ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണ്. ഇനി സെപ്തംബര്‍ ഏഴിലേക്കുള്ള കാത്തിരിപ്പാണ്. അന്നാണ് ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഉപതരിതലത്തില്‍ ഇറങ്ങുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഉച്ച കഴിഞ്ഞ് 2.43 നായിരുന്നു ചരിത്ര ദൗത്യവുമായി ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നത്.

ഒരാഴ്ച മുമ്പ്, ജൂലൈ 15 ന് കുതിച്ചിയരുന്നതിന് തൊട്ട് മുമ്പാണ് സാങ്കേതിക കാരണങ്ങള്‍ മൂലം ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റി വച്ചത്. അതുകൊണ്ട് തന്നെ ഇന്നത്തെ ചരിത്ര നിമിഷത്തില്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായതിന് ശേഷം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ തന്റെ സഹപ്രവര്‍ത്തകരെ അഭിനന്ദിച്ചത് ഈ തിരിച്ചു വരവിനുള്ള അംഗീകാരം കൂടിയായിരുന്നു.

”ഇത് ഇന്ത്യയുടെ ചരിത്രയാത്രയുടെ തുടക്കമാണ്. ഒരാഴ്ച മുമ്പ്, സാങ്കേതിക തകരാര്‍ കണ്ടപ്പോള്‍ ഐഎസ്ആര്‍ഒ ടീം മൊത്തം ഒരുമിച്ച് നിന്നു പ്രവര്‍ത്തിച്ചു. അടുത്ത 24 മണിക്കൂറിലെ പ്രവര്‍ത്തനം അവിശ്വസനീയമായിരുന്നു. വളരെ പെട്ടെന്നു തന്നെ പേടകത്തെ സ്വാഭാവിക നിലയിലേക്ക് തിരികെ കൊണ്ടു വന്നു. സാങ്കേതിക തകരാര്‍ കണ്ടെത്തി. അത് ശരിയാക്കി. എല്ലാം സംഭവിച്ചത് 24 മണിക്കൂറിനുള്ളിലായിരുന്നു. അടുത്ത ദിവസം വേണ്ട എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം പേടകത്തെ മാനേജ്‌മെന്റ് ടീമിന് കൈമാറി” കെ ശിവന്‍ പറഞ്ഞു.

Read More: ചന്ദ്രയാൻ-2 ഭ്രമണപഥത്തിൽ, വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ

അഭിമാനാര്‍ഹമായ തിരിച്ചു വരവാണ് ഐഎസ്ആര്‍ഒ നടത്തിയതെന്നതും ഓരോ വ്യക്തിയും രാത്രി പോലും പ്രവര്‍ത്തിച്ചാണ് ഈ വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു.

”അവര്‍ ജോലി ചെയ്തുകൊണ്ടേയിരുന്നു. കുടുംബത്തെ മറന്നു, സ്വന്തം ആഗ്രഹങ്ങള്‍ ത്യജിച്ചു, നോണ്‍ സ്‌റ്റോപ്പ് മോഡിലായിരുന്നു അവര്‍. തകരാര്‍ പരിഹരിക്കണമെന്ന് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അവസാന ഏഴ് ദിവസം അവര്‍ വളരെ ആത്മാര്‍ത്ഥമായിട്ടാണ് ജോലി ചെയ്തത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഇത് സാധ്യമാക്കിയ എല്ലാവര്‍ക്കും സല്യൂട്ട് ചെയ്യുക തന്റെ കര്‍ത്തവ്യമാണെന്നും കെ ശിവന്‍ പറഞ്ഞു.

അതേസമയം, വിക്ഷേപണം വിജയകരമായി നടത്തിയെങ്കിലും മിഷന്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും അടുത്ത ഒന്നരമാസം ഏറെ നിര്‍ണായകമാണെന്നും സൗത്ത് പോളിന് അരികില്‍ പേടകം ഇറങ്ങുന്ന 15 മിനുറ്റ് ആശങ്ക നിറഞ്ഞതും നിര്‍ണായകവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം കൂടുതല്‍ മിഷനുകള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ഐഎസ്ആര്‍ഒ ചിന്തിക്കുന്നുണ്ടെന്നും അവയെല്ലാം വിജയകരമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook