ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച നൂറാമത് ഉപഗ്രഹവുമായി പിഎസ്എല്‍വി സി – 40 ബഹിരാകാശത്തേയ്ക്ക് കുതിച്ചു. ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ് – 2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് കുതിപ്പ്. വിദേശരാജ്യങ്ങളുടേതുള്പ്പടെയുള്ള ഉപഗ്രഹങ്ങള്‍ പേടകത്തിലുണ്ട്. ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി കെ ശിവന് സ്ഥാനമേല്‍ക്കുന്ന ദിവസം തന്നെയാണ് ഈ ചരിത്രവിക്ഷേപണം നടന്നിരിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റില്‍ ഗതിനിര്‍ണയത്തിനുള്ള നാവിക് ശൃംഖലയിലേക്കുള്ള ഐ.ആര്.എന്‍.എസ്.എസ്.എസ് 1 എച്ച് ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പി.എസ്.എല്‍.വിയുടെ ഈ വിക്ഷേപണത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നായിരുന്നു തീരുമാനം. അങ്ങനെയാണ് ഡിസംബറില്‍ നടത്താനിരുന്ന വിക്ഷേപണം പലതവണ മാറ്റിവച്ചത്. ചെറിയ സംഗതികള്‍ പോലും അതിസൂക്ഷ്മമായി വിലയിരുത്തിയാണ് ഇന്നത്തെ ദൗത്യത്തിന് ഒരുങ്ങിയത്.
മിഷന് റെഡിനസ് റിവ്യൂ കമ്മിറ്റി, ലോഞ്ചിംഗ് ഓതറൈസേഷന്‍ ബോര്‍ഡ് എന്നിവയുടെ ഫുള്‍ കോറം ചേര്‍ന്നാണ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്. ഇന്ന് രാവിലെ 9.28 നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ബഹിരാകാശമാലിന്യം വന്നിടിക്കാനുള്ള നേരിയ സാദ്ധ്യതകൂടി കണക്കിലെടുത്താണ് ഒരു മിനിട്ട് നീട്ടി 9.29 ആക്കിയത്. റോക്കറ്റില്‍ ഉപഗ്രഹം ഘടിപ്പിച്ചിരുന്ന നാലാം ഘട്ടത്തിന്റെ താപകവചം വിടരാതിരുന്നത് മൂലമാണ് കഴിഞ്ഞ തവണ വിക്ഷേപണം പരാജയപ്പെട്ടത്.
വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ഇന്നലെ പുലര്‍ച്ചെ 5.29നാണ് ആരംഭിച്ചത്. ഇന്ത്യയുടെ കൂടാതെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന് എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വിസി40 വിക്ഷേപിച്ചത്. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.