ന്യൂഡല്‍ഹി: മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ പരീക്ഷണപ്പറക്കല്‍ പരമ്പര ഫെബ്രുവരിയില്‍ ആരംഭിക്കും. ഐ എസ് ആര്‍ ഒയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശയാത്രികരെ മൂന്നു ദിവസത്തേക്കു ഭ്രമണപഥത്തിലേക്കു കൊണ്ടുപോകുന്ന ക്രൂ മൊഡ്യൂള്‍ പരീക്ഷിക്കുന്നതിനു വ്യോമസനേയുടെ ചിനൂക്ക് ഹെലികോപ്റ്ററും സി -17 ഗ്ലോബ്മാസ്റ്റര്‍ ചരക്കുവിമാനവും ഉപയോഗിക്കാന്‍ പദ്ധതിയുണ്ടെന്നു ഐ എസ് ആര്‍ ഒ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ ഡയറക്ടര്‍ ആര്‍ ഉമാമഹേശ്വരന്‍ പറഞ്ഞു.
ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞര്‍ എണ്‍വയോണ്‍മെന്റ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ രൂപകല്‍പ്പന പൂര്‍ത്തിയാക്കിയതായി ഇന്ത്യാ ബഹിരാകാശ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉമാമഹേശ്വരന്‍ പറഞ്ഞു. ക്രൂ സര്‍വീസ് മൊഡ്യൂളിലെ ബഹിരാകാശയാത്രികര്‍ക്ക് അവര്‍ ഭൂമിയെ വലംവയ്ക്കുമ്പോള്‍ സമീപ പരിസരത്തെ ജീവിത സാഹചര്യങ്ങള്‍ എണ്‍വയോണ്‍മെന്റ് കണ്‍ട്രോള്‍ സിസ്റ്റം ഉറപ്പാക്കും.
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനു മുന്നോടിയായി ആളില്ലാ ബഹിരാകാശ യാത്ര ഐ എസ് ആര്‍ ഒ ആവിഷ്കരിച്ചിട്ടുണ്ട്. ഇത് അടുത്ത വര്‍ഷം ഡിസംബറോടെ പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനു മുന്നോടിയായി കുറഞ്ഞത് 17 വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തും.
”ബഹിരാകാശയാത്രികര്‍ ഇരുന്ന് പറക്കേണ്ട ക്രൂ മൊഡ്യൂള്‍ പൂര്‍ത്തിയായി. ഫാബ്രിക്കേഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ ഞങ്ങള്‍ക്കു ക്രൂ മൊഡ്യൂള്‍ ലഭിക്കും,” സാറ്റ്‌കോം ഇന്‍ഡസ്ട്രി അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉമാ മഹേശ്വരന്‍ പറഞ്ഞു.
സ്പേസ് ക്യാപ്സ്യൂളിനു പുറത്തുള്ള താപനില 2000 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമ്പോള്‍, റീ എന്‍ട്രി ഘട്ടത്തില്‍ പോലും ബഹിരാകാശയാത്രികര്‍ക്കു സുഖം അനുഭവപ്പേടണ്ടതുണ്ട്. അതിനാല്‍ ക്രൂ മൊഡ്യൂളും എന്‍വയോണ്‍മെന്റ് കണ്‍ട്രോള്‍ സിസ്റ്റവും രൂപകല്‍പ്പന ചെയ്യുന്നതു വെല്ലുവിളി നിറഞ്ഞതാണെന്ന് ഉമാമഹേശ്വരന്‍ പറഞ്ഞു.
സമീപ പരിസരത്തെ ജീവിത സാചര്യം ക്രൂ മൊഡ്യൂളില്‍ ഉറപ്പാക്കുന്ന എന്‍വയോണ്‍മെന്റ് കണ്‍ട്രോള്‍ സിസ്റ്റം പദ്ധതിയുടെ നിര്‍ണായക ഘടകമാണെന്ന് ഉമാമഹേശ്വരന്‍ പറഞ്ഞു.
”യാത്രികര്‍ക്ക് ഓക്‌സിജന്‍ നല്‍കണം.കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ഈര്‍പ്പവും നീക്കം ചെയ്യണം. താപനില നിലനിര്‍ത്തണം. തീപിടിത്തമുണ്ടാവില്ലെന്ന് ഉറപ്പാക്കുകയും വേണം. ഒരു രാജ്യവും നമുക്കു തരാത്ത വളരെ സങ്കീണമായ സാങ്കേതികവിദ്യയാണിത്,” അദ്ദേഹം പറഞ്ഞു. എന്‍വയോണ്‍മെന്റ് കണ്‍ട്രോള്‍ സിസ്റ്റം തദ്ദേശീയമായി വികസിപ്പിക്കാന്‍ ഐ എസ് ആര്‍ ഒ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”രൂപകല്‍പന ചെയ്യാനുള്ള കഴിവ് നമുക്കുണ്ട്. അതിനാല്‍ നമ്മള്‍ അത് ചെയ്യുന്നു. അതിനാലാണു കുറച്ച് സമയമെടുക്കുന്നത്. എല്ലാ രൂപകല്‍പ്പനകളും പൂര്‍ത്തിയാക്കി. അവ പൂര്‍ണമായും സുരക്ഷിതമാണെന്നു തെളിയിക്കാനുള്ള സമയമാണിത്. അതിനാണ് എല്ലാ ശ്രമവും,” ഉമാമഹേശ്വരന്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷമായ 2022 എന്ന ഏകദേശ ലക്ഷ്യത്തോടെ ലക്ഷ്യത്തോടെ 2018 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗന്‍യാന്‍ ദൗത്യം പ്രഖ്യാപിച്ചത്. ഊര്‍ജിതമായി മുന്നോട്ടുപോയ പദ്ധതി അപ്രതീക്ഷിതമായുള്ള കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ നീളുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ 2024 അവസാനത്തോടെയോ 2025 ന്റെ തുടക്കത്തിലോ ദൗത്യം സാധ്യമാകാനാണു സാധ്യത.
കന്നി ബഹിരാകാശ യാത്രയ്ക്കായി നാല് പേരെയാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അവരുടെ പ്രാഥമിക പരിശീലനം റഷ്യയില്‍ പൂര്‍ത്തിയായതായും ഉമാമഹേശ്വരന്‍ പറഞ്ഞു. ഈ ബഹിരാകാശയാത്രികരും നിലവില്‍ ബെംഗളൂരുവിലെ അസ്‌ട്രോനട്ട് ട്രെയിനിങ് ഫെസിലിറ്റിയില്‍ കൂടുതല്‍ പരിശീലനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.