രസീലയുടെ മരണത്തിന്റെ ഉത്തരവാദിത്തം ആർക്കാണ്? നമ്മുടെ തൊഴിലിടങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് ഓരോ ഇടവേളകളിലും ഉണ്ടാകുന്ന പ്രഖ്യാപനങ്ങൾ മതിയായ സുരക്ഷ ഏർപ്പെടുത്തുന്നുണ്ടോ? ഇല്ലെന്ന് അടയാളപ്പെടുത്തുകയല്ലേ ഓരോ മരണവും. അവധി ദിവസം കന്പനിയിൽ ജോലിക്ക് ഒരാൾ വരുന്നുണ്ടെങ്കിൽ അതിൽ ജോലിയോട് കാണിക്കുന്ന ആത്മാർത്ഥതയ്ക്കൊപ്പം തന്നെ മേലധികാരികളുടെ സമ്മർദ്ദങ്ങളും കാരണമാണ്. എന്നാൽ സുരക്ഷയിലേക്ക് മാത്രമാണ് നമ്മുടെ കണ്ണ്.
പൂനെ സംഭവത്തെ കുറിച്ച് കൊച്ചി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യയിൽ നിന്നുള്ള പെൺകുട്ടി, അഞ്ജലി പറഞ്ഞത്, എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. കൊച്ചിയിലേക്ക് വരുന്നതിന് മുൻപ് , പൂനെയിൽ ജോലി ചെയ്ത ഈ പെൺകുട്ടിക്ക് അവിടുത്തെ സുരക്ഷ സംവിധാനങ്ങളെ പറ്റി അത്ര നല്ല അഭിപ്രായമല്ല. “സ്ഥാപനമല്ല, ഇതിന്റെ കുറ്റക്കാർ. ഓരോ സ്ഥാപനത്തിലും അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നതും രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്നതും മേലധികാരികളുടെ സമ്മർദ്ദം കൊണ്ടു കൂടിയാണ്.” അഞ്ജലിയുടെ ഈ അഭിപ്രായത്തിൽ നിന്ന് വേറിട്ടതല്ല ആരുടെയും മറുപടി. സൗഹാർദ്ദപരമായ അന്തരീക്ഷം ഉള്ളിടത്ത് തന്നെ മേലധികാരിയുടെ സ്വഭാവമനുസരിച്ച തങ്ങളുടെ ജീവിതവും മാറിമറിയുമെന്ന് ഇവരുടെ വാക്കുകളിൽ നിന്ന് വ്യക്തം.
“മാനേജർമാരാണ് കന്പനിയുടെ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നത്. ജീവനക്കാരുടെ സുരക്ഷയ്ക്ക് കന്പനി പരമാവധി പണം ചിലവഴിക്കുമെങ്കിലും മാനേജർമാർ മിക്കപ്പോഴും ഏറ്റവും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരെയാണ് പരിഗണിക്കുക. അവരുടെ പശ്ചാത്തലമോ മുൻകാല ജീവിതമോ ഒന്നും തന്നെ പരിഗണിക്കാറില്ല. അഞ്ജലി പറയുന്നു.
പൂനെയൽ തന്നെ രസീലയ്ക്കുണ്ടായതിന് സമാനമായ ഒരനുഭവം ഒരു വർഷം മുൻപ് മറ്റൊരു പെൺകുട്ടിയും നേരിട്ടിരുന്നുവെന്ന് ഇവർ പറഞ്ഞു. “എത്ര അനുഭവം ഉണ്ടായാലും പൂനെയിലെ സ്ഥാപനങ്ങൾ ഇതേ മട്ടിലാണ് പ്രതികരിക്കുന്നത്.” പൂനെയിലെ സുരക്ഷ ജീവനക്കാരാണ് പ്രശ്നമെങ്കിൽ കൊച്ചിയിൽ കൂടെ ജോലി ചെയ്യുന്ന പുരുഷന്മാർ തന്നെയാണ് പ്രശ്നം. “ഒരിക്കൽ ഓഫീസിലേക്കുള്ള പടികൾ കയറുന്പോഴാണ് അതിരൂക്ഷമായ ഒരു നോട്ടം നേരിടേണ്ടി വന്നത്. ഓഫീസിലെത്തിയാൽ സുരക്ഷിതമാണെന്ന് കരുതിയെങ്കിലും അവിടെയെത്തിയപ്പോൾ, തുറിച്ച് നോക്കിയ ആളും എനിക്ക് പിന്നാലെ ഓഫീസിൽ കയറി. കന്പനിയുടെ മറ്റൊരു ഓഫീസിൽ നിന്ന് അവിടേക്ക് കുറച്ചുദിവസത്തേയ്ക്ക് വന്നയാളായിരുന്നു. ഓഫീസിലും നോട്ടം സഹിക്കാൻ സാധിക്കാതെ വന്നപ്പോൾ ഞാൻ പരാതി നൽകി.”
“രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ഒരാൾ നഗ്നനായി മുന്നിൽ വന്ന് നിന്നത്. ഭയന്നോടാതെ ഉയർന്നുവന്ന രോഷം മുഴുവൻ അയാളെ തല്ലിത്തീർത്തു. ഇൻഫോപാർക്കിൽ തന്നെ ജോലി ചെയ്യുന്ന സുഹൃത്തായിരുന്നു ഒപ്പം.”
ഓഫീസിന് പുറത്തുള്ള കൊച്ചിയാണ് കൂടുതൽ അപകടകരം. കന്പനി വാഹനമില്ലാത്ത സമയത്ത് ഒരിക്കൽ അഞ്ജലിയുടെ സുഹൃത്തിന് ഓൺലൈൻ ടാക്സി ഡ്രൈവറിൽ നിന്നും ദുരനുഭവം ഉണ്ടായി. “വളഞ്ഞ വഴിയിൽ കൂടി യാത്ര പോയ ശേഷം വളരെ മോശമായ ഭാഷയിൽ അയാൾ സംസാരിച്ചു.
ഒപ്പം ജോലി ചെയ്യുന്ന പുരുഷന്മാരിൽ നല്ല ശതമാനവും ഇത്തരത്തിലാണ്. ഉത്തരേന്ത്യക്കാർ എന്തിനും തയ്യാറാകുന്നവരാണെന്ന മട്ടിലാണ് പെരുമാറ്റം.” അഞ്ജലി തന്റെ ബുദ്ധിമുട്ട് മറച്ചുവയ്ക്കാതെ പറഞ്ഞു.
എന്നാൽ ഇത്രയൊന്നും ബുദ്ധിമുട്ട് അനുഭവിക്കുന്നില്ല മലയാളി പെൺകുട്ടികൾ. “രാത്രി വൈകി ജോലി ചെയ്യേണ്ട അവസരങ്ങളിൽ കന്പനി കാറിൽ കൊണ്ടുവിടും. രാത്രി ഷിഫ്റ്റ് എടുക്കുകയാണെങ്കിൽ റിസപ്ഷനിൽ ഒരു സ്ത്രീ ഉണ്ടാകും ഏപ്പോഴും.” ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്ന് സുനിത നായർ പറയുന്നു.
“ഏത് സമയത്തും പിങ്ക് പോലീസിന്റെ വാഹനം ഇൻഫോപാർക്കിന് സമീപത്ത് കാണാം. പിന്നെ അടിയന്തിര ഘട്ടങ്ങളിൽ വിളിക്കേണ്ട നന്പറുണ്ടെങ്കിലും നമ്മൾ ഓർക്കില്ലെന്നത് നമ്മുടെ തന്നെ കുഴപ്പമാണ്” സുനിത കൂട്ടിച്ചേർത്തു.
എറണാകുളം കേന്ദ്രീകരിച്ച് സ്റ്റാർട്ട് അപ്പിൽ ജോലി ചെയ്യുന്ന ചിത്തിര, ജനിച്ചതും വളർന്നതും മുംബൈയിലാണ്. കേരളത്തിൽ ജോലി ചെയ്യുന്ന ഇവർക്ക് മുംബൈയിലെ പോലെ സുരക്ഷിതമായി കൊച്ചി തോന്നുന്നില്ല. എന്നാൽ “ഉത്തരേന്ത്യയിൽ നിന്നുള്ള പുരുഷന്മാർ ഒപ്പം ജോലി ചെയ്തപ്പോഴൊന്നും വിശ്വസിക്കാൻ പറ്റുന്നവരെന്ന തോന്നൽ ഇല്ലായിരുന്നു”വെന്ന് അവർ പറഞ്ഞു.
“കാർ പോകുന്ന വഴി രാത്രി യാത്ര പുറപ്പെടും മുൻപ് തന്നെ അറിയാൻ പറ്റും. ഒരേ ഭാഗത്തേക്കുള്ള യാത്രക്കാരെല്ലാം സ്ഥിരമായി യാത്ര ചെയ്യുന്പോൾ പരിചിതരാകും. അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട നന്പറുകൾ കന്പനി ഒരു കാർഡായി നൽകിയിട്ടുണ്ട്. ഇത് ഐഡി കാർഡിനൊപ്പം കൊണ്ടുനടക്കുകയാണ്. എപ്പോൾ ആവശ്യം വന്നാലും ഉപയോഗിക്കാമല്ലോ” ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന മിതുലയും ഉറച്ച വിശ്വാസത്തിലാണ്. എന്നാൽ ഹോസ്റ്റലിന് സമീപത്ത് വഴി നടക്കാൻ സാധിക്കാത്ത വിധം ബുദ്ധിമുട്ടുകൾ ഇവർ അനുഭവിക്കുന്നുണ്ട്. “ബൈക്കിലൊക്കെ വന്നിട്ട്, ഹോസ്റ്റലിന്റെ മുന്നിൽ നിന്ന് കമന്റടിക്കുകയും മറ്റുമുണ്ട്. കടയിൽ പോകുന്പോഴും തിരികെ വരുന്പോഴുമെല്ലാം ഞങ്ങൾ ബുദ്ധിമുട്ടുന്നത് കണ്ടാലും മിക്കപ്പോഴും ഇതുവഴി പോകുന്നവർ ഇടപെടാറില്ല” മിതുല തന്റെ അനുഭവം പങ്കുവച്ചു.
ഇൻഫോസിസിലെ സുരക്ഷ സംവിധാനങ്ങളെ കുറച്ച് കാണാൻ സാധിക്കില്ലെന്ന് ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന രൂപിണി പറയുന്നു. ” ഒരു വലിയ കന്പനിയാണ് ഇൻഫോസിസ്. ജീവനക്കാർക്ക് കൊച്ചിയിലും തിരുവനന്തപുരത്തും ലഭിക്കുന്ന സുരക്ഷ സംവിധാനങ്ങൾ അവിടെയും കാണും. നമ്മുടെ ഒപ്പം യാത്ര ചെയ്യുന്ന സഹജീവനക്കാരനും, സുരക്ഷയ്ക്കായി കന്പനി നിയമിക്കുന്ന ഗാർഡും, വാഹനത്തിന്റെ ഡ്രൈവറുമെല്ലാം എങ്ങിനെയുള്ളവരാണെന്ന് എങ്ങിനെയറിയും? എനിക്കൊന്നും സംഭവിക്കില്ലെന്ന വിശ്വാസം മാത്രം” അവർ കൂട്ടിച്ചേർത്തു.
മലയാളികൾ തങ്ങൾക്ക് ലഭിക്കുന്ന സൗകര്യങ്ങളിൽ സംതൃപ്തരാകുന്പോഴും പൂർണ്ണമായ അർത്ഥത്തിൽ ഇവിടം സുരക്ഷിതമാണോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ നിന്നുള്ള പെൺകുട്ടികളോട് ഉള്ള മനോഭാവത്തിൽ മാത്രമല്ല, മിതുലയുടെ അനുഭവവും കൂട്ടിവായിക്കണം.