞാന്‍ മുംബൈയിലാണ്, ഒരു സംഘം ആദായ നികുതി വകുപ്പ് ഓഫിസര്‍മാര്‍ എന്റെ വീട്ടിലും ദ ക്വിന്റിലെ ഓഫിസിലും ‘സർവ്വേയ്ക്കായി’ എത്തുകയായിരുന്നു. കൃത്യമായി ടാക്‌സ് അടക്കുന്നവരാണ് ഞങ്ങള്‍. ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കും” എന്നാണ് ഗില്‍ഡിനുള്ള പ്രസ്താവനയില്‍ അദ്ദേഹം പറയുന്നത്.

എഡിറ്റേർസ് ഗിൽഡ് ഇതിൽ പ്രതിഷേധിച്ച് രംഗത്തെത്തി. ആദായ നികുതി വകുപ്പിന് പരിശോധനകൾ നടത്താൻ അവകാശമുണ്ടെങ്കിലും സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നവരുടെ വായടപ്പിക്കാൻ വേണ്ടി ആ അധികാരം ഉപയോഗിക്കരുതെന്ന് ഗിൽഡ് പ്രസ്താവനയിൽ പറയുന്നു. രാഘവ് ബാഹൽ എഡിറ്റേർസ് ഗിൽഡിന്റെ എക്സിക്യുട്ടീവ് കമ്മിറ്റിയംഗമാണ്.

അതേസമയം, തന്റെ വീട്ടിലും ഓഫീസിലുമുള്ള അതീവ പ്രധാന്യവും രഹസ്യ സ്വഭാവമുള്ളതുമായ രേഖകള്‍ എടുക്കുകയോ പരിശോധിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയി കൊണ്ടിരിക്കുകയാണ് രാഘവ്.

സംഭവത്തില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് സഹായിക്കുമെന്നും ഒപ്പമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായും രാഘവ് പറയുന്നു. അതുവഴി ഭാവിയില്‍ ഇത്തരം സംഭവമുണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്നതിന് ഒരു മാതൃക സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഓഫീസിലും വീട്ടിലുമുള്ള രേഖകളുടെ ചിത്രങ്ങള്‍ ഫോണില്‍ എടുക്കരുതെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ മാധ്യമ രംഗത്തെ പ്രമുഖരിലൊരാളാണ് രാഘവ്. നെറ്റ്‌വര്‍ക്ക് 18 ഗ്രൂപ്പ്, ദ ക്വിന്റ് എന്നീ മാധ്യമ സ്ഥാപനങ്ങളുടെ സ്ഥാപകനാണ് രാഘവ്. അതേസമയം, നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ശേഖര്‍ ഗുപ്ത, മുന്‍ മാധ്യമപ്രവര്‍ത്തകനായ അഷുതോഷ് തുടങ്ങിയവര്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. മോദി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയതിനുള്ള പ്രതികാരമാണെന്നാണ് അവര്‍ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook