/indian-express-malayalam/media/media_files/uploads/2023/10/3-13.jpg)
ഇസ്രയേൽ സൈന്യം നിലവിൽ ഗാസ അതിർത്തിയിൽ ഹമാസ് സേനയുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട് | ഫൊട്ടോ: എക്സ് / Israel Defense Forces (സ്ക്രീൻഗ്രാബ്)
ഗാസ സിറ്റി: ഇസ്രയേൽ സൈന്യം ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഹമാസ് നേതാക്കളുടെ മുന്നറിയിപ്പ്. മുഴുവൻ ശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്ന് ഹമാസ് സൈന്യം ദൃഡപ്രതിജ്ഞ എടുത്തെന്ന് റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, ശനിയാഴ്ചയോടെ ഗാസയിൽ കര-വ്യോമാക്രമണങ്ങൾ ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേൽ സൈന്യം നിലവിൽ ഗാസ അതിർത്തിയിൽ ഹമാസ് സേനയുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ഗാസ മുനമ്പിൽ ശക്തമായ ബോംബാക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. പ്രദേശത്തെ ഇന്റർനെറ്റ്, ആശയവിനിമയ സേവനങ്ങൾ പാടെ തകർന്നിട്ടുണ്ട്. മേഖലയിലെ 2.3 ദശലക്ഷം വരുന്ന ജനങ്ങളുടെ ആശയവിനിമയ ബന്ധമാണ് തകർത്തത്. ഗാസയിലെ തീവ്രമായ ബോംബാക്രമണത്തിന്റെ റിപ്പോർട്ടുകൾ അങ്ങേയറ്റം വേദനാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ടെഡ്രോസ് അദാനോം പറഞ്ഞു. മേഖലയിലെ ആശയവിനിമയ ബന്ധം തകർന്നതിനാൽ രോഗികളെ ഒഴിപ്പിക്കുന്നതിനോ, സുരക്ഷിതമായ അഭയ കേന്ദ്രം കണ്ടെത്തുന്നതിനോ സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനായി ആംബുലൻസുകൾക്ക് എത്താനാകാത്ത അവസ്ഥയുമുണ്ട്. ലോകാരോഗ്യ സംഘടനാ ജീവനക്കാരുമായും, ആരോഗ്യ സൗകര്യങ്ങളുമായും ഞങ്ങൾക്ക് ഇപ്പോൾ ബന്ധപ്പെടാനാകുന്നില്ല. അവരുടെ സുരക്ഷയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. രണ്ടു വിഭാഗങ്ങളോടും വെടിനിർത്തലിന് അഭ്യർത്ഥിക്കുകയാണ്," ടെഡ്രോസ് അദാനോം പറഞ്ഞു.
അതേസമയം, ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലിയിൽ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണയ്ക്കാതെ ഇന്ത്യ മാറിനിന്നു. പ്രമേയത്തെ 120 രാജ്യങ്ങൾ അനുകൂലിച്ചു. 14 രാജ്യങ്ങൾ എതിർത്തപ്പോൾ, 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഹമാസിനെ അപലപിക്കാനുള്ള കനേഡിയൻ ഭേദഗതിക്ക് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. മറ്റ് 87 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഭേദഗതിയെ അനുകൂലിച്ചു, 55 അംഗരാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്യുകയും 23 എണ്ണം വിട്ടുനിൽക്കുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.