ബെംഗളൂരു: ഇന്ത്യയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്എസ്എല്‍വി (എസ്എശ്എല്‍വി-ഡി1) വിക്ഷേപണം വിജയിച്ചെല്ലെന്ന് ഐഎസ്ആര്‍ഒ. എസ്എസ്എൽവി വഹിച്ചിരുന്ന രണ്ട് ഉപഗ്രഹങ്ങളെയും ഉദ്ദേശിച്ച ഭ്രമണപഥത്തിൽ എത്തിക്കാന്‍ സാധിച്ചില്ല. ഉപഗ്രഹങ്ങള്‍ പ്രവർത്തനക്ഷമമാകില്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കി. സംഭവിച്ചതെന്തെന്ന് വിശകലനം ചെയ്ത് എസ്എസ്എൽവി-ഡി2 വുമായി ഐഎസ്ആര്‍ഒ എത്തുമെന്ന് ട്വീറ്റ് വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്എസ്എല്‍വി ഇന്നു രാവിലെ 9.18നാണു വിക്ഷേപിച്ചത്. ആദ്യ ഘട്ടങ്ങൾ വിജയകരമായെങ്കിലും അവസാന ഘട്ടത്തിൽ ബന്ധം നഷ്ടമായി. ഉപഗ്രഹങ്ങളിൽനിന്നുള്ള സിഗ്നൽ ലഭിക്കുന്നില്ല. ഇക്കാര്യം പരിശോധിച്ചു വരികയാണെന്ന് ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നത്.
”എസ്എസ്എൽവിയുടെ ആദ്യ യാത്ര പൂർത്തിയായി. എല്ലാ ഘട്ടങ്ങളും പ്രതീക്ഷപോലെ വിജയകരമായി നടന്നു. എന്നാൽ അവസാന ഘട്ടത്തിൽ ബന്ധം നഷ്ടമായി. ഇക്കാര്യം പരിശോധിച്ചു വരികയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കും,” ഇതായിരുന്നു ഐഎസ്ആർഒയുടെ ട്വീറ്റ്.
വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ പ്രവർത്തിക്കേണ്ട ലിക്വിഡ് പ്രോപൽഷൻ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളിൽ (വിടിഎം) എന്തോ സാങ്കേതിക പ്രശ്നം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്- 02നെയും ഒരുകൂട്ടം വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത ആസാദിസാറ്റിന്റെയുമാണ് ഐഎസ്ആർഒയുടെ ഏറ്റവും ചെറിയ റോക്കറ്റായ എസ്എസ്എല്‍വി-ഡി1 പ്രഥമ വിക്ഷേപണത്തില്‍ ഭ്രമണപഥത്തിലെത്തിക്കുക.
ഐ എസ് ആര്‍ ഒ തന്നെ രൂപകല്‍പ്പന ചെയ്ത ഇ ഒ എസ്-02നെ ഭൂമധ്യരേഖയില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കാണു വിക്ഷേപിച്ചത്. 135 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 170 കോടി രൂപ ചെലവില്‍ അഞ്ച് വര്‍ഷം കൊണ്ട് വികസിപ്പിച്ചെടുത്ത എസ്എസ്എല്‍വിക്കു 34 മീറ്ററാണ് ഉയരം. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ആഗോളതലത്തിലുണ്ടായ ലോക്ക്ഡൗണാണു പ്രഥമ വിക്ഷേപണം വൈകിച്ചത്.
മൈക്രോസാറ്റ് ശ്രേണിയില്‍പെട്ട ഇ ഒ എസ്-02 ഉയര്‍ന്ന സ്പേഷല്‍ റെസല്യൂഷനോടുകൂടിയ ഇന്‍ഫ്രാ-റെഡ് ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വിപുലമായ ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ് വാഗ്ദാനം ചെയ്യുന്നു. കൃഷി, വനം, ജിയോളജി, ഹൈഡ്രോളജി മേഖലകളില്‍ വിവിധ ഉപയോഗങ്ങള്‍ക്കുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതാണ് ഉപഗ്രഹം.
എട്ടു കിലോ ഭാരമുള്ള ആസാദിസാറ്റ് ഉപഗ്രഹം വിദ്യാര്‍ഥികളാണു രൂപകല്‍പ്പന ചെയ്ത ത്തിന് 50 ഗ്രാം വീതമുള്ള 75 വ്യത്യസ്ത പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. ‘സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ’ വിദ്യാര്‍ത്ഥി ടീമാണ് പേലോഡുകള്‍ സംയോജിപ്പിച്ചത്.
അമേച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്കു വോയ്‌സ്, ഡേറ്റ ട്രാന്‍സ്മിഷന്‍ സാധ്യമാക്കാന്‍ ഹാം റേഡിയോ ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന യു എച്ച് എഫ്-വി എച്ച് എഫ് ട്രാന്‍സ്‌പോണ്ടര്‍, ഭ്രമണപഥത്തിലെ അയോണൈസിങ് റേഡിയേഷന്‍ അളക്കുന്നതിനുള്ള സോളിഡ് സ്റ്റേറ്റ് പിന്‍ ഡയോഡ് അടിസ്ഥാനമാക്കിയുള്ള റേഡിയേഷന്‍ കൗണ്ടര്‍, ഒരു ദീര്‍ഘദൂര ട്രാന്‍സ്‌പോണ്ടര്‍, സെല്‍ഫി കാമറ എന്നിവ പേലോഡുകളില്‍ ഉള്‍പ്പെടുന്നു. ‘സ്‌പേസ് കിഡ്‌സ് ഇന്ത്യ’ വികസിപ്പിച്ച ഗ്രൗണ്ട് സംവിധാനം ഉപയോഗിച്ചാണ് ഉപഗ്രഹത്തില്‍നിന്നുള്ള ഡേറ്റ സ്വീകരിക്കുക.