scorecardresearch

Latest News

പിഎസ്എല്‍വി- സി 52 വിക്ഷേപണം വിജയം; ഭൗമ നിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തില്‍

ഐഎസ്ആര്‍ഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണമാണിത്

ISRO, PSLV- C52, EOS-04, ISRO satellite launch,

ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ പുതിയ ഉപഗ്രഹമായ ഇഒഎസ്- 04 നെ ഐഎസ്ആര്‍ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി സി)-സി 52 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. സതീഷ് ധവാന്‍ സ്പേസ് സെന്ററിന്റെ ഒന്നാമത്തെ ലോഞ്ച് പാഡില്‍നിന്ന് രാവിലെ 5.59ന് റോക്കറ്റ് കുതിച്ചുയർന്നു. ഐഎസ്ആര്‍ഒയുടെ ഈ വർഷത്തെ ആദ്യ ദൗത്യമാണിത്.

529 കിലോമീറ്റര്‍ ഉയരത്തിലുള്ള ഉദ്ദേശിച്ച സൂര്യസ്ഥിര ഭ്രമണപഥത്തിലേക്ക് 06.17ന് ഉപഗ്രഹത്തെ എത്തിച്ചു. അത്യാധുനിക റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ഇഒഎസ്-04 ബെംഗളൂരുവിലെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററിലാണ് നിർമിച്ചത്. കൃഷി, വനം, തോട്ടങ്ങള്‍, മണ്ണിന്റെ ഈര്‍പ്പം, ഭൂമിയുടെ ഉപരിതലത്തിലും താഴെയുമുള്ള വെള്ളത്തിന്റെ വിതരണത്തെയും ഒഴുക്കിനെയും കുറിച്ചുള്ള പഠനം, വെള്ളപ്പൊക്ക മാപ്പിങ് തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഉപഗ്രഹത്തിന്റെ രൂപകല്‍പ്പന. 10 വർഷത്തെ ആയുസ് കണക്കാക്കുന്ന ഉപഗ്രഹത്തിന് എല്ലാ കാലാവസ്ഥയിലും ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ നല്‍കാന്‍ കഴിയും. 1710 കിലോഗ്രാമാണ് ഭാരം.

മറ്റു രണ്ട് ചെറു ഉപഗ്രഹങ്ങളെക്കൂടി പിഎസ്എല്‍വി- സി 52 ഭ്രമണപഥത്തിലെത്തിച്ചു. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ്ടി) വിദ്യാര്‍ഥികള്‍ കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്മോസ്‌ഫെറിക് ആന്‍ഡ് സ്പേസ് ഫിസിക്സുമായി സഹകരിച്ച് നിര്‍മിച്ച ഇന്‍സ്പയര്‍ സാറ്റ്-1, ഇന്ത്യ-ഭൂട്ടാന്‍ സംയുക്ത ഉപഗ്രഹമായ ഐഎന്‍എസ്-2ബിയുടെ മുന്‍ഗാമിയായ ഐഎസ്ആര്‍ഒയുടെ സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹം ഐഎന്‍എസ്-2ടിഡി എന്നിവയാണ് അവ.

എസ്.സോമനാഥ് ഐഎസ്ആർഒ ചെയർമാനായി സ്ഥാനമേറ്റെടുത്തതിനുശേഷമുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇന്നത്തേത്. സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നുള്ള 80-ാമത്തെ വിക്ഷേപണ ദൗത്യം, പിഎസ്എല്‍വിയുടെ 54-ാമതു വിക്ഷേപണം, പിഎസ്എല്‍വിയുടെ എക്‌സ് എല്‍ നിര(6 സ്ട്രാപ്പ്-ഓണ്‍ മോട്ടോറുകള്‍)യിലെ 23-ാമത്തെ വിക്ഷേപണം എന്നീ പ്രത്യേകതകളും ഇന്നത്തേതിനുണ്ട്. ദൗത്യം കൃത്യമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒ സംഘത്തെ ചെയര്‍മാന്‍ അഭിനന്ദിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12നാണ് ഐഎസ്ആര്‍ഒ ഇതിനു മുൻപൊരു വിക്ഷേപണം നടത്തിയത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03യെ ജിഎസ്എല്‍വി എഫ്10 റോക്കറ്റിന് ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ അന്ന് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്രയോജനിക് ഘട്ടത്തിലെ പിഴവാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമായത്. വിക്ഷേപണത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായിരുന്നെന്നും എന്നാല്‍ സാങ്കേതികമായ അപാകതയെത്തുടര്‍ന്ന് ഉയര്‍ന്ന ക്രയോജനിക് ഘട്ടത്തില്‍ ജ്വലനം നടക്കാത്തതുമൂലം റോക്കറ്റിന് ഉപഗ്രഹത്തെ നിര്‍ദിഷ്ട ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും ഐഎസ്ആര്‍ഒ അറിയിക്കുകയായിരുന്നു.

കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നാമമാത്രമായ ദൗത്യങ്ങളാണ് ഐഎസ്ആർഒ നടത്തിയിരുന്നത്. എന്നാൽ ഈ വർഷം ഐഎസ്ആർഒയ്ക്കു വളരെ തിരക്കുപിടിച്ചതാണ്. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ ഭാഗമായ ആദ്യ ആളില്ലാ പരീക്ഷണം സ്വാതന്ത്ര്യ ദിനത്തിനു മുന്‍പ് നടക്കും. ചന്ദ്രയാന്‍ -3 അടുത്ത വര്‍ഷം പകുതിയോടെ വിക്ഷേപിക്കാനും ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നുണ്ട്.

ഇഒഎസ്-06, പുതിയ റോക്കറ്റായ എസ്എസ്എല്‍വി റോക്കറ്റിന്റെ കന്നിക്കുതിപ്പില്‍ ഇഒഎസ്-02 ഉപഗ്രഹങ്ങൾ, ഗഗന്‍യാനിന്റെ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ നിരവധി പരീക്ഷണ വിക്ഷേപണങ്ങൾ, സൗരദൗത്യമായ ആദിത്യ എല്‍1, എക്‌സ്‌പോസാറ്റ്, ഐആര്‍എന്‍എസ്എസ് എന്നിവയും തദ്ദേശീയമായി വികസിപ്പിച്ച നൂതന സാങ്കേതികവിദ്യ തെളിയിക്കുന്ന മറ്റു ദൗത്യങ്ങളും ഈ വർഷം പദ്ധതിയിലുണ്ടെന്ന് ഐഎസ്ആർഒ അടുത്തിടെ അറിയിച്ചിരുന്നു.

Also Read: Election 2022: ഗോവയിലും ഉത്തരാഖണ്ഡിലും ഇന്ന് അന്തിമവിധി; യുപിയില്‍ രണ്ടാം ഘട്ടം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Isro launched pslv c 52 successfully first mission of 2022