ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ഓതറൈസേഷന്‍ സെന്റര്‍ (ഇന്‍-സ്‌പേസ്) സ്ഥാപിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ബഹിരാകാശ മേഖല സ്വകാര്യ മേഖലയ്ക്കായി തുറന്നു കൊടുക്കുന്ന പ്രഖ്യാപനം നടത്തിയിരുന്നു.

ബുധനാഴ്ച്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇന്‍-സ്‌പേസിന്റെ രൂപീകരണത്തിന് അംഗീകാരം നല്‍കിയത്. നമ്മള്‍ മികച്ച ബഹിരാകാശ ആസ്തികള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അവ എല്ലാവര്‍ക്കും ഉപയോഗിക്കുന്നതിനുള്ള വഴിയാണ് ഇന്‍-സ്‌പേസ് പോലുള്ളവയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

Read Also: ‘കുത്തിത്തിരിപ്പിനൊക്കെ ഒരു അതിരുവേണം കേട്ടോ;’ പത്രത്തിനെതിരെ മുഖ്യമന്ത്രി

ഇന്ത്യയുടെ ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് സൗകര്യം ഒരുക്കി നല്‍കുന്ന ഇന്‍-സ്‌പേസ് നയങ്ങളിലൂടെയും സൗഹാര്‍ദപരമായ നിയന്ത്രണങ്ങളിലൂടെയും അവരെ നയിക്കുമെന്ന് കാബിനറ്റ് യോഗം അഭിപ്രായപ്പെട്ടു.

ഐ എസ് ആര്‍ ഒയുടെ ഭാഗമായിട്ടാകും ഇന്‍-സ്‌പേസ് പ്രവര്‍ത്തിക്കുകയെന്ന് ആണവോര്‍ജ്ജ, ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന് കീഴിലാണ് ബഹിരാകാശ വകുപ്പ് വരുന്നത്.

ഈ പരിഷ്‌കരണത്തിലൂടെ ഐ എസ് ആര്‍ ഒയ്ക്ക് ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളിലും പുതിയ സാങ്കേതിക വിദ്യകളിലും ബഹിരാകാശ പര്യവേഷണ ദൗത്യങ്ങളിലും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുമെന്ന് മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു. ചില ഗ്രഹാന്തര പര്യവേഷണങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിക്കുമെന്ന സൂചനയുമുണ്ട്.

ചന്ദ്രയാന്‍-3, ഗഗന്‍യാന്‍ ദൗത്യങ്ങള്‍ക്ക് ഐ എസ് ആര്‍ ഒ ഒരുങ്ങുമ്പോഴാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.

Read in English: Cabinet announces formation of IN-SPACe, opens up space infra to private sector

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook