ഹൈദരാബാദ്: ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മലയാളി ശാസ്ത്രജ്ഞനായ എസ്.സുരേഷിനെയാണു തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞനായ സുരേഷ് ചൊവ്വാഴ്ച ഓഫീസിലെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്.
അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നു സുരേഷ് താമസിച്ചിരുന്നത്. തലയ്ക്കു പരുക്കേറ്റിട്ടുണ്ടെന്നും ഇരുമ്പുദണ്ഡ് പോലുള്ള വസ്തുകൊണ്ടാണ് അടിച്ചതെന്നും പൊലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ബാങ്ക് ഉദ്യോഗസ്ഥയായ ഇന്ദിരയാണു ഭാര്യ. ഇന്ദിര ഈയിടെ സ്ഥലം മാറ്റത്തെത്തുടർന്ന് ചെന്നൈയിലേക്കു താമസം മാറ്റിയിരുന്നു. രാവിലെ മുതല്‍ സുരേഷിനെ ഫോണില്‍ കിട്ടാതെ വന്നതോടെ ഇന്ദിര സഹപ്രവര്‍ത്തകരെ ബന്ധപ്പെടുകയായിരുന്നു. അവരും സുരേഷുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണു പൊലീസില്‍ വിവരം അറിയിക്കുന്നത്.
രണ്ടു മക്കളാണ് സുരേഷ്- ഇന്ദിര ദമ്പതികൾക്ക്. മകന് യുഎസിലും മകള്‍ ന്യൂഡല്‍ഹിയിലും കഴിയുന്നു.