ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു.25.5 മണിക്കൂർ നീളുന്ന കൗണ്ട് ഡൗൺ ഞായറാഴ്ച പുലർച്ചെയാണ് ആരംഭിച്ചത്.
ഇന്ത്യയുടെ വർക്ക്ഹോഴ്സ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി)-സി 52 ഫെബ്രുവരി 14 തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് പുറപ്പെടും.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയാണ് പിഎസ്എല്‍വി-സി52 റോക്കറ്റിന്റെ പ്രധാന ദൗത്യം. 1710 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-04 ഉപഗ്രഹം 529 കിലോമീറ്റര്‍ ഉയരത്തിലുള്ള സൗരസ്ഥിര ഭ്രമണപഥത്തിലേക്കാണ് റോക്കറ്റ് എത്തിക്കുക.
മറ്റു രണ്ട് ഉപഗ്രഹങ്ങളെക്കൂടി പിഎസ്എല്‍വി-സി52 വഹിക്കും. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ്ടി) വിദ്യാര്‍ഥികള്‍ കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്മോസ്ഫെറിക് ആന്‍ഡ് സ്പേസ് ഫിസിക്സുമായി സഹകരിച്ച് നിര്‍മിച്ച ഇന്‍സ്പയര്‍ സാറ്റ്-1, ഇന്ത്യ-ഭൂട്ടാന് സംയുക്ത ഉപഗ്രഹമായ ഐഎന്‍എസ്-2ബിയുടെ മുന്‍ഗാമിയായ ഐഎസ്ആര്‍ഒയുടെ സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹമായ ഐഎന്‍എസ്-2ടിഡി എന്നിവയാണ് അവ.
കോവിഡ് വ്യാപനം കാരണം പിഎസ്എൽവി-സി52/ഇഒഎസ്-04 ദൗത്യം രണ്ടുതവണ മാറ്റിവച്ചിരുന്നു. 2021 ന്റെ മൂന്നാം പാദത്തിൽ ആദ്യം ആസൂത്രണം ചെയ്തിരുന്ന വിക്ഷേപണം നാലാം പാദത്തിലേക്കും ഒടുവിൽ 2022 ന്റെ തുടക്കത്തിലേക്കും മാറ്റുകയായിരുന്നു
പുതുതായി നിയമിതനായ ഐഎസ്ആർഒ മേധാവി എസ് സോമനാഥിന്റെ ആദ്യദൗത്യം കൂടിയാണിത്. കഴിഞ്ഞ മാസമാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ തലവനായി അദ്ദേഹം ചുമതലയേറ്റത്.