/indian-express-malayalam/media/media_files/uploads/2023/10/israel.jpg)
ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം: മരണം 480 ആയി, നിരവധി പേരെ ബന്ദികളാക്കിയതായി ഹമാസ്|ഫൊട്ടോ;എഎന്‍ഐ
ഗാസ: ഹമാസ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി പലസ്തീനിലെ ഗാസ മുനമ്പിൽ സമ്പൂർണ്ണ ഉപരോധം ഏർപ്പെടുത്തി ഇസ്രയേൽ. ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചു. ഗാസയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും ഹമാസിന്റെ അക്രമികൾ ഇപ്പോഴും അവിടെയുണ്ടാകാമെന്നും ഇസ്രയേൽ പ്രതിരോധ വക്താവ് പറഞ്ഞു. ഈ സാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് ഉപരോധം ഏർപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഇസ്രയേൽ നഗരങ്ങളിലെ ഹമാസ് ആക്രമണങ്ങൾക്ക് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം മിഡിൽ ഈസ്റ്റിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് നെതന്യാഹു പറഞ്ഞു. ഇപ്പോഴും ഹമാസ് സൈനികർ ഇസ്രയേലിലേക്ക് കടന്നുകയറുന്നുണ്ടെന്നും ഇത് പൂർണമായി തടയാൻ സമയമെടുക്കുമെന്നും ഇസ്രയേൽ പ്രതിരോധ വക്താവ് ചൂണ്ടിക്കാട്ടി.
ഇസ്രയേലിലെ ഹമാസ് ആക്രമണത്തില്‍ പരുക്കേറ്റ പരുക്കേറ്റ മലയാളി നഴ്സ് ഷീജാ ആനന്ദ് അപകടനില തരണം ചെയ്തു. കൈക്കും കാലിനും പരുക്കേറ്റ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. ഷീജ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് ഷീജയ്ക്ക് റോക്കറ്റാക്രമണത്തില്‍ പരുക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഷീജയെ കൂടുതല്‍ പരിചരണത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നതിനിടെയാണ് മിസൈല്‍ ആക്രമണത്തിൽ ഷീജയ്ക്ക് പരുക്കേറ്റത്. വടക്കന്‍ ഇസ്രയേലിലെ അഷ്‌കിലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അപകടമുണ്ടായത്. ഈ സമയം ഷീജ ഭര്‍ത്താവ് ആനന്ദുമായി വീഡിയോ കോളിലായിരുന്നു. പുറത്ത് വലിയശബ്ദം കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഉടന്‍ ഫോണ്‍ സംഭാഷണം നിലയ്ക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. ഷീജ ജോലിചെയ്യുന്ന വീട്ടിലെ ആളുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. നിലവില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ടെല്‍ അവീവ് ആശുപത്രിയില്‍ ഷീജ ചികിത്സയിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.