ജെറുസലേം: ഇസ്രായേലില്‍ പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രണ്ടു പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇസ്രായേലിലെ ബെന്‍-ഗുറിയോണ്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രണ്ടു പേരില്‍ പുതിയ വൈറസ് സംയോജനം കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്സിലെ റിപ്പോര്‍ട്ട് അനുസരിച്ച് ബിഎ.1(ഒമിക്രോണ്‍), ബിഎ.2 വകഭേദങ്ങളുടെ സംയോജിച്ചുള്ള വൈറസാണ് കണ്ടെത്തിയത്. പനി, തലവേദന, പേശിവേദന തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇരുവര്‍ക്കും പ്രത്യേക വൈദ്യസഹായം ആവശ്യമായി വന്നില്ലെന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു.
രണ്ട് വൈറസുകള്‍ സങ്കോചിക്കുമ്പോഴും ശരീരത്തില്‍ ഒരേ കോശത്തിലാണെങ്കില്‍ രണ്ട് വൈറസുകള്‍ പരസ്പരം ബന്ധിപ്പിക്കുന്ന പ്രവണതയുണ്ടെന്ന് ഡോ.സല്‍മാന്‍ സര്‍ക്ക പറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. ജനറ്റിക് മെറ്റീരിയല്‍ പെരുകുകയും കൈമാറ്റം ചെയ്യുകയും ചെയ്യുമ്പോള്‍ അവ ഒരു പുതിയ വൈറസ് സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു.
അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാണിച്ച് നടപടികള്‍ കൈക്കൊള്ളണമെന്നു ആവശ്യപ്പെട്ട് കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ ആറ് സംസ്ഥാനങ്ങളോടാണ് കോവിഡ് പടരുന്നത് തടയുന്നതിനും നിയന്ത്രിക്കുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്.
കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചില സംസ്ഥാനങ്ങളുണ്ട്, പ്രാദേശിക തലത്തിലുള്ള അണുബാധയുടെ വ്യാപനത്തെ ഇത് സൂചിപ്പിക്കുന്നതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.
കോവിഡ് സാഹചര്യം സൂക്ഷ്മതലത്തില്‍ പരിശോധിക്കാനും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവിധ ഉപദേശങ്ങള്‍ ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, രോഗത്തെ വേഗത്തിലും ഫലപ്രദമായും കൈകാര്യം ചെയ്യുന്നതിനുള്ള ആവശ്യമായ നടപടികള്‍ നടപ്പിലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.