ന്യൂഡല്‍ഹി: ചന്ദ്രനിലേക്ക് ആളെ അയയ്ക്കുന്ന ഇന്ത്യന്‍ ദൗത്യമുണ്ടാവുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന്. എന്നാല്‍ അത് ഉടനെയില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
“ചന്ദ്രനിലേക്ക് ആളെ അയയ്ക്കുന്ന തീര്‍ച്ചയായും ഒരു ദിവസം സംഭവിക്കും. എന്നാല്‍ അത് ഉടനെയില്ല,” ശിവന് പറഞ്ഞു. ബഹിരാകാശത്തേക്ക് ആളെ എത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗന്‍യാന്റെ വിക്ഷേപണം 2021 ഡിസംബര്‍ 21ന് നടക്കും. ദൗത്യത്തിനുവേണ്ടി നാല് യാത്രികരെ തിരഞ്ഞെടുത്തതായും കെ. ശിവന് മാധ്യമങ്ങളോട് പറഞ്ഞു.
ISRO Chief K Sivan: The work on Chandrayaan-3 has started and it is going at full speed. //t.co/aDjKT0tylC
— ANI (@ANI) January 22, 2020
ഗഗന്‍യാനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാല് യാത്രികരും വിദഗ്ധ പരിശീലനത്തിനായി ഈ മാസം അവസാനത്തോടെ റഷ്യയിലേക്കു പോകും. ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മ 1984ല്‍ റഷ്യന്‍ പേടകത്തിലാണു യാത്ര തിരിച്ചത്. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ യാത്രികര്‍ ബഹിരാകാശത്തെത്തുക തദ്ദേശീയമായി നിര്‍മിച്ച പേടകത്തിലായിരിക്കും.
ചാന്ദ്രയാന്‍-3 ദൗത്യത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. ഗഗന്യാന്, ചാന്ദ്രയാന്‍-3 ദൗത്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമാന്തരമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള ഐഎസ്ആര്‍ഒയുടെ ചാന്ദ്രയാന്‍-2 ദൗത്യം അവസാനഘട്ടത്തിലെ പിഴവ് കാരണം പരാജയയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണു ചാന്ദ്രയാന്‍-3 ദൗത്യം ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചത്. ചാന്ദ്രയാന്‍-3 വിക്ഷേപണം 2021ലായിരിക്കും നടക്കുക.=
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook