ഹൈദരാബാദ്: ഇന്ത്യയുടെ കാർട്ടോസാറ്റ് ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹം ഉൾപ്പെടെ 31 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ പിഎസ്എല്‍വി സി38 ഉപയോഗിച്ചു നടത്തിയ വിക്ഷേപണം വിജയകരം. രാവിലെ 9.39ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണ് വിക്ഷേപണം നടത്തിയത്. നിശ്ചിത സമയത്തിനുളളിൽ തന്നെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞതായി ഐഎസ്ആർഒ അറിയിച്ചു.

ദുരന്ത നിവാരണം, കാലവസ്ഥാ പ്രവചനം എന്നീ മേഖലകൾക്ക് കാര്‍ട്ടോസാറ്റ് രണ്ടിന്‍റെ വിജയകരമായ വിക്ഷേപണം പ്രയോജനം ചെയ്യും. പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ സഹായത്തോടെയായിരുന്നു. 712 കിലോഗ്രാം ഭാരം വരുന്ന കാര്‍ട്ടോസാറ്റ് രണ്ടിനെ കൂടാതെ 29 വിദേശ ഉപഗ്രഹങ്ങളും ഒരു നാനോ ഉപഗ്രഹവും പിഎസ്എല്‍വി സി 38 ബഹിരാകാശത്ത് എത്തിക്കും. യുഎസ്, യുകെ, ഓസ്ട്രിയ, ബെൽജിയം, ചിലെ, ചെക് റിപ്പബ്ലിക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ലാത്‌വിയ, ലിത്വാനിയ, സ്ലോവാക്യ തുടങ്ങി 14 രാജ്യങ്ങളുടെ 29 ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിക്കുക.

പിഎസ്എല്‍വിയുടെ നാല്‍പ്പതാം ദൗത്യമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നുള്ള അറുപതാം ദൗത്യമാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ