ന്യൂഡല്‍ഹി: ഐ എസ് ആര്‍ ഒയുടെ ഏറ്റവും ഭാരമുള്ള റോക്കറ്റായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 (എല്‍ വി എം3) യുടെ എന്‍ജിന്റെ നിര്‍ണായക പരീക്ഷണം വിജയം. സി ഇ-20 എന്‍ജിന്റെ ഫ്ളൈറ്റ് ആസപ്റ്റൻസ് ടെസ്റ്റാണു വിജയകരമായത്. തമിഴ്നാട് മഹേന്ദ്രഗിരിയിലുള്ള ഐ എസ് ആര്‍ ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിന്റെ (ഐപിആര്‍സി) ഹൈ ആള്‍ട്ടിറ്റിയൂഡ് ടെസ്റ്റ് ഫെസിലിറ്റിയിലായിരുന്നു 25 സെക്കന്‍ഡ് നീണ്ടുനിന്ന പരീക്ഷണം.
ലണ്ടന്‍ ആസ്ഥാനമായുള്ള സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് കമ്പനിയായ വണ്‍വെബിന്റെ 36 ഉപഗ്രഹങ്ങള്‍ കൂടി ജനുവരി അല്ലെങ്കില്‍ ഫെബ്രുവരിയിലായി എല്‍വിഎം3-എം3 ദൗത്യത്തില്‍ ഐ എസ് ആര്‍ ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍ എസ് ഐ എല്‍) വിക്ഷേപിക്കുന്നുണ്ട്. ഈ ദൗത്യത്തിനുള്ള എല്‍ വി എം3 റോക്കറ്റിലാണു സി ഇ-20 എന്‍ജിന്‍ ഉപയോഗിക്കുക.
വണ്‍വെബിന്റെ 36 ഉപഗ്രഹങ്ങളുടെ ആദ്യ സെറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് ഒക്ടോബര്‍ 23 ന് എന്‍ എസ് ഐ എല്‍ വിക്ഷേപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ജിന്റെ നിര്‍ണായക പരീക്ഷണം നടത്തിയത്.
എല്‍ ഒ എക്‌സ-എല്‍ എച്ച്2 പ്രൊപ്പല്ലന്റ് കോമ്പിനേഷനില്‍ പ്രവര്‍ത്തിക്കുന്ന സി ഇ-20 എന്‍ജിനാണു എല്‍ വി എം3 റോക്കറ്റിന്റെ ഉയര്‍ന്ന ക്രയോജനിക് ഘട്ട(C25 ഘട്ടം) ത്തിനു ശക്തി പകരുന്നത്. ഈ എന്‍ജിന്‍ ശൂന്യതയില്‍ 186.36 കിലോന്യൂട്ടണ്‍സണ് സാധാരണ ത്രസ്റ്റ് വികസിപ്പിക്കുന്നതായി ഐ എസ് ആര്‍ ഒ ഇന്ന് പ്രസ്താവനയില്‍ അറിയിച്ചു.
ഹാര്‍ഡ്‌വെയറിന്റെ സംയോജനം സ്ഥിരീകരിക്കുക, സബ്‌സിസ്റ്റങ്ങളുടെ പ്രകടനത്തിന്റെ വിലയിരുത്തല്‍, ഫ്‌ളൈറ്റ് ഓപ്പറേഷനായി എന്‍ജിന്‍ ട്യൂണിംഗിനുള്ള മിഷന്‍ ആവശ്യകതകളുടെ പാരാമീറ്ററുകള്‍ നിറവേറ്റുന്നതിനായി എന്‍ജിന്‍ ട്യൂണ്‍ ചെയ്യുക എന്നിവയായിരുന്നു പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്നു പ്രസ്താവനയില്‍ പറയുന്നു.
പരീക്ഷണ ഡേറ്റയുടെ വിശകലനം എന്‍ജിന്‍ സംവിധാനങ്ങളുടെ തൃപ്തികരമായ പ്രകടനം സ്ഥിരീകരിച്ചതായും ഈ എഞ്ചിന്‍ എല്‍ വി എം 3-എം3 റോക്കറ്റിനായി സംയോജിപ്പിച്ചിരിക്കുന്ന സി25 ഫ്‌ളൈറ്റ് ഘട്ടത്തിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്നും ഐ എസ് ആര്‍ ഒ അറിയിച്ചു.
ഐ എസ് ആര്‍ ഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ എല്‍ വി എം3 ഭൂസ്ഥിര സ്ഥാനമാറ്റ ഭ്രമണപഥത്തിലേക്കു നാല് ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ പര്യാപ്തമാണ്. രണ്ട് സോളിഡ് മോട്ടോര്‍ സ്ട്രാപ്പ്-ഓണുകളും ഒരോ ലിക്വിഡ് പ്രൊപ്പല്ലന്റ് കോര്‍ സ്റ്റേജും ക്രയോജനിക് സ്റ്റേജുമുള്ളതാണു മൂന്നു ഘട്ടമായി പ്രവര്‍ത്തിക്കുന്ന വിക്ഷേപണ വാഹനമായ എല്‍ വി എം3.