ന്യൂഡല്‍ഹി: ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വികസിപ്പിച്ച പ്രാദേശിക നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റമായ ഇന്ത്യൻ കോൺസ്റ്റലേഷന്റെ (നാവിക്) നാവിഗേഷന്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി ഭാവിയിലെ എല്ലാ ഉപഗ്രഹങ്ങിലും എല്‍1 ഫ്രീക്വന്‍സി ഉപയോഗിക്കും.
“എന്‍വിഎസ്-01 മുതൽ ആരംഭിക്കുന്ന അടുത്ത ഉപഗ്രഹങ്ങളിൽ സിവിലിയൻ നാവിഗേഷൻ ഉപയോഗത്തിനായി എല്‍1 ബാൻഡ് ഉണ്ടായിരിക്കും,” കേന്ദ്ര ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ് ബുധനാഴ്ച പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിൽ (ജിപിഎസ്) ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഫ്രീക്വന്‍സികളില്‍ ഒന്നാണ് എല്‍1 ഫ്രീക്വൻസി. കുറഞ്ഞ പവർ, സിംഗിൾ ഫ്രീക്വൻസി ചിപ്പുകൾ ഉള്‍പ്പെടുത്താവുന്ന ഉപകരണങ്ങളിലും ട്രാക്കറുകളിലും പ്രാദേശിക നാവിഗേഷൻ സിസ്റ്റത്തിന്റെ ഉപയോഗം വർധിപ്പിക്കും. നിലവിൽ, ഉപഗ്രഹങ്ങൾ രണ്ട് ഫ്രീക്വൻസികളിലാണ് പ്രവർത്തിക്കുന്നത്, എല്‍ 5, എസ് ബാൻഡുകള്‍.
എന്‍വിഎസ്-01 ഉപഗ്രഹം, ബഹിരാകാശ വകുപ്പിന്റെ മുൻ വാർഷിക റിപ്പോർട്ടുകൾ പ്രകാരം, നിലവിൽ ബഹിരാകാശത്തുള്ള ഐഎസ്ആർഒയുടെ ഏഴ് നാവിഗേഷൻ ഉപഗ്രഹങ്ങളിൽ ഒന്നിന് പകരം വയ്ക്കാൻ സജ്ജമാണ്. ഇതിൽ രണ്ട് ഉപഗ്രഹങ്ങൾ അവയുടെ 10 വർഷത്തെ ദൗത്യം പൂർത്തിയാക്കും. ഐആര്‍എന്‍എസ്എസ്-1ബി, ഐആര്‍എന്‍എസ്എസ്-1സി എന്നിവയാണത്.
2013 ലും 2014 ലും ആദ്യ മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചെങ്കിലും നാവിക്കിന്റെ ചിപ്‌സെറ്റുകൾ ആദ്യമായി സെൽ ഫോണുകളില്‍ ഉപയോഗിച്ചത് 2019-ലാണ്. 2017-ന് മുന്‍പ് ബഹിരാകാശ ഏജൻസിയുടെ താൽപ്പര്യക്കുറവ് കാരണമാണ് ഇത്രയും വൈകിയത്.
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ 2018-ലെ റിപ്പോർട്ട് സൂചിപ്പിക്കുന്നത് പ്രകാരം, യൂസർ റിസീവറുകൾ വികസിപ്പിക്കുന്നതിന് 2006-ൽ ഐഎസ്ആര്‍ഒയ്ക്ക് 200 കോടി രൂപയുടെ ധനസഹായം കാബിനറ്റിൽ നിന്ന് ലഭിച്ചിരുന്നുവെങ്കിലും, അതിന്റെ പ്രവർത്തനങ്ങൾ 2017 മാർച്ചിൽ മാത്രമാണ് ആരംഭിച്ചത്. ആദ്യത്തെ ഉപഗ്രഹത്തിലെ ആറ്റോമിക് ക്ലോക്കുകൾ (ഐആര്‍എന്‍എസ്എസ്-1എ, ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) പരാജയപ്പെടുകയും മറ്റ് രണ്ട് ഉപഗ്രഹങ്ങൾക്ക് അവയുടെ ദൗത്യത്തിന്റെ രണ്ടോ മൂന്നോ വർഷം നഷ്ടപ്പെടുകയും ചെയ്തു.