ജെറുസലേം: കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള തീരുമാനത്തെ പിന്താങ്ങി ഇസ്രയേല്‍ സര്‍ക്കാര്‍ വോട്ട് ചെയ്തു. കഞ്ചാവ് ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്യുകയോ വിചാരണ ചെയ്യുകയോ ചെയ്യുന്നതിന് പകരം പിഴ ഈടാക്കാനാണ് പുതിയ തീരുമാനം. പിഴയായി ലഭിക്കുന്ന പണം ലഹരിക്കെതിരായ പ്രചരണങ്ങള്‍ക്കും, ചികിത്സാ സംബന്ധമായ സഹായങ്ങള്‍ക്കും നല്‍കാനാണ് ഉദ്ദേശം.

ഉത്തരവിനെ പാര്‍ലമെന്റ് കൂടി അംഗീകരിച്ചാല്‍ ഇസ്രയേലില്‍ മറ്റ് തടസ്സങ്ങളില്ലാതെ നിയമം നടപ്പിലാകും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും കഞ്ചാവ് കേസില്‍ പിടിയിലായവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇതിന് സമാനമായ നടപടിയാണ് ഇപ്പോള്‍ ഇസ്രയേലും സ്വീകരിക്കുന്നത്.

കേസില്‍ പിടിക്കപ്പെടുന്നവര്‍ക്ക് പിഴ അടച്ചാല്‍ മതിയാകും. എന്നാല്‍ തുടര്‍ച്ചയായി നാല് തവണ പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ നടപടി നേരിടേണ്ടി വരും. പുതിയ തീരുമാനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരും. ഇസ്രയേലില്‍ കഞ്ചാവിന്റെ ഉപയോഗവും വിപണനവും കൂടുതലാണ്. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം ഇസ്രയേല്‍ ജനതയില്‍ 9 ശതമാനത്തോളം കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 2010 മുതല്‍ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടവരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. നീതിന്യായ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ രാജ്യത്ത് 188 പേര്‍ മാത്രമാണ് കേസില്‍ പിടിക്കപ്പെട്ടത്.

അലാസ്ക, കാലിഫോര്‍ണിയ തുടങ്ങി അമേരിക്കയിലെ 28 സംസ്ഥാനങ്ങളിലും ജര്‍മനി അടക്കമുള്ള യൂറോപ്പിലെ ചില രാജ്യങ്ങളിലും വൈദ്യശാസ്ത്ര ആവശ്യത്തിന് കഞ്ചാവ് ഉപയോഗിക്കുന്നതിന് അനുമതിയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ