ബെംഗളൂരു: ഇന്ത്യയുടെ നൂതന ഭൗമനിരീക്ഷണ ഉപഗ്രഹം കാർട്ടോസാറ്റ്-3 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിൽനിന്നായിരുന്നു വിക്ഷേപണം. പിഎസ്എൽവി സി 47 ആയിരുന്നു വിക്ഷേപണ വാഹനം. കാര്‍ട്ടോസാറ്റ്-3ന് 1625 കിലോഗ്രാം ആണ് ഭാരം.

കാർട്ടോസാറ്റിന് പുറമേ അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും ഇന്ന്  ഐഎസ്ആർഒ വിക്ഷേപിച്ചു. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളാണ് റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചത്.

വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ രാവിലെ 7:28ന് തന്നെ ആരംഭിച്ചു. ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ 49ാം വിക്ഷേപണമാണ് ഇത്.

വിദൂരസംവേദന ഉപഗ്രഹമാണ് കാർട്ടോസാറ്റ്-3. അഞ്ച് വർഷമാണ് ഇതിന്റെ കാലാവധി. നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട വിവരശേഖരണമാണ് ഉപഗ്രഹത്തിന്റെ ദൗത്യങ്ങള്‍. കാർട്ടോസാറ്റ് ശ്രേണിയിലെ ഒമ്പതാം ഉപഗ്രഹമാണിത്.

509 കിലോമീറ്റര്‍ ഉയരെനിന്ന് 97.5 ഡിഗ്രി ചരിവില്‍ ഭൂസ്ഥിര ഭ്രമണകേന്ദ്രത്തില്‍ ഭൂമിയെ വലംവയ്ക്കുന്ന ഉപഗ്രഹത്തില്‍ അത്യാധുനിക ക്യാമറാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതുവഴി ഹൈ റസല്യൂഷനിലുള്ള ചിത്രങ്ങളെടുക്കാൻ സാധിക്കും.

ഐഎസ്ആർഒയുടെ പുതിയ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റ‍‍ഡ് വഴി എത്തുന്ന ആദ്യ വിക്ഷേപണ കരാർ പ്രകാരമാണ് അമേരിക്കയിലെ സ്വകാര്യ കമ്പനികളുടെ 13 നാനോ സാറ്റലൈറ്റുകൾ ഭ്രമണപഥത്തിൽ എത്തിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook