ബറേലി: ഉത്തര്‍പ്രദേശിലെ മുസ്‌ലിം ഭൂരിപക്ഷ ഗ്രാമമായ ഖൈലാമില്‍ നിന്നും മുസ്‌ലിംങ്ങള്‍ കൂട്ടപ്പലായനം ചെയ്തു. തീര്‍ത്ഥാടകര്‍ ഇതുവഴി കടന്നുപോകുന്നതിനാല്‍ പൊലീസ് റെഡ് കാര്‍ഡ് നല്‍കിയതിനെ തുടര്‍ന്നാണ് മുസ്‌ലിംങ്ങള്‍ കൂട്ടത്തോടെ പ്രദേശം വിട്ടത്. ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ തീര്‍ത്ഥാടകര്‍ പ്രദേശത്ത് കൂടെ പോകുമ്പോള്‍ ആളുകള്‍ തിങ്ങിപ്പാര്‍ത്ത ഇവിടം വിജനമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷത്തെ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്ന പ്രദേശമാണിത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് പ്രദേശത്തെ മുസ്‌ലിംങ്ങള്‍ക്ക് റെഡ് കാര്‍ഡ് മുന്നറിയിപ്പ് നല്‍കിയത്. 70ഓളം കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ ഗ്രാമത്തില്‍ നിന്നും മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചു. കഴിഞ്ഞ ദിവസം 150ഓളം വരുന്ന തീര്‍ത്ഥാടകര്‍ ഖൈലാം ഗ്രാമത്തിലേക്ക് വന്നിരുന്നു. പരമശിവനെ ആരാധിക്കുന്ന തീർത്ഥാടകർ യാത്രയില്‍ ഉച്ചത്തില്‍ ഡിജെ മ്യൂസിക് പ്ലേ ചെയ്തെത്തിയ ഇവര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് പൊലീസ് ഇവര്‍ക്ക് അകമ്പടി നല്‍കി ഗുലേദിയയിലെ ഗൗരി ശങ്കര്‍ ക്ഷേത്രത്തിലെത്തിച്ചു. പ്രദേശത്ത് നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം മുസ്‌ലിംങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും റെഡ് കാര്‍ഡ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘര്‍ഷം ഭയന്നാണ് മുസ്‌ലിംങ്ങള്‍ പ്രദേശം വിട്ടത്. കഴിഞ്ഞ വര്‍ഷം നടന്ന സംഘര്‍ഷമല്ലാതെ മുമ്പെങ്ങും ഇത്തരത്തില്‍ അക്രമം നടന്നിട്ടില്ലെന്ന് പ്രദേശത്തെ താമസക്കാരനായ അയ്യൂബ് ഖാന്‍ പറഞ്ഞു. 250 ഓളം പേര്‍ക്കെതിരെ കേസ് എടുത്തെന്നും ഭൂരിഭാഗവും മുസ്‌ലിംങ്ങളാണെന്നും ഇദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷത്തില്‍ പെടാതിരുന്ന പലര്‍ക്കെതിരെയും പൊലീസ് നടപടി എടുത്തെന്നും അയ്യൂബ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തീർത്ഥാടകരുടെ യാത്രയ്ക്ക് ശേഷം മുസ്‌ലിംങ്ങള്‍ തിരികെ വരുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് സൂപ്രണ്ട് ആർ.കെ.ഭാര്‍തിയ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ട്രാഫിക്കിനിടെ തീര്‍ത്ഥാടകന്റെ ദേഹത്ത് കാര്‍ തട്ടിയെന്നാരോപിച്ച് ഒരു സംഘം വനിത ഓടിച്ച കാര്‍ തല്ലിത്തകര്‍ത്തിരുന്നു. പടിഞ്ഞാറൻ ഡൽഹിയിലെ മോത്തി നഗർ പ്രദേശത്താണ് സംഭവം. നഗരമധ്യത്തിൽ വച്ച് കാവിവേഷധാരികളായ തീർത്ഥയാത്രക്കാർ അക്രമം നടത്തുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. അക്രമികള്‍ വടികളുമായി കാർ തല്ലിത്തകർക്കുമ്പോൾ നാട്ടുകാർ നിസ്സംഗരായി നിൽക്കുകയായിരുന്നു. പൊലീസ് എത്തിയെങ്കിലും വളരെ മര്യാദയോടെയാണ് അക്രമികളോട് ഇടപെട്ടത്. തീർത്ഥാടകരിലൊരാളുടെ ദേഹത്ത് കാർ അൽപമൊന്ന് ഉരസിയിരുന്നു.
പരുക്കൊന്നും ഉണ്ടായില്ലെങ്കിലും ഇതാണ് തീർത്ഥാടകരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. തീർത്ഥാടകരെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച ഉത്തർപ്രദേശ് പൊലീസ് മേധാവിയുടെ നടപടിയും കഴിഞ്ഞ ദിവസം വിവാദമായിരുന്നു. മീററ്റിലെ മുതിർന്ന പൊലീസ് ഓഫീസർ പ്രശാന്ത് കുമാറാണ് ഹെലികോപ്ടറിൽ നിന്നും റോസാദളങ്ങൾ വാരിവിതറി തീർത്ഥാടകരെ സ്വാഗതം ചെയ്തത്. പൊലീസ് കമ്മീഷണർ ചന്ദ്ര പ്രകാശ് ത്രിപദിക്കും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പം സഞ്ചരിച്ചുകൊണ്ടാണ് ഇദ്ദേഹം പുഷ്പവൃഷ്ടി നടത്തിയത്.