ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി സി 55 ന്‍റെ വാണിജ്യ വിക്ഷേപണം വിജയകരം. സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് – 2, ചെറു ഉപഗ്രഹം ലൂമിലൈറ്റ് – 4 എന്നിവയെ ഭ്രമണപഥത്തിലെത്തിച്ചു.
ഉച്ചയ്ക്ക് 2.19ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിജയകരമായി ഇന്ത്യയുടെ പിഎസ്എല്‍വി സി 55 വിക്ഷേപിച്ചത്. കാലാവസ്ഥാ വ്യതിയാനം, രക്ഷാപ്രവർത്തനങ്ങൾ എന്നിവയാണ് ടെലിയോസ് -02 വിന്റെ ഉപയോഗം.
750 കിലോയാണ് ടെലിയോസ് -02 ഉപഗ്രഹത്തിന്റെ ഭാരം. ലൂമിലൈറ്റ് 4 ന്‍റെ ഭാരം 16 കിലോഗ്രാം ആണ്. ഐഎസ്ആർഒയുടെ ഈ വർഷത്തെ മൂന്നാമത്തെ വിക്ഷേപണമാണിത്. മൂന്നിനും വ്യത്യസ്ത വിക്ഷേപണ വാഹനങ്ങളാണ് ഉപയോഗിച്ചത്. ആദ്യ വിക്ഷേപണം നടന്നത് ഫെബ്രുവരിയിലാണ്. സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) മൂന്ന് ഉപഗ്രഹങ്ങൾ വിജയകരമായി വിന്യസിച്ചു.
ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ എൽവിഎം3 36 വൺവെബ് ഉപഗ്രഹങ്ങളുടെ വാണിജ്യപരമായ വിക്ഷേപണം മാർച്ചിലാണ് നടന്നത്.