ബെംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. വിക്ഷേപണത്തിന് 29 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തുന്നത്. രാവിലെ 9.02 നാണ് ചന്ദ്രയാൻ ചന്ദ്ര ഭ്രമണപഥത്തിൽ തൊട്ടത്. ജൂലൈ 22നാണ് ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്നത്.
Also Read: ഈ ചിത്രങ്ങള്‍ പകര്‍ത്തിയത് ചന്ദ്രയാന്‍-2 ആണോ?; ഉത്തരം ഇതാ
നാലു ഭ്രമണപഥങ്ങൾ കടന്നാണ് ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള അന്തിമ ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കുകയെന്ന് ഐഎസ്ആർഒ പറഞ്ഞു. ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ കൂടിയ ദൂരവുമായ ഭ്രമണപഥത്തിലായിരിക്കും ചന്ദ്രയാൻ രണ്ട് പ്രവേശിക്കുക. ഇനി അഞ്ച് ഘട്ടങ്ങളാണുള്ളത്. ഇതിന് ശേഷമാണ് സോഫ്റ്റ് ലാന്‍ഡിങ്.
സെപ്റ്റംബർ രണ്ടിനായിരിക്കും ഓർബിറ്ററിൽനിന്നും വിക്രം ലാൻഡർ വേർപെടുക. സെപ്റ്റംബർ ഏഴിനായിരിക്കും ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ 2 ചരിത്രപരമായ ലാൻഡിങ് നടത്തുകയെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.
— ISRO (@isro) July 22, 2019
ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് അറിയിക്കുകയാണ് ലക്ഷ്യം. 2008 ലെ ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.