ന്യൂഡല്‍ഹി: ഇസ്രായേലും ഹമാസും തമ്മിലുള്ള അക്രമത്തിൽ 17 കുട്ടികളും ഏഴ് സ്ത്രീകളും ഉൾപ്പെടെ 83 ഫലസ്തീനികൾ കൊല്ലപ്പെടുകയും 480 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേയിൽ രണ്ട് കുട്ടികളും ഒരു ഇന്ത്യൻ തൊഴിലാളിയും ഉൾപ്പെടെ ആറ് സിവിലിയന്മാരും ഗാസ അതിർത്തിയിൽ പട്രോളിംഗ് നടത്തിയിരുന്ന ഒരു സൈനികനും മരണപ്പെട്ടതായും അധികൃതർ അറിയിച്ചു.
പലസ്തീനിലെ ഗാസ മുനമ്പില്‍ ഇസ്രായേല്‍ ഇന്നലെ നടത്തിയ കടുത്ത സൈനികാക്രമണത്തില്‍ ഹമാസിന്റെ 10 മുതിര്‍ന്ന സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇസ്രായേല്‍ തുടര്‍ വ്യോമാക്രമണങ്ങളില്‍ ഹമാസിന്റെ നിരവധി ഉയര്‍ന്ന കെട്ടിടങ്ങള്‍ നിലം പതിച്ചതായും വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.
മധ്യ ഗാസ നഗരത്തിലെ ബഹുനില മന്ദിരത്തിന്റെ ഭൂരിഭാഗവും നിരന്തര വ്യോമാക്രമണത്തില്‍ നിലംപതിച്ചിരുന്നു. കെട്ടിടം തകരുന്ന ദൃശ്യങ്ങള്‍ ഇസ്രായേലി ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തു. ആക്രമണത്തിന് മറുപടിയായി ഹമാസ് 130 റോക്കറ്റുകള്‍ ഇസ്രായേലിലേക്കു തൊടുത്തതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഗാസയിലും ഖാന്‍ യൂനിസിലും നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍മാരെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം നേരത്തെ അറിയിച്ചിരുന്നു. ”സങ്കീര്‍ണവും ഈ തരത്തിലുള്ള ആദ്യത്തേതുമായ ഒരു പ്രവര്‍ത്തനം” നടത്തിയെന്ന് ഇസ്രായേല്‍ സൈന്യം ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ലക്ഷ്യം വച്ചവര്‍ ”ഹമാസ് ജനറല്‍ സ്റ്റാഫിന്റെ പ്രധാന ഭാഗമാണ്” എന്നും ഗ്രൂപ്പിന്റെ സൈനിക വിഭാഗത്തിന്റെ തലവനുമായി അടുപ്പമുള്ളവരാണെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു.
Also Read: വാഗ്ദത്ത ഭൂമിയില്‍ അശാന്തിയുടെ മിസൈലുകള്‍ പതിക്കുമ്പോള്‍
ബുധനാഴ്ച പുലര്‍ച്ചെ ഗാസയില്‍ നൂറുകണക്കിനു വ്യോമാക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. തങ്ങളുടെ ജെറ്റുകള്‍ നിരവധി ഹമാസ് രഹസ്യാന്വേഷണ നേതാക്കളെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ അറിയിച്ചു. മറുപടിയായി ഹമാസും മറ്റ് പലസ്തീന്‍ സംഘടനകളും ഇസ്രായേലിലെ ടെല്‍ അവീവിലും ബീര്‍ഷെബയിലും നിരവധി റോക്കറ്റ് ആക്രമണം നടത്തി. ഇസ്രായേലില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച ജറുസലേമിലെ അല്‍ അക്‌സാ പള്ളിയില്‍ വച്ചാണ് സംഘര്‍ഷത്തിന് തുടക്കമാകുന്നത്. തിങ്കളാഴ്ച മുതല്‍ ഏറ്റുമുട്ടല്‍ രൂക്ഷമാവുകയായിരുന്നു.
ഇസ്രായേലിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണിലൂടെ ബന്ധപ്പെട്ടശേഷമായിരുന്നു ബൈഡന്റെ പ്രതികരണം. ”സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് എന്റെ പ്രതീക്ഷ, ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്,” ബൈഡന്‍ പറഞ്ഞു.
അതേസമയം, പാക്കിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഗാസയ്ക്കും പലസ്തീനുമൊപ്പമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.