മോസ്കോ: ലോക രാഷ്ട്രങ്ങളിലാകെ ഭീകരാന്തരീക്ഷം പടർത്തിയ ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവായ അബു ബകർ അൽ ബാഗ്ദാദി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റഷ്യ അവകാശപ്പെട്ടു. റഷ്യൻ പ്രതിരോധ സേനയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

ഇദ്ദേഹമടക്കമുള്ള മുതിർന്ന കമാന്റർമാർ ഉൾപ്പെട്ട സംഘത്തെ മെയ് 28 ന് വധിച്ചെന്നാണ് റഷ്യൻ സേന ഇന്ന് അവകാശപ്പെട്ടിരിക്കുന്നത്. സിറിയയിലെ റാഖ നഗരത്തിന്റെ ദക്ഷിണഭാഗത്തെ പ്രാന്ത പ്രദേശത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉന്നത തല യോഗം നടക്കുന്നതിനിടെയായിരുന്നു ആക്രമണം.

30 മധ്യനിര കമാന്റർമാരും 300 ലേറെ ഇസ്ലാമിക് സ്റ്റേറ്റ് പടയാളികളും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റഷ്യൻ സേനയുടെ വിശദീകരണം. ഇസ്ലാമിക് സ്റ്റേറ്റ് തലസ്ഥാനമായി നിലയുറപ്പിച്ചിരിക്കുന്ന റാഖയിൽ നിന്ന് പിൻവാങ്ങാനുള്ള കാര്യത്തിൽ തീരുമാനമെടുക്കാനാണ് ഉന്നത തല ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കൾ യോഗം ചേർന്ന്ത്.

സുന്നി തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ മേധാവി അബു ബക്കര്‍ അല്‍ ബാഗ്ദാദി മരണപ്പെട്ടെന്ന് റേഡിയോ ഇറാന്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രിൽ 27 നാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നത്. ഇതിന് മുൻപ് അമേരിക്കൻ ആക്രമണത്തിലും ബാഗ്ദാദിക്ക് ഗുരുതര പരിക്കേറ്റതായി വാർത്തയുണ്ടായിരുന്നു.

മാര്‍ച്ചിലാണ് ബാഗ്ദാദി സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെ അമേരിക്കന്‍ സൈന്യം മിസൈലാക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ബാഗ്ദാദി ഇസ്ലാമിക് സ്റ്റേറ്റിന്റെ മേധാവി സ്ഥാനം ഒഴിഞ്ഞതായി പിന്നീട് ബ്രിട്ടനിൽ നിന്ന് പുറത്തിറങ്ങുന്ന ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ