ശ്രീഹരിക്കോട്ട: ഐആര്‍എന്‍എസ്എസ് ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ‘നാവിക്’ പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഐആര്‍എന്‍എസ്എസ് ഒന്ന്-ഐ. പുലര്‍ച്ചെ 4.04-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.

ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐആര്‍എന്‍എസ്എസ് ഒന്ന്-എച്ച് പരാജയമായിരുന്നു. ഇതിന് പകരമാണ് ഐആര്‍എന്‍എസ്എസ് ഒന്ന്-ഐ. വിക്ഷേപിച്ചത്. പിഎസ്എല്‍വി എക്‌സ്.എല്‍. റോക്കറ്റ് ഉപയോഗിച്ചായിരുന്നു 1,425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണം.

കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രയ്ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഗതിനിര്‍ണയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും യൂറോപ്പിനും ജപ്പാനുമാണ് ഈ ഉപഗ്രഹ സംവിധാനമുള്ളത്. നാവിക് പരമ്പരയിലൂടെ ഇന്ത്യയ്ക്കും സ്വന്തം ഗതിനിര്‍ണയ സംവിധാനം യാഥാര്‍ഥ്യമാക്കാനാണ് ശ്രമം.

36 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം. 19 മിനിറ്റ് 20 സെക്കന്റുകള്‍ക്കുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. പിഎസ്എല്‍വി ഉപയോഗിച്ച് നടത്തുന്ന 43-ാമത് വിക്ഷേപണമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook