ചെന്നൈ: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരത്തിനെതിരെ ആദായ നികുതി വകുപ്പിന്റെ കുറ്റപത്രം. ചിദംബരത്തിന് പുറമേ ഭാര്യ, മകന്‍, മരുമകള്‍ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. വിദേശത്തെ വസ്തുവകകളെപറ്റിയുള്ള വിവരം മറച്ചുപിടിച്ചതിനാണ് കളളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കളളപ്പണ ആദായ നികുതി വകുപ്പിലെ സെഷന്‍ 50 പ്രകാരമാണ് കേസ്. ചെന്നൈയിലെ ഒരു പ്രത്യേക കോടതിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

യുകെയിലുളള 5.37 കോടിയുടെയും 80 ലക്ഷം രൂപയുടെയും വസ്തുവകകള്‍, അമേരിക്കയിലുളള 3.28 കോടിയുടെ സ്വത്ത് എന്നിവ വെളിപ്പെടുത്താത്തതിനെതിരെയാണ് ചിദംബരം, ഭാര്യ നളിനി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം, മരുമകള്‍ ശ്രീനിധി എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്വത്തുക്കള്‍ അറിയിക്കാതിരുന്നതിനോടൊപ്പം മകന്‍ കാര്‍ത്തിക്ക് ഓഹരിയുളള ചെസ് ഗ്ലോബല്‍ കളളപ്പണ നിയമം ലംഘിച്ചതായും കുറ്റപത്രം ആരോപിക്കുന്നു. ഇന്ത്യയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന കളളപ്പണം തടയാനായി 2015ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ഈ നിയമം.

കാര്‍ത്തിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ നികുതി വകുപ്പ് ചുമത്തിയ നോട്ടീസിനെ കാര്‍ത്തി മദ്രാസ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. സ്വത്തുക്കളെപ്പറ്റിയും ഇടപാടുകളെപറ്റിയുമുള്ള വിവരങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ മറ്റൊരു നികുതി സംവിധാനത്തിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നായിരുന്നു ചിദംബരത്തിന്റെ അവകാശവാദം. ഇതുമായി ബന്ധപെട്ടുളള തുടരന്വേഷണങ്ങളെയും അദ്ദേഹം എതിര്‍ത്തു.

എന്നാല്‍ ഈ റിട്ട് പെറ്റീഷന്‍ ഹൈക്കോടതി പിന്നീട് റദ്ദാക്കി. അന്വേഷണം അവസാനിക്കാറായ കേസിന്റെ കുറ്റപത്രം എത്രയും വേഗം തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിക്കുകയും ചെയ്തു. നിയമം തെറ്റിച്ചു വിദേശത്ത് കളളപ്പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് കാര്‍ത്തിക്കെതിരെ ആദായ നികുതി വകുപ്പ് കളളപ്പണ നിയമം ചുമത്തിയത്.

പുതിയ കളളപ്പണ നിരോധന നിയമം നിയമവിരുദ്ധമായി വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന വസ്തു വകകളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ക്ക് പ്രാപ്തമാക്കുന്നതുമാണ്. വെളിപ്പെടുത്താത്ത സ്വത്തുവകകള്‍ കണ്ടെത്തുകയാണ് എങ്കില്‍ പത്തു വര്‍ഷം വരെ തടവും 120 ശതമാനം പിഴയും ചുമത്താനാകുന്നതാണ് നിയമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ