ഐ എസ് ആർ ഒ ചാരക്കേസ് അന്വേഷണത്തിൽ കേരളാ പൊലീസിനും ഐ ബിക്കും തെറ്റ് പറ്റിയിട്ടുണ്ടെന്നും പ്രതികൾക്കെതിരെ മൂന്നാം മുറ പ്രയോഗിച്ചത് അതിലൊന്നാണെന്നും സി ബി ഐ മുൻ ഐജി ഡോ. പി എം നായർ പറഞ്ഞു. ബൊഫോഴ്സ് ഇടപാടിൽ കോഴയും അഴിമതിയും നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ എസ് ആർ ഒ ചാരക്കേസ് അന്വേഷിച്ച സി ബി ഐ സംഘത്തിൽ അംഗമായിരുന്നു പി എം. നായർ. രാജീവ് ഗാന്ധി വധക്കേസ്, പുരുലിയ ആയുധ നിക്ഷേപകേസ്, ബൊഫേഴ്സ് കേസ് എന്നിവ അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് പി എം നായർ.

“കേരളാ പൊലീസിലും ഐബിയിലും സാമർത്ഥ്യമുളളവരുണ്ട്. എന്നാൽ ഐ എസ് ആർ ഒ ചാരക്കേസ് അന്വേഷിക്കുന്നതിൽ കേരളപൊലീസിനും ഐ ബിക്കും തെറ്റുപറ്റി. നമ്പിനാരായണനെ ഫൗസിയ ഹസ്സനോ മറിയം റഷീദയോ നേരത്തെ കണ്ടിട്ടുണ്ടായിരുന്നില്ല. ശശികുമാരനെ ഫൗസിയ കണ്ടിട്ടില്ല. എന്നാൽ മറിയം റഷീദ ശശികുമാരനെ കണ്ടിട്ടുണ്ട് എന്നും സി ബി ഐയ്ക്ക് മനസ്സിലായി.” ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്  പി എം നായർ ഇക്കാര്യം പറഞ്ഞത്.

സി ബി ഐ അന്വേഷിച്ച് നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചതാണ്. അന്ന് സി ബി ഐ അന്വേഷിച്ചത് ചാരക്കേസ് നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമായിരുന്നു. അതിനിടിയിൽ രാജ്യാന്തര ഗൂഢാലോചനയുടെ സൂചനയൊന്നും കണ്ടില്ല. ഇനി അങ്ങനെ ഒന്ന് ഉണ്ടെന്ന് സൂചന കിട്ടിയാൽ അത് അന്വേഷിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ബൊഫോഴ്സിൽ കോഴ ഇടപാട് നടന്നു . അത് വ്യക്തിക്കും പാർട്ടിക്കും പോയിട്ടുണ്ട്. അതിനുളള സാഹചര്യ തെളിവുകൾ അന്വേഷണ ഡോക്യുമെന്രിൽ ഉണ്ട്. വ്യക്തികളെ പറ്റി കുറ്റം പറയുന്നില്ല. ബൊഫേഴ്സിൽ നിന്നും സ്വകാര്യ കമ്പനിക്ക് കൊടുത്തായും അവിടെ നിന്നും സ്വകാര്യ വ്യക്തികൾക്കും വ്യക്തികളിൽ നിന്നും ഏജൻസികൾക്ക് പോയതായും തെളിവുണ്ട്. കേസ് ഡയറിയിൽ ആവശ്യമായ എല്ലാ തെളിവുമുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ അവകാശപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ