ബെംഗളൂരു: വളര്‍ന്നുവരുന്ന തലമുറയ്ക്കിടയില്‍ ശാസ്ത്രത്തോട് അഭിനിവേശം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ടിവി ചാനല്‍ തുടങ്ങാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആര്‍ഒ). നാലു മാസത്തിനകം ചാനല്‍ തുടങ്ങുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ വ്യക്തമാക്കി.

ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചാനല്‍ ലഭ്യമാക്കുമെന്നും ഇതുവഴി എല്ലാവരിലും ഐഎസ്ആര്‍ഒയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുളള അവബോധം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിക്രംസാരാഭായുടെ നൂറാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ചാണ് ചാനല്‍ ആരംഭിക്കുന്നത്. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ 2019 ഓഗസ്റ്റില്‍ ആരംഭിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി 50 കോടിയോളം രൂപ ചെലവിട്ട് ഐഎസ്ആര്‍ഒ ആറ് ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ വരുന്ന രണ്ടു വര്‍ഷത്തേക്ക് മാസത്തില്‍ രണ്ടുവീതം ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതുവഴി രാജ്യത്തെ സ്വകാര്യ മേഖലയ്ക്കും നേട്ടമുണ്ടാകും. ഐഎസ്ആര്‍ഒ ആസ്ഥാനമായ അന്തരീക്ഷ് ഭവനില്‍ ഡോ.വിക്രം സാരാഭായിയുടെ 99-ാം ജന്മദിനമായ ഇന്നലെ അദ്ദേഹത്തിന്റെ അര്‍ധകായ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായ് 1947ല്‍ അഹമ്മദാബാദില്‍ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയാണു പിന്നീട് ഐഎസ്ആര്‍ഒ ആയി മാറിയത്. അടുത്ത ഓഗസ്റ്റ് 12നു വിക്രം സാരാഭായി ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ