ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ അഞ്ചാമത്തെ വിക്ഷേപണ ദൗത്യമായ പിഎസ്എല്‍വി- സി 54 വിജയകരമായി വിക്ഷേപിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ്-06നെയും എട്ട് നാനോ ഉപഗ്രഹങ്ങളെയും റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു.
ശ്രീഹരിക്കോട്ട് സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 11:56നാണു റോക്കറ്റ് കുതിച്ചുയർന്നത്. പിഎസ്എല്‍വിയുടെ അന്‍പത്തി ആറാമത്തെയും പി എസ് എല്‍ വി-എക്‌സ് എല്‍ പതിപ്പിന്റെ ഇരുപത്തി നാലാമത്തെയും വിക്ഷേപണമാണിത്. ഈ വര്‍ഷത്തെ മൂന്നാമത്തെയും.
1117 കിലോ വരുന്ന ഇ ഒ എസ്-06 നു പുറമെ ഐ എന്‍ എസ്-2ബി (18.28 കിലോ), ആനന്ദ് (16.51 കിലോ), തൈബോള്‍ട്ട് (രണ്ടെണ്ണം-1.45 കിലോ) എന്നീ ഇന്ത്യന്‍ ഉപഗ്രഹങ്ങളും അമേരിക്കന്‍ ഏജന്‍സിയായ സ്‌പേസ് ഫ്‌ളൈറ്റിന്റെ ആസ്‌ട്രോകാസ്റ്റ് (നാലെണ്ണം-17.92) എന്നീ കുഞ്ഞന്‍ ഉപഗ്രഹങ്ങളെയാണു റോക്കറ്റ് വഹിച്ചത്.
ഓഷ്യന്‍ സാറ്റ് പരമ്പരയിലെ മൂന്നാമത്തെ ഉപഗ്രഹമാണ് ഇ ഒ എസ്-06. ഓഷ്യന്‍സാറ്റ്-2 പേടകം നല്‍കിയ സേവനത്തിന്റെ തുടര്‍ച്ച ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇ ഒ എസ്-06 വിക്ഷേപിക്കുന്നത്. ഓഷ്യന്‍ കളര്‍ മോണിറ്റര്‍ (ഒ സി എം-3), സമുദ്രോപരിതല താപനില നിരീക്ഷിക്കുന്നതിനുള്ള എസ് എസ് ടി എം, കടലിന് മുകളിലുള്ള കാറ്റിന്റെ ദിശകള്‍ പഠിക്കാനുള്ള കെയു-ബാന്‍ഡ് സ്‌കാറ്ററോമീറ്റര്‍ (എസ് സി എ ടി-3), ഫ്രാന്‍സില്‍നിന്നുള്ള ആര്‍ഗോസ് എന്നിവയാണ് ഇതിലെ പേലോഡുകള്‍.
ഒപ്റ്റിക്കല്‍ ഇമേജിങ്ങിനും റേഡിയോ സംവിധാനങ്ങള്‍ക്കുമായി ഇന്ത്യയും ഭൂട്ടാനും സംയുക്തമായി വികസിപ്പിച്ചെടുത്ത നാനോ സാറ്റലൈറ്റാണ് ഐ എന്‍ എസ്-2ബി. മികച്ച ഇമേജിങിനായി ഉപഗ്രഹങ്ങളുടെ ഒരു കൂട്ടം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന പിക്‌സലില്‍നിന്നുള്ളതാണ് ആനന്ദ് എന്ന ഹൈപ്പര്‍സ്‌പെക്ട്രല്‍ ഭൗമനിരീക്ഷണ ഉപഗ്രഹം. കമ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളാണു തൈബോള്‍ട്ട് എന്ന പേരിലുള്ള ധ്രുവസ്‌പേസിന്റെ രണ്ടെണ്ണവും. ഈ മൂന്നും ഉള്‍പ്പെടെ ഏഴെണ്ണവും ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ ഉപഗ്രഹങ്ങളാണ്.
ഇ ഒ എസ്-06 ഒന്നാം ഭ്രമണപഥത്തിലാണു റോക്കറ്റ് എത്തിച്ചത്. റോക്കറ്റിന്റെ പ്രൊപ്പല്‍ഷന്‍ ബേ റിങ്ങില്‍ സ്ഥിതി ചെയ്യുന്ന രണ്ട് ഓര്‍ബിറ്റ് ചെയ്ഞ്ച് ത്രസ്റ്ററുകള്‍ (ഒ സി ടി) ജ്വലിപ്പിച്ചാണു ഭ്രമണപഥം മാറ്റുന്നത്. ഇ ഒ എസ്-06 നെ ഉയരത്തിലുള്ള ഒന്നാം ഭ്രമണപഥത്തിലെത്തിച്ചശേഷം റോക്കറ്റിനെ താഴ്ത്തി രണ്ടാം ഭ്രമണപഥത്തിലെത്തിച്ചാണു മറ്റ് എട്ട് ഉപഗ്രഹങ്ങളെ വേർപെടുത്തിയത്.
44.4 മീറ്റര്‍ ഉയരമുള്ള 321 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പി എസ് എല്‍ വി- സി 54 എക്‌സ് എല്‍ കോണ്‍ഫിഗറേഷനിലാണു കുതിക്കുക. ഭാരമേറിയ പേലോഡ് വഹിക്കുന്നതിനായി ആദ്യ ഘട്ടത്തില്‍ തന്നെ നാല് ബൂസ്റ്ററുകളാണു പ്രവര്‍ത്തിക്കുക.
ഐ എസ് ആര്‍ ഒയെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വര്‍ഷമാണിത്. പി എസ് എല്‍ വി- സി52 ആയിരുന്നു ആദ്യ ദൗത്യം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04, തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ്ടി) വിദ്യാര്‍ഥികള്‍ കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്‌മോസ്ഫെറിക് ആന്‍ഡ് സ്‌പേസ് ഫിസിക്‌സുമായി സഹകരിച്ച് നിര്‍മിച്ച ഇന്‍സ്പയര്‍ സാറ്റ്-1, ഇന്ത്യ-ഭൂട്ടാന്‍ സംയുക്ത ഉപഗ്രഹമായ ഐഎന്‍എസ്-2ബിയുടെ മുന്‍ഗാമിയായ ഐ എസ് ആര്‍ ഒയുടെ സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹമായ ഐ എന്‍ എസ്-2 ടി ഡി എന്നിവയാണു ഈ റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചത്.
തുടര്‍ന്ന് പി എസ് എല്‍ വി- സി53, ധ്രുവ സ്‌പേസിന്റെ ഡി എസ് ഒ ഡി-1യു, മറ്റൊരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ദിഗന്തരയുടെ ഉപഗ്രഹം എന്നിവയ്‌ക്കൊപ്പം വിദേശ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ചു. ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റായ സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ വിക്രം-എസ് നവംബര്‍ 18-ന് ഐ എസ് ആര്‍ ഒ വിജയകരമായി വിക്ഷേപിച്ചു.
ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 (എല്‍ വി എം3) ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ വിക്ഷേപണം ഒക്‌ടോബറില്‍ വിജയകരമായി നടത്തിയിരുന്നു. ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളാണു ഭ്രമണപഥത്തില്‍ എത്തിച്ചത്. റോക്കറ്റിന്റെ പേലോഡ് ശേഷി 4500 കിലോഗ്രാം വരെ വര്‍ധിപ്പിച്ചതായി ഐ എസ് ആര്‍ ഒ അടുത്തിടെ അറിയിച്ചിരുന്നു. ഈ വാഹനത്തിനായി തദ്ദേശീയമായി വികസിപ്പിച്ച, സി ഇ 20 ക്രയോജനിക് എഞ്ചിന്‍ നവംബര്‍ ഒന്‍പതിനാണ് ആദ്യമായി 21.8 ടണ്‍ ഉയര്‍ന്ന ത്രസ്റ്റ് ലെവലില്‍ ഹോട്ട് ടെസ്റ്റ് നടത്തിയത്.
ഗഗന്‍യാന്‍, ചാന്ദ്രയാന്‍-3 എന്നിവയുമായി ബന്ധപ്പെട്ട നിരവധി പരീക്ഷണങ്ങള്‍ ഐ എസ് ആര്‍ ഒ നടത്താനിരിക്കുകയാണ്. ഈ ദൗത്യങ്ങളില്‍ നിര്‍ണായക നേട്ടമായിരിക്കുകയാണ് മാര്‍ക്ക് 3യുടെ വിജയം.
എന്നാല്‍, ഇ ഒ എസ്-02 ഉപഗ്രഹവുമായി ഓഗസ്റ്റില്‍ കുതിച്ച എസ് എസ് എല്‍ വി എന്ന പുതിയ കുഞ്ഞൻ റോക്കറ്റിന്റെ വിക്ഷേപണം പരാജയമായി.