/indian-express-malayalam/media/media_files/uploads/2017/06/gslv-mark-2-isro-1-copy.jpg)
ബഹിരാകാശ ഗവേഷണ രംഗത്ത് കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനുള്ളില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്താന്‍ ഐഎസ്ആര്‍ഒയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ പ്രധാന പങ്ക് വഹിച്ചത് പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളുകളാണ് (പിഎസ്എല്‍വി) ചന്ദ്രയാനും മംഗള്‍യാനും അടക്കമുള്ള ചരിത്ര നേട്ടങ്ങള്‍ കൈവരിച്ചതും പിഎസ്എല്‍വിയിലൂടെ തന്നെ. 40 വിക്ഷേപണങ്ങളില്‍ 38 എണ്ണവും ലക്ഷ്യത്തിലെത്തിച്ച ഇന്ത്യന്‍ പടക്കുതിര.
അതേസമയം ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കരുത്തേറിയ വിക്ഷേപണ വാഹനങ്ങള്‍ ആവശ്യമായി വന്നു. ഇതാണ് ജിഎസ്എല്‍വിയുടെ (ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനം) പിറവിക്ക് വഴിയൊരുക്കിയത്. 1990 ലാണ് ജിഎസ്എല്‍വി പദ്ധതിയുടെ തുടക്കം. എന്നാല്‍ പദ്ധതിയുടെ ഏറ്റവും വലിയ വെല്ലുവിളി കരുത്തേറിയ എന്‍ജിന്റെ അഭാവമായിരുന്നു. 1991 ലെ കരാറിന്റെ അടിസ്ഥാനത്തില്‍ സോവിയറ്റ് യൂണിയന്‍ കമ്പനിയായ ഗ്ലാവ്‌കോസ്‌മോസ് സഹായം നല്‍കാന്‍ തയ്യാറായെങ്കിലും അമേരിക്കയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സഹകരണത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നു. സോവിയറ്റ് യൂണിയന്റെ തകർച്ച ആഗോളതലത്തിൽ രൂപപ്പെട്ട പുതിയ ശാക്തിക ബന്ധങ്ങളൊക്കെ ഇന്ത്യയുടെ ഈരംഗത്തുളള മുന്നോട്ട് പോക്കിന് പലവിധ തടസ്സങ്ങൾ സൃഷ്ടിച്ചു.
ഇതോടെയാണ് തദ്ദേശിയമായി ക്രയോജനിക്ക് എന്‍ജിന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രഞ്ജന്‍മാര്‍ നിര്‍ബന്ധിതമായത്. 1994 ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി, ഇതിനിടെ റഷ്യ ഭാഗിക സഹകരണത്തിന് തയ്യാറായി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ തന്നെ പിടിച്ചുലച്ച ചാരക്കേസ് ഉണ്ടാകുന്നതും ഇതേ കാലത്തു തന്നെയായിരുന്നു.
ഒരു പതിറ്റാണ്ടിന്റെ തയ്യാറെടുപ്പിന് ഒടുവില്‍ ജിഎസ്എല്‍വി- മാര്‍ക്ക് I (D-1)വിക്ഷേപണത്തിന് തയ്യാറെടുത്തു. എന്നാല്‍ 2001 എപ്രില്‍ 18 ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്ന റോക്കറ്റിന് ഒന്നര ടണ്‍ ഭാരമുള്ള ജിസാറ്റ് -1 ഉപഗ്രഹത്തെ നിശ്ചയിച്ച ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. ഇന്ധനത്തിന്റെ കുറവായിരുന്നു ഇതിന് കാരണമായി അന്ന് കണ്ടെത്തിയത്.
ആദ്യ വീഴ്ച്ചയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട ഐഎസ്ആര്‍ഒ സംഘം രണ്ട് വര്‍ഷത്തിന് ശേഷം രണ്ടാം വിക്ഷേപണം നടത്തി. 2003 ല്‍ നടന്ന വിക്ഷേപണത്തില്‍ ജിഎസ്എല്‍വി - മാര്‍ക്ക് I (D-2), ജിസാറ്റ് - 2 ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണപദത്തില്‍ എത്തിച്ച് ആദ്യം ജയം കുറിച്ചു.
ഇതിന്റെ ചുവടുപിടിച്ച് 2004 ല്‍ ആദ്യ പ്രവര്‍ത്തന വിക്ഷേപണം നടത്തി. ജിഎസ്എല്‍വി-മാര്‍ക്ക് I (F01) റോക്കറ്റ്, ജിസാറ്റ് - 3 (എഡ്യൂസാറ്റ്) എന്ന വാര്‍ത്താവിനിമയ ഉപഗ്രഹം വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു.
എന്നാല്‍ 2006 ല്‍ ഇന്‍സാറ്റ് - 4സി ഉപഗ്രഹം വഹിച്ച് കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി-മാര്‍ക്ക് I (F02) റോക്കറ്റ് സഞ്ചാര പാതയില്‍ നിന്നും വ്യതിചലിച്ചതോടെ റോക്കറ്റും ഉപഗ്രഹവും ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ച് നശിപ്പിക്കാന്‍ ഐഎസ്ആര്‍ഒ നിര്‍ബന്ധിതമായി. തൊട്ടടുത്ത വര്‍ഷം വിക്ഷേപിച്ച F04 റോക്കറ്റിലെ ഗതിനിര്‍ണ്ണയ സംവിധാനത്തിന്റെ പാകപ്പിഴമൂലം ഇന്‍സാറ്റ്- 4സിആര്‍ ഉപഗ്രഹം നിശ്ചയിച്ച ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. എന്നാല്‍ ഭ്രമണപഥത്തിലെ പാകപ്പിഴ ഭൂമിയില്‍ പരിഹരിച്ച ഇന്ത്യന്‍ സംഘം ഉപഗ്രഹത്തെ പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാക്കി.
ഇതിന് ശേഷം നീണ്ട മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജിഎസ്എല്‍വി മടങ്ങിയെത്തിയത് ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ആദ്യ ക്രയോജനിക്ക് അപ്പര്‍സ്റ്റേജ് എന്‍ജിനുമായാണ്. രാജ്യം ആകാംഷയോടെ ഉറ്റു നോക്കിയ പരീക്ഷണ വിക്ഷേപണം പക്ഷെ നിരാശയാണ് സമ്മാനിച്ചത്. ഫ്യൂവല്‍ ബൂസ്റ്റര്‍ ടര്‍ബോ പമ്പിലെ തകരാര്‍ മൂലം ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഏപ്രിലിലെ മാര്‍ക്ക് II വിന്റെ പരാജയത്തിന് പിന്നാലെ 2010 ഡിസംബറില്‍ റഷ്യന്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന മാര്‍ക്ക് I ലേക്ക് മടങ്ങിയെത്തിയെങ്കിലും അവിടെയും പരാജയത്തിന്റെ കയ്പ്പുനീര്‍ കൂടിക്കേണ്ടി വന്നു. വിക്ഷേപണത്തിന് തൊട്ടു പിന്നാലെ നിയന്ത്രണം നഷ്ടമായ ജിഎസ്എല്‍വി - മാര്‍ക്ക് 1 (F06) കടലില്‍ പതിച്ചു.
ആഗോള ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. ഇതോടെ ശാസ്ത്ര സംഘം വീണ്ടും ഗവേഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യന്‍ നിര്‍മ്മിത ക്രയോജനിക്ക് അപ്പര്‍ സ്റ്റേജ് എന്‍ജിന്റെ മടങ്ങി വരവിനായി രാജ്യം കാത്തിരുന്ന നാളുകള്‍. 2013 ആഗസ്റ്റില്‍ ജിഎസ്എല്‍വി- മാര്‍ക്ക് II (D05) വിക്ഷേണപണത്തിന് ഒരുങ്ങി. എന്നാല്‍ കുതിപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍ജിനില്‍ ചോര്‍ച്ച കണ്ടെത്തിയതോടെ വിക്ഷേപണം മാറ്റിവെച്ചു.
തദ്ദേശിയമായി നിര്‍മ്മിക്കുന്ന ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമെന്ന ഇന്ത്യന്‍ സ്വപ്‌നം വീണ്ടും അകലെ. 2014 ജനുവരി അഞ്ചിന് തെറ്റുകുറ്റങ്ങള്‍ പരിഹരിച്ച മാര്‍ക്ക് II വിക്ഷേപണത്തിന് വീണ്ടും ഒരുങ്ങി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന വിക്ഷേപണം.! വൈകുന്നേരം 4:18 ന് നൂറ് കോടി പ്രതീക്ഷകളുടെ ഭാരം പേറി, ജിസാറ്റ് പതിനാലുമായി ജിഎസ്എല്‍വി കുതിച്ച് പൊങ്ങി. മൂന്ന് ഘട്ടങ്ങളും പൂര്‍ണ്ണ വിജയമായ വിക്ഷേപണത്തിന് ഒടുവില്‍ ജിസാറ്റ് 14 സ്ഥിരഭ്രമണപദത്തില്‍ ഭൂമിയെ വലംവെച്ച് തുടങ്ങി. അങ്ങനെ ക്രയോജനിക്ക് സാങ്കേതിക വിദ്യ സ്വന്തമായി വികസിപ്പിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യമാറി. ഏറെക്കാലത്തെ നിരന്തര പരിശ്രമങ്ങളുടെയും പരീക്ഷണങ്ങളുടെയും വിയർപ്പുതുളളികൾ തുടച്ചെടുത്ത വിജയം.
പിന്നീടിതുവരെ ജിഎസ്എല്‍വിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 2015 ലും 16 ലും ഇന്ത്യന്‍ ഉപഗ്രഹങ്ങളെ ഭ്രമണപദത്തിലെത്തിച്ച് ജിഎസ്എല്‍വി ഐഎസ്ആര്‍ഒ ബഹിരാകാശ ലോകത്ത് തങ്ങളുടെ ഇടം കണ്ടെത്തി. ഇക്കഴിഞ്ഞ മെയ് അഞ്ചിന് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള ഇന്ത്യയുടെ സമ്മാനമായ ജിസാറ്റ്-9 എന്ന ഉപഗ്രഹവും വിജയകരമായി വിക്ഷേപിച്ച് , ഈ രംഗത്ത് സ്വസ്ഥാനം നേടി.
ഈ നേട്ടങ്ങള്‍ക്കിടയിലും ഐഎസ്ആര്‍ഒ സംഘത്തിന് വിശ്രമമുണ്ടായിരുന്നില്ല. തദ്ദേശിയമായി വികസിപ്പിച്ച ക്രയോജനിക്ക് എന്‍ജിന്‍ വിജയമായതോടെ ഭാരശേഷി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഈ പരിശ്രമമാണ് മാര്‍ക്ക് III ല്‍ വന്നെത്തിയത്. ഐഎസ്ആര്‍ഒ ഇതുവരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനം. 2014 ല്‍ 3700 കിലോ ഭാരം വഹിച്ചുകൊണ്ട് നടത്തിയ പരീക്ഷണം വിജയം കണ്ടു. ഇതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ജൂണ്‍ അഞ്ചിന് ഇന്ത്യയുടെ 'ഫാറ്റ് ബോയ്' വിക്ഷേപണത്തറയില്‍ എത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ശ്രീഹരിക്കോട്ടയില്‍ നിന്നും കുതിച്ചുയര്‍ന്ന് 16 മിനുറ്റ് കൊണ്ട് ജിസാറ്റ് 19 എന്ന ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണപദത്തില്‍ എത്തിച്ചു. ജിഎസ്എല്‍വിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പുതിയ വിക്ഷേപണ വാഹനം ആദ്യ ശ്രമത്തില്‍ തന്നെ വിജയിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2017/06/crew-module-vehicle-isro.jpg)
നിലിവില്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ എര്യന്‍ അഞ്ച് പോലുള്ള വാഹനങ്ങളെ ആശ്രയിച്ചാണ് ഇന്ത്യ ഭാരമേറിയ ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. മാര്‍ക്ക് III യുടെ വിജയത്തോടെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകും. ഇതിന് പുറമെ ചിലവു കുറഞ്ഞ വിക്ഷേപണ വാഹനമെന്ന നിലയില്‍ ആഗോള തലത്തില്‍ മറ്റ് രാജ്യങ്ങളും മാര്‍ക്ക് III നെ ആശ്രയിക്കുമെന്നുറപ്പാണ്. 400 കോടിരൂപയാണ് മാര്‍ക്ക് III ന്റെ വിക്ഷേപണച്ചിലവ്. മംഗള്‍യാന്‍ 2 അടക്കമുള്ള ചരിത്രദൗത്യങ്ങളെയും ഇനി ഫാറ്റ് ബോയ് തോളിലേറ്റും.
എന്നാല്‍ ഇത്‌കൊണ്ടൊന്നും തൃപ്തിപ്പെടാൻ ശാസ്ത്രസംഘം തയ്യാറല്ല. ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാന്‍ കഴിയുന്ന പേടകം സ്വന്തമായി നിര്‍മ്മിക്കുന്നതിന്റെ ആദ്യചുവടുവെയ്പ്പാണ് മാര്‍ക്ക് III. ഘട്ടം ഘട്ടമായി ഭാരശേഷി ഉയര്‍ത്തുന്നതിന് ഒപ്പം, ബഹിരാകാശത്ത് നിന്നും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്താന്‍ സാധിക്കുന്ന ക്രൂ മോഡ്യൂള്‍ പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്. 2020-24 കാലഘട്ടത്തില്‍ മനുഷ്യനെയും വഹിച്ച്‌കൊണ്ടുള്ള ഇന്ത്യന്‍ ബഹിരാകാശവാഹനം കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.