ശ്രീഹരിക്കോട്ട: ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയെന്ന ഇന്ത്യൻ സ്‌പേസ് റിസേർച്ച് ഓർഗനൈസേഷന്റെ ചരിത്ര ദൗത്യത്തിന് കൗണ്ട് ഡൗൺ തുടങ്ങി. ഇന്ന് രാവിലെ 9.30ന് വിക്ഷേപണ വാഹനമായ പിഎസ്എൽവി-സി37 റോക്കറ്റ് കുതിച്ചുയരുമ്പോൾ അത് ഐഎസ്ആർഒയ്‌ക്കും ഇന്ത്യയ്‌ക്കും ചരിത്ര നേട്ടമാകും. ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിക്കുന്നത് ഇതാദ്യമാണ്. ഏഴ് രാജ്യങ്ങളിൽ നിന്നുളള​ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.

28 മണിക്കൂർ നേരത്തെ കൗണ്ട് ഡൗണിനു ശേഷം കുതിച്ചുയരുന്ന പിഎസ്എൽവി-സി37ന്റെ 39-ാം ദൗത്യമാണിത്. ഒറ്റയടിക്ക് 37 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച റഷ്യൻ ബഹിരാകാശ ഏജൻസിയുടെ റെക്കോർഡാണ് ഐഎസ്ആർഒ തിരുത്തുന്നത്. യുഎസ്, ഇസ്രയേൽ, കസഖ്‌സ്ഥാൻ, നെതർലന്റ്‌സ്, സ്വിറ്റ്‌സർലന്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും പിഎസ്എൽവി-സി37 ലക്ഷ്യത്തിലെത്തിക്കും. 96 ഉപഗ്രഹങ്ങൾ യുഎസിലെ വിവിധ സ്ഥാപനങ്ങളുടേതാണ്.

വിക്ഷേപണത്തിന് ഒരുങ്ങിയിരിക്കുന്ന പിഎസ്എൽവി-സി37. ചിത്രം: പിടിഐ

വിക്ഷേപണത്തിന് ഒരുങ്ങിയിരിക്കുന്ന പിഎസ്എൽവി-സി37. ചിത്രം: പിടിഐ

എല്ലാ ഉപഗ്രഹങ്ങളും കൂടി 1378 കിലോഗ്രാം ഭാരമുണ്ട്. ഇതിൽ 714 കിലോഗ്രാം വരുന്ന കാർടോസാറ്റ് 2 ആണ് പ്രധാനമായുളളത്. 2015 ജൂണിൽ 23 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിനു ശേഷം ഐഎസ്ഐർഒ ഇത്തരത്തിൽ നടത്തുന്ന വലിയ ദൗത്യമാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ