ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 വിജയകരമായി മൂന്നാം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. രാവിലെ 9.04 ന് തുടങ്ങിയ ഭ്രമണപഥമാറ്റം ഏകദേശം 20 മിനിറ്റുകൾകൊണ്ടാണ് പൂർത്തിയായത്. പേടകത്തിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രനിൽ നിന്ന് 179 കിലോമീറ്റര്‍ കുറഞ്ഞ ദൂരവും 1412 കിലോമീറ്റര്‍ കൂടിയ ദൂരവും ആയിട്ടുള്ള ഭ്രമണ പഥത്തിലാണ് ചന്ദ്രയാൻ 2 ഇപ്പോഴുളളത്.

അടുത്ത ഭ്രമണപഥമാറ്റം ഓഗസ്റ്റ് 30 ന് (ശനിയാഴ്ച) വൈകിട്ട് ആറിനും ഏഴിനും ഇടയ്ക്ക് നടക്കും. സെപ്റ്റംബര്‍ മൂന്നിന് ലാന്‍ഡര്‍ വേര്‍പെടുന്നതാണ് അടുത്ത മറ്റൊരു പ്രധാന ദൗത്യം. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയിൽ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്.

നേരത്തെ ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ അയച്ചിരുന്നു. ചന്ദ്രോപരിതലത്തില്‍ നിന്നും 2650 കീലോമീറ്റര്‍ ദൂരെനിന്നും ചന്ദ്രയാന്‍-2 പകർത്തിയ ചിത്രമാണ് ആദ്യം ഐഎസ്ആർഒ പുറത്തുവിട്ടത്. ഇതിനുപിന്നാലെ ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ പതിച്ചുണ്ടായ ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങളുടെ ചിത്രങ്ങളും ഐഎസ്ആർഒ പുറത്തുവിട്ടു. പേടകത്തിലെ ടെറൈൻ മാപ്പിങ് ക്യാമറ-2 (ടിഎംസി-2) പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. സോമര്‍ഫെല്‍ഡ്, കിര്‍ക് വുഡ്, ജാക്‌സണ്‍, മാച്ച്, കോറലോവ്, മിത്ര, പ്ലാസ്‌കെറ്റ്, റോഷ്‌ദെസ്‌ത്വെന്‍സ്‌കി, ഹെര്‍മൈറ്റ് തുടങ്ങിയ ഗര്‍ത്തങ്ങള്‍ അയച്ച ചിത്രങ്ങളിലുണ്ടെന്ന് ഐഎസ്ആർഒ അറിയിച്ചു.

Read Also: ‘ചന്ദ്രനിൽ ചരിത്രമെഴുതുമ്പോൾ’; ഇന്ത്യയുടെ ചാന്ദ്രയാൻ 2 ഇതുവരെ പകർത്തിയ ചിത്രങ്ങൾ

ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയാണ് ചന്ദ്രയാന്‍-2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് അറിയിക്കുകയാണ് ലക്ഷ്യം. 2008 ലെ ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണ് ചന്ദ്രയാന്‍-2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമാണ് ചന്ദ്രയാന്‍-2. ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 വിജയകരമായി വിക്ഷേപിച്ചതിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍-2.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook