ന്യൂഡല്‍ഹി: പ്രധാന ദൗത്യങ്ങള്‍ക്കായി പുതിയ സമയപരിധി നിശ്ചയിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആര്‍ ഒ). ആദ്യ സൗര ദൗത്യവും മൂന്നാം ചാന്ദ്ര ദൗത്യവും അടുത്ത വര്‍ഷം ആദ്യം നടക്കും.
കോസ്മിക് രശ്മികളെക്കുറിച്ച് പഠിക്കാന്‍ രൂപകല്‍പ്പന ചെയ്ത ബഹിരാകാശ നിരീക്ഷണ സംവിധാനമായ ‘എക്‌സ്‌പോസാറ്റ്’ വിക്ഷേപണവും അടുത്ത വര്‍ഷം നടക്കും. ഐ എസ് ആര്‍ ഒയുടെ മൂന്നാമത്തെ ശാസ്ത്രീയ ദൗത്യമാണിത്.
ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ അബോര്‍ട്ട് ഡെമോണ്‍സ്‌ട്രേഷന്‍ ദൗത്യം ഈ വര്‍ഷം നടക്കും. ബഹിരാകാശ പേടകത്തിനു പിഴവുണ്ടായാല്‍ യാത്രികരെ രക്ഷപ്പെടാന്‍ സഹായിക്കുന്ന കൂ എസ്‌കേപ്പ് മൊഡ്യൂള്‍ സംവിധാനത്തിന്റെ പ്രകടനക്ഷമത വിലയിരുത്തുകയാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ വിക്ഷേപണത്തറയില്‍വച്ച് ക്രൂവിനു പേടകത്തില്‍നിന്ന് രക്ഷപ്പെടാന്‍ ലക്ഷ്യമിട്ടുള്ള പാഡ് അബോര്‍ട്ട് പരീക്ഷണം ഐ എസ് ആര്‍ ഒ 2018 ല്‍ നടത്തിയിരുന്നു.
അബോര്‍ട്ട് ദൗത്യങ്ങള്‍ക്കായി ബഹിരാകാശ ഏജന്‍സി പരീക്ഷണ വാഹനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് സംവിധാനത്തെ നിശ്ചിത ഉയരത്തിലേക്കു കൊണ്ടുപോയശേഷം പരാജയ സാഹചര്യം സൃഷ്ടിക്കും. തുടര്‍ന്ന് രക്ഷപ്പെടല്‍ സംവിങധാനം പരീക്ഷിക്കും. ഉയര്‍ന്ന ബേണ്‍ റേറ്റുള്ള പ്രൊപ്പല്‍ഷന്‍ സിസ്റ്റവും സ്ഥിരത നിലനിര്‍ത്തുന്നതിനുള്ള ചിറകുകളുമുള്ള അഞ്ച് ‘ക്വിക്ക് ആക്ടി്’ ഖര ഇന്ധന മോട്ടോറുകള്‍ ഉപയോഗിച്ചാണ് ഗഗന്‍യാനിന്റെ എസ്‌കേപ്പ് സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
2024 മൂന്നാം പാദത്തില്‍ ഐ എസ് ആര്‍ ഒ ‘സ്പേസ് ഡോക്കിങ് പരീക്ഷണം’ നടത്തുമെന്ന് ബഹിരാകാശ വകുപ്പ് സഹമന്ത്രി ഡോ ജിതേന്ദ്ര സിങ് ബുധനാഴ്ച പാര്‍ലമെന്റില്‍ നല്‍കിയ എഴുതി തയാറാക്കിയ മറുപടിയില്‍ പറഞ്ഞു. പ്രത്യേകം വിക്ഷേപിച്ച രണ്ട് ബഹിരാകാശ പേടകങ്ങള്‍ തമ്മില്‍ പ്രക്രിയയാണു സ്പേസ് ഡോക്കിങ്. മോഡുലാര്‍ ബഹിരാകാശ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനാണ് ഈ സാങ്കേതിക വിദ്യ പ്രധാനമായും ഉപയോഗിക്കുന്നത്.
മനുഷ്യനെ വഹിച്ചുള്ള ഗഗന്‍യാന്‍ ദൗത്തിനുശേഷം, അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതി 2019ല്‍ ഐ എസ് ആര്‍ ഒ പ്രഖ്യാപിച്ചിരുന്നു. താഴ്ന്ന ഭ്രമണപഥത്തില്‍ സ്ഥിതിചെയ്യുന്ന 20 ടണ്‍ ഭാരമുള്ള ബഹിരാകാശ നിലയത്തില്‍ യാത്രികരെ 15-20 ദിവസം പാര്‍പ്പിക്കാനുള്ള ശേഷിയുള്ള ബഹിരാകാശ യാത്ര പദ്ധതിയുടെ വിപുലീകരണമാണിതെന്നാണ് അന്നത്തെ ഐ എസ് ആര്‍ ഒ ചെയര്‍പേഴ്സണ്‍ കെ ശിവന്‍ പറഞ്ഞത്.
കോവിഡ് മഹാമാരി നിരവധി വിക്ഷേപണങ്ങള്‍ ഉള്‍പ്പെടെ ഐ എസ് ആര്‍ ഒയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും മന്ദഗതിയിലാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ 2020ല്‍ വിക്ഷേപിക്കാന്‍ നിശ്ചയിച്ചിരുന്ന മൂന്ന് ശാസ്ത്ര ദൗത്യങ്ങള്‍ 2023ലേക്കു നീണ്ടത്. 2020 ലും 2021 ലും രണ്ട് വിക്ഷേപണങ്ങള്‍ മാത്രമാണു നടന്നത്. ഈ വര്‍ഷം ഇതിനകം രണ്ട് വിക്ഷേപണങ്ങള്‍ നടത്തി. ഇന്ത്യന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ആദ്യത്തേത്. രണ്ടാമത്തേതു സിംഗപ്പൂരിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹവും പ്രധാന പേലോഡായി വഹിച്ചുകൊണ്ടുള്ള വാണിജ്യ വിക്ഷേപണവും.
ആദിത്യ എല്‍1 എന്നാണ് ഐ എസ് ആര്‍ ഒയുടെ സൗരദൗത്യത്തിന്റെ പേര്. സൂര്യനും ഭൂമിക്കും ഇടയിലായി 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍1 അല്ലെങ്കില്‍ ലഗ്രാന്‍ജിയന്‍ പോയിന്റിലേക്കാണു പേടകം വിക്ഷേപിക്കുക. ഇരു ഗോളങ്ങള്‍ക്കിടയില്‍ അഞ്ച് ലഗ്രാന്‍ജിയന്‍ പോയിന്റുകളുണ്ട്. ഇവിടെ ഇരു ഗോളങ്ങളില്‍നിന്നുമുള്ള ഗുരുത്വാകര്‍ഷണം ഇന്ധനം ചെലവഴിക്കാതെ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതായത് ബഹിരാകാശത്തെ പാര്‍ക്കിങ് സ്ഥലം.
ആസ്‌ട്രോസാറ്റിനു ശേഷമുള്ള ബഹിരാകാശത്തെ ഇന്ത്യയുടെ രണ്ടാമത്തെ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമാണ് കോസ്മിക് രശ്മികളെക്കുറിച്ച് പഠിക്കാന്‍ ലക്ഷ്യമിട്ടുള്ള എക്‌സ്‌പോസാറ്റ്.
ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനായി രണ്ടാം ചാന്ദ്ര ദൗത്യത്തില്‍ ആസൂത്രണം ചെയ്ത ലാന്‍ഡര്‍-റോവര്‍ ദൗത്യമായിരിക്കും ചന്ദ്രയാന്‍ 3. ഭൂമിയുമായി ആശയവിനിമയം നടത്താന്‍ ചന്ദ്രനെ ചുറ്റുന്ന ചന്ദ്രയാന്‍ -2 ലെ ഓര്‍ബിറ്ററാണു ലാന്‍ഡര്‍-റോവര്‍ ഉപയോഗിക്കുക. 2019 ല്‍ വിക്ഷേപിച്ച ഓര്‍ബിറ്ററിന് ഏഴ് വര്‍ഷത്തെ ദൗത്യ ആയുസാണു കണക്കാക്കിയിരുന്നത്.