/indian-express-malayalam/media/media_files/uploads/2022/01/K-Shivan.jpg)
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ ഭാഗമായ ആദ്യ ആളില്ലാ പരീക്ഷണം ഈ വര്‍ഷം സ്വാതന്ത്ര്യ ദിനത്തിനു മുന്‍പ് നടക്കും. ചന്ദ്രയാന്‍ -3 അടുത്ത വര്‍ഷം പകുതിയോടെ വിക്ഷേപിക്കാനും ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നതായി ചെയര്‍പേഴ്സണ്‍ ഡോ.കെ.ശിവന്‍ പറഞ്ഞു.
ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി രണ്ട് ആളില്ലാ പരീക്ഷണമാണ് ഐഎസ്ആര്‍ഒ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് സ്വാതന്ത്ര്യദിനത്തിനു മുന്‍പ് നടക്കുക.
''ഈ വര്‍ഷത്തെ അടിയന്തിര കര്‍ത്തവ്യം പരിശോധിക്കുമ്പോള്‍ നമുക്ക് നിരവധി ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. പിഎസ്എല്‍വിയുടെ ഭാഗമായി വിക്ഷേപിക്കുന്ന ഇഒഎസ്-04, ഇഒഎസ്-06 ഉപഗ്രഹങ്ങള്‍ ഇവയില്‍ ചിലതാണ്. എസ്എസ്എല്‍വിയുടെ കന്നി കുതിപ്പില്‍ ഇഒഎസ്-02 ഉപഗ്രഹത്തിന്റെ വിക്ഷേപണമാണ് മറ്റൊന്ന്. ഗഗന്‍യാനിന്റെ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ നിരവധി പരീക്ഷണ വിക്ഷേപണവും ഗഗന്‍യാനിന്റെ ആദ്യത്തെ ആളില്ലാ ദൗത്യത്തിന്റെ വിക്ഷേപണവുമുണ്ട്. കൂടാതെ, ചന്ദ്രയാന്‍-03, ആദിത്യ എല്‍1, എക്‌സ്‌പോസാറ്റ്, ഐആര്‍എന്‍എസ്എസ്, തദ്ദേശീയമായി വികസിപ്പിച്ച നൂതന സാങ്കേതികവിദ്യ തെളിയിക്കുന്ന ദൗത്യങ്ങള്‍ എന്നിവയുമുണ്ട്,''ശിവന്‍ പറഞ്ഞു. ഐഎസ്ആര്‍യുടെ ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ച് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
''ബഹിരാകാശ ദൗത്യത്തിന്റെ ആദ്യത്തെ ആളില്ലാ പരീക്ഷണം രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തിനു മുമ്പ് ആരംഭിക്കാന്‍ നിര്‍ദേശമുണ്ട്. ബന്ധപ്പെട്ട എല്ലാവരും ഈ സമയക്രമം പാലിക്കാന്‍ പരമാവധി ശ്രമിക്കുന്നു. ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,'' ശിവന്‍ കത്തില്‍ പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റു ദൗത്യങ്ങളുടെ പുതിയ വിവരങ്ങളും അദ്ദേഹം പങ്കുവച്ചു. ''ചന്ദ്രയാന്‍-3 രൂപകല്പനയില്‍ വരുത്തിയ മാറ്റങ്ങളും പരീക്ഷണങ്ങളും വന്‍ പുരോഗതി കൈവരിച്ചു. അടുത്ത വര്‍ഷം പകുതിയോടെ ദൗത്യം വിക്ഷേപിക്കാനാകും,'' അദ്ദേഹം പറഞ്ഞു.
മൂന്ന് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ഇഒഎസ്-02, ഇഒഎസ്-04, ഇഒഎസ്-06 എന്നിവയുടെ വിക്ഷേപണം മാസങ്ങളായി വൈകുകയാണ്. കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് വിക്ഷേപണ ഷെഡ്യൂളില്‍ മാറ്റം വരുത്തിയതോടെ എല്ലാ ശാസ്ത്രസംബന്ധിയായ ദൗത്യങ്ങളും മാറ്റിവയ്ക്കപ്പെടുകയായിരുന്നു. കഴിഞ്ഞവര്‍ഷം വിക്ഷേപിക്കാനിരുന്ന രാജ്യത്തിന്റെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ-എല്‍ 1 ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
''ആസന്നമായ അടുത്ത കോവിഡ് തരംഗത്തിലേക്കാണ് എല്ലാ സൂചകങ്ങളും വിരല്‍ ചൂണ്ടുന്നത്. നടന്നുകൊണ്ടിരിക്കുന്ന കര്‍മപരിപാടികളും പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നതിനു നാമെല്ലാവരും വ്യക്തിതലത്തിലും സ്ഥാപനതലത്തിലും സ്വയം തയാറാകുകയും പ്രതിരോധിക്കുകയും വേണം,'' ശിവന്‍ സന്ദേശത്തില്‍ പറഞ്ഞു.
,
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us