scorecardresearch
Latest News

ബഹിരാകാശത്ത് പണം കൊയ്യാന്‍ ഇന്ത്യ; എസ് എസ് എല്‍ വി ആദ്യ വിക്ഷേപണം ഏഴിന്

500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കു ‘ലോഞ്ച്-ഓണ്‍-ഡിമാന്‍ഡ്’ അടിസ്ഥാനത്തില്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടാണ് എസ് എസ് എല്‍ വിയെ ഐ എസ് ആര്‍ ഒ വികസിപ്പിച്ചെടുത്തത്

SSLV-D1, ISRO, EOS-02
ഫൊട്ടോ: ഐ എസ് ആർ ഒ

ബെംഗളുരു: ഇന്ത്യയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ് എസ് എല്‍ വിയുടെ ആദ്യ ദൗത്യം ഏഴിന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നു രാവിലെ 9.18നാണു എസ് എസ് എല്‍ വി-ഡി1 റോക്കറ്റ് കുതിച്ചുയരുക.

എസ് എസ് എല്‍ വി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍, വാണിജ്യ ദൗത്യങ്ങളില്‍ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ഐ എസ് ആര്‍ ഒ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ്- 02, വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്ത ആസാദിസാറ്റിനെയുമാണു പ്രഥമ വിക്ഷേപണത്തില്‍ എസ് എസ് എല്‍ വി ഭ്രമണപഥത്തിലെത്തുക.

500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കു ലോഞ്ച്-ഓണ്‍-ഡിമാന്‍ഡ്’ അടിസ്ഥാനത്തില്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടാണ് എസ് എസ് എല്‍ വിയെ ഐ എസ് ആര്‍ ഒ വികസിപ്പിച്ചെടുത്തത്. മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ (10 മുതല്‍ 500 കിലോഗ്രാം വരെ ഭാരമുള്ളവയെ) 500 കിലോമീറ്റര്‍ പ്ലാനര്‍ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാന്‍ എസ്എസ്എല്‍വിക്കു കഴിയും.

ബഹിരാകാശരംഗത്തെ മറ്റു വമ്പന്‍ രാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ വിക്ഷേപണം സാധ്യമാക്കുന്നതിനാല്‍ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി എസ് എസ് എല്‍ വിയെ തേടി ധാരാളം ആവശ്യക്കാരെത്തുമെന്നാണ് ഐ എസ് ആര്‍ ഒയുടെ പ്രതീക്ഷ. ഒരേസമയം ഒന്നിലധികം ചെറു ഉപഗ്രഹങ്ങളെ വഹിക്കാന്‍ കഴിയും. 34 മീറ്ററാണ് എസ് എസ് എല്‍ വിയുടെ ഉയരമുള്ള റോക്കറ്റ് ഒരാഴ്ചകൊണ്ട് വിക്ഷേപണത്തിനു സജ്ജമാക്കാനാവും.

135 കിലോഗ്രാം ഭാരമുള്ള ഇ ഒ എസ്-02നെ എന്ന ഉപഗ്രഹത്തെ ഭൂമധ്യരേഖയില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് എസ് എസ് എല്‍ വി എത്തിക്കുക. ഐ എസ് ആര്‍ ഒ തന്നെയാണ് ഇ ഒ എസ്-02 രൂപകല്‍പ്പന ചെയ്തത്. മൈക്രോസാറ്റ് ശ്രേണിയില്‍പെട്ട ഈ ഉപഗ്രഹം ഉയര്‍ന്ന സ്‌പേഷല്‍ റെസല്യൂഷനോടുകൂടിയ ഇന്‍ഫ്രാ-റെഡ് ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വിപുലമായ ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് വാഗ്ദാനം ചെയ്യുന്നു. കൃഷി, വനം, ജിയോളജി, ഹൈഡ്രോളജി മേഖലകളില്‍ വിവിധ ഉപയോഗങ്ങള്‍ക്കുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതാണ് ഇ ഒ എസ്-02.

വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത ആസാദിസാറ്റ് ഉപഗ്രഹത്തിന് എട്ടു കിലോയോളമാണു ഭാരം. 50 ഗ്രാം വീതമുള്ള് 75 വ്യത്യസ്ത പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. പേലോഡുകള്‍ നിര്‍മിക്കാന്‍ രാജ്യത്തുടനീളമുള്ള ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് ഐ എസ് ആര്‍ ഒ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരുന്നു. ‘സ്പേസ് കിഡ്സ് ഇന്ത്യയുടെ’ വിദ്യാര്‍ത്ഥി ടീമാണ് പേലോഡുകള്‍ സംയോജിപ്പിച്ചത്.

അമേച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്കു വോയ്സ്, ഡേറ്റ ട്രാന്‍സ്മിഷന്‍ സാധ്യമാക്കാന്‍ ഹാം റേഡിയോ ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന യു എച്ച് എഫ്-വി എച്ച് എഫ് ട്രാന്‍സ്പോണ്ടര്‍, ഭ്രമണപഥത്തിലെ അയോണൈസിങ് റേഡിയേഷന്‍ അളക്കുന്നതിനുള്ള സോളിഡ് സ്റ്റേറ്റ് പിന്‍ ഡയോഡ് അടിസ്ഥാനമാക്കിയുള്ള റേഡിയേഷന്‍ കൗണ്ടര്‍, ഒരു ദീര്‍ഘദൂര ട്രാന്‍സ്പോണ്ടര്‍, സെല്‍ഫി കാമറ എന്നിവ പേലോഡുകളില്‍ ഉള്‍പ്പെടുന്നു. ‘സ്പേസ് കിഡ്സ് ഇന്ത്യ’ വികസിപ്പിച്ച ഗ്രൗണ്ട് സംവിധാനം ഉപയോഗിച്ചാണ് ഉപഗ്രഹത്തില്‍നിന്നുള്ള ഡേറ്റ സ്വീകരിക്കുക.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Isro to launch sslv d1 on august 7