ആൾക്കൂട്ട ആക്രമണങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്ന് “ഹിന്ദു പാക്കിസ്ഥാൻ” പ്രസ്താവനയിലൂടെ വിവാദത്തിലകപ്പെട്ട കോൺഗ്രസ്സ്  നേതാവും  തിരുവനന്തപുരം എംപിയുമായ ശശി തരൂർ, ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു. പ്രധാനമന്ത്രിയുടെ മൗനം അക്രമികളെ പ്രബലരാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശശി തരൂരുമായുളള അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ:

തിരുവനന്തപുരത്തെ താങ്കളുടെ ഓഫീസിനു നേരെയുണ്ടായ കൈയ്യേറ്റത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തെയും കുറിച്ച് താങ്കൾ പരാതി ഉന്നയിച്ചിരിക്കുന്നു. പക്ഷേ സർക്കാരിന്റെ പ്രതികരണം അനുകൂലമല്ല?

ഇത് രാജ്യം അഭിമുഖീകരിക്കുന്ന വലിയ ഭീഷണിയാണെന്നുള്ളതാണ് ഞാൻ ഉന്നയിക്കുന്ന വസ്തുത. “നിങ്ങൾക്ക്, നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നുള്ളതാണ് ഒരു ജനാധിപത്യവ്യവസ്ഥിതിയുടെ അടിസ്ഥാന നിയമം. എങ്ങനെ വിയോജിക്കാമെന്നതിന്റെ അടിസ്ഥാന നിയമങ്ങളനുസരിക്കാമെന്നുണ്ടെങ്കിൽ നമുക്കു വിയോജിപ്പു പ്രകടിപ്പിക്കാം. “അങ്ങനെയാണു ജനാധിപത്യം പ്രവർത്തിക്കുന്നത്, അങ്ങനെതന്നെയാണു ഇന്ത്യ എന്നും വർത്തിച്ചിരുന്നതും. ഇന്ന്, ഈ രാഷ്ട്രീയപാർട്ടിയുടെ ഭരണത്തിൽ, അടിസ്ഥാനനിയമങ്ങൾ തള്ളിക്കളയപ്പെട്ടിരിക്കുന്നു. എന്റെ ഓഫീസിനു നേരെയുള്ള ആക്രമണം നമ്മൾ കണ്ടു (തിങ്കൾ), ഇന്നലെ (ചൊവ്വ) സ്വാമി അഗ്നിവേശ് ആക്രമിക്കപ്പെട്ടു.

ഒരഭിപ്രായത്തിനുള്ള മറുപടി വിപരീതമായ ഒരഭിപ്രായമല്ല, മറിച്ച് കായികമായ ബലപ്രയോഗമാണെന്നുള്ളതാണ് രാഷ്ട്രീയത്തിന്റെ വിരൂപമായ വശം, ജനാധിപത്യത്തിനു നേരെയുള്ള പ്രബലമായ ഭീഷണി എന്ന നിലയിൽ ഇത് അംഗീകരിക്കാനാകാത്തതാണ്.

ഈ പ്രശ്നത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നാണ് താങ്കൾ ആവശ്യപ്പെടുന്നത്. അദ്ദേഹമിതിൽ ഇടപെട്ട് സംസാരിക്കുമെന്ന് താങ്കൾ പ്രതീക്ഷിക്കുന്നുണ്ടോ?

പ്രധാനമന്ത്രി ഒരിക്കലും ഇത്തരം സംഭവങ്ങളിൽ ഇടപെട്ട് സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മൗനം ഇത്തരം കുറ്റകൃത്യങ്ങൾക്ക് മാപ്പു കൊടുക്കുന്നതാണ്. ഇത്തരത്തിലുള്ള രീതികളെ അടിയന്തരമായി തള്ളിക്കളഞ്ഞില്ലെങ്കിൽ, ഇവ സ്വീകാര്യമാണെന്ന തോന്നലാണു കുറ്റവാളികളിൽ ഉളവാക്കുകയെന്ന് പ്രധാനമന്ത്രിയും സർക്കാരിന്റെ മറ്റു നേതാക്കളും മനസ്സിലാക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ശിക്ഷാഭീതിയിൽ നിന്നൊഴിവാകാമെന്നു മനസ്സിലാകുമ്പോൾ കുറ്റവാളികൾ അക്രമങ്ങൾ തുടരുകയും ചെയ്യും.

ജനാധിപത്യത്തിന്റെ പ്രധാന ശക്തിയാണ് അഭിപ്രായ സ്വാതന്ത്ര്യം. ഈ ആളുകൾ (ഓഫീസ് തകർത്തവർ) പറഞ്ഞത് എന്റെ മണ്ഡലത്തിലെ, എന്റെ ഓഫീസ് അടപ്പിക്കുകയും ഇവിടുത്തെ ആളുകളെ ഒഴിപ്പിക്കുകയും ചെയ്യുമെന്നാണ്. സത്യത്തിൽ അവർ പറഞ്ഞത് എന്നെ കൊല്ലുമെന്നാണ്, അല്ലെങ്കിൽ ഞാൻ പാക്കിസ്ഥാനിലേയ്ക്ക് പോകണമെന്ന്. നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയം ഈ നിലയിലേയ്ക്കാണോ കൂപ്പുകുത്തുന്നത്?

നേതാക്കന്മാരുടെ മൗനവും രാജ്യത്തുടനീളം നടക്കുന്ന ആൾക്കുട്ട കൊലപാതകങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ?

തന്റെ പ്രധാനമന്ത്രി പദത്തിന്റെ പ്രാരംഭകാലം മുതൽ, പ്രധാനമന്ത്രി, തന്റെ അനുയായികളുടെയും സഹയാത്രികരുടെയും അമിതോത്സുകതയ്ക്കെതിരായി ഉച്ചത്തിൽ പ്രതികരിച്ചിരുന്നെങ്കിൽ, ഇപ്പോൾ മറ്റൊരന്തരീക്ഷം നമുക്കീ രാജ്യത്ത് അനുഭവപ്പെടുമായിരുന്നു. അദ്ദേഹത്തിന്റെ മൗനം, നിർഭാഗ്യവശാൽ, അക്രമങ്ങളെയും കുറ്റവാസനകളെയും ശക്തിപ്പെടുത്തുകയാണു ചെയ്തത്.

താങ്കൾ പ്രശ്നമുന്നയിച്ചപ്പോൾ, സർക്കാർ പ്രതികരിച്ച രീതിയെക്കുറിച്ച് എന്താണു പറയുവാനുള്ളത്?

അദ്ദേഹത്തിന്റെ (പാർലമെന്ററി അഫയേഴ്സ് മന്ത്രി അനന്തകുമാറിന്റെ) നിഷേധം എന്നിൽ നടുക്കമാണുണ്ടാക്കിയത്. ഒന്നാമതായി, ആ കുറ്റത്തിന്റെ രക്ഷകർതൃത്വം അദ്ദേഹത്തിന്റെ പാർട്ടിയുടെ തിരുവനന്തപുരത്തെ യുവജനവിഭാഗം ഏറ്റെടുത്തു കഴിഞ്ഞതാണ്. എന്റെ ഓഫീസ് തല്ലിത്തകർക്കുന്നതിനു സാക്ഷികളാകുവാൻ അവർ മാധ്യമങ്ങളെ ക്ഷണിച്ചിരുന്നു. കേരളത്തിലെ ടിവി ചാനൽ ചർച്ചകളിലെല്ലാം തന്നെ ബിജെപി വക്താക്കൾ അവരുടെ പ്രവൃത്തിയെ പ്രതിരോധിക്കുകയും ചെയ്തിരുന്നു. ഞാൻ ഒരു ഹിന്ദു വിരുദ്ധ പ്രസ്താവം നടത്തിയെന്നാണവർ പറഞ്ഞത്, ഞാനതു ചെയ്തിട്ടില്ല. ഇന്ത്യ പാക്കിസ്ഥാനായി മാറുവാൻ ഞാനാഗ്രഹിക്കുന്നില്ല എന്നു പറയുമ്പോൾ, ഞാൻ ഹിന്ദു വിരുദ്ധനാകുകയല്ല, പാക്കിസ്ഥാൻ വിരുദ്ധനാകുകയാണു ചെയ്യുന്നത്.

എങ്ങനെയാണു മന്ത്രിയ്ക്ക് സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് സഭാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ കഴിയുന്നത്? അതു ചെയ്തത് സിപിഐ (എം) ആണെന്നദ്ദേഹം പറഞ്ഞു, സ്വാഭാവികമായി സിപിഐ (എം) എംപിമാർ അസ്വസ്ഥരായി. പക്ഷേ, ജനാധിപത്യത്തിന്റെ അടിസ്ഥാന തന്ത്രികൾ അപകടത്തിലാണെന്നതാണ് യഥാർത്ഥ പ്രശ്നം.

കോൺഗ്രസ്സ് ഒരു മുസ്‌ലിം പാർട്ടിയാണെന്ന് പറഞ്ഞുവെന്ന കുറ്റം, ബിജെപി അടുത്ത കാലത്ത് രാഹുൽ ഗാന്ധിയിൽ ചുമത്തുകയുണ്ടായി, താങ്കളുടെ പ്രസ്താവവും അവർ അതിനോടു ചേർത്തു. ഇത് തിരഞ്ഞെടുപ്പുകളുടെ മേൽ സ്വാധീനം ചെലുത്താവുന്ന ഒന്നാണെന്ന് ചില വിമർശകർ അഭിപ്രായപ്പെടുന്നുണ്ട്?

വികസനത്തിന്റെ കഥകൾ ഒന്നും പറയുവാനില്ലാത്തതുകൊണ്ട് അവർക്ക് സർക്കാരിന്റെ നേട്ടങ്ങളെ ചൂണ്ടിക്കാണിക്കുവാനാകില്ല. വർഗ്ഗീയ ധ്രുവീകരണവിഷയത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാകും അവർ ആഗ്രഹിക്കുന്നത്. ആരെങ്കിലും എവിടെയെങ്കിലും വച്ച് എന്തെങ്കിലും പറയുന്നതിനെ അവർ തങ്ങളുടെ (ഭരണകക്ഷിയുടെ) അജണ്ടയ്ക്കനുസരിച്ച് വളച്ചൊടിക്കുന്നു. മാധ്യമങ്ങൾ അവരുടെ കൈകളിലെ ഉപകരണങ്ങളാകുന്നത് അപമാനകരമായ കാര്യമാണെന്നു ഞാൻ കരുതുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook