ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) കുഞ്ഞൻ റോക്കറ്റ് എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയം. എസ്എസ്എൽവി-ഡി2 റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നായിരുന്നു വിക്ഷേപണം.
ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-07, യുഎസ് ആസ്ഥാനമായുള്ള അന്റാറിസ് നിർമിച്ച ജാനസ്–1, ഇന്ത്യയിലുടനീളമുള്ള 750 വിദ്യാർഥിനികൾ തയാറാക്കിയ ആസാദിസാറ്റ് 2 എന്നിവയെയാണ് എസ്എസ്എൽവി-ഡി2 ഭൂമിക്ക് ചുറ്റുമുള്ള 450 കിലോമീറ്റർ വരുന്ന ഭ്രമണപഥത്തിലെത്തിച്ചത്.
ഐഎസ്ആർഒയുടെ 2023ലെ ആദ്യ വിക്ഷേപണമാണിത്. ആറര മണിക്കൂർ നീണ്ട കൗണ്ട്ഡൗണിനൊടുവിൽ രാവിലെ 9:18നാണ് 34 മീറ്റർ ഉയരമുള്ള റോക്കറ്റ് കുതിച്ചുയർന്നത്. 15 മിനിറ്റുകൊണ്ട് ദൗത്യം ലക്ഷ്യം കണ്ടു. ഭ്രമണപഥത്തിലെ അപാകതയും റോക്കറ്റിന്റെ ഫ്ലൈറ്റ് പാതയിലെ വ്യതിയാനവും കാരണം എസ്എസ്എൽവിയുടെ കന്നിപ്പറക്കൽ ഭാഗികമായി പരാജയപ്പെട്ട് മാസങ്ങൾക്കു ശേഷമാണ് ഇന്നത്തെ വിക്ഷേപണം.
156.3 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ഇഒഎസ്-07. ഇത് ഐഎസ്ആർഒയാണ് രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും. 8.7 കിലോഗ്രാം ഭാരമുള്ള ആസാദിസാറ്റ്-2 ഉപഗ്രഹങ്ങൾ ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യയിലെമ്പാടുമുള്ള 750 പെൺകുട്ടികളുടെ സംയോജിത ശ്രമമാണ്.
“വൺവെബ് ഇന്ത്യയുടെ 236 ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനുള്ള ജിഎസ്എൽവി മാർക്ക് III ന്റെ അടുത്ത വിക്ഷേപണത്തിനായി തയാറെടുക്കുകയാണ് ഞങ്ങൾ. മാർച്ച് പകുതിയോടെ ജിഎസ്എൽവി മാർക്ക് III വിക്ഷേപണം നടക്കും,” ഐഎസ്ആർഒ മേധാവി എസ്.സോമനാഥ് എസ്എസ്എൽവി-ഡി2 ന്റെ വിക്ഷേപണത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിളിന്റെ ലാൻഡിങ് പ്രദർശനത്തിന് സാമന്തര ലാൻഡിങ് സൈറ്റുകൾക്കായുള്ള തയാറെടുപ്പും നടക്കുന്നുണ്ട്. നിലവിൽ ചിത്രദുർഗയിലെ ലാൻഡിങ് സൈറ്റിലാണ് ടീമുകൾ. കുറച്ച് ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകുമെന്നും ലാൻഡിങ് ഡെമോൺസ്‌ട്രേഷൻ നടത്താൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” സോമനാഥ് പറഞ്ഞു.