കോഴിക്കോട്: മധ്യകാലഘട്ടത്തെ തത്ത്വശാസ്ത്ര ആശയങ്ങളെ കൈവിട്ടതും ആരാധനാചര്‍ച്ചകളെ മുറുകെ പിടിച്ചതുമാണ് ആശയപരമായ പ്രശ്നങ്ങള്‍ ഇസ‌്‌ലാമിൽ തുടങ്ങാൻ കാരണമായതെന്ന് ഡോ.അഷറഫ് കടയ്ക്കല്‍ പറഞ്ഞു. ഇസ്ലാമിനെ ഇല്ലാതാക്കാന്‍ സൃഷ്ടിക്കപ്പെട്ടതാണ് ഐഎസ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുരോഗമനവാദികള്‍ ഇസ്ലാമിന് അകത്തുനിന്നും പുറത്തുനിന്നും ഒരു പോലെ ആക്രമിക്കപ്പെടുന്നുണ്ടെന്ന് ഹമീദ് ചേന്ദമംഗലൂര്‍ അഭിപ്രായപ്പെട്ടു. ഇസ്ലാം ഒരേസമയം സമാധാനത്തിന്റെയും യുദ്ധത്തിന്റെയും മതമാണ്. യുദ്ധത്തിലൂടെയാണ് ഇസ്ലാം വ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്ലാമോഫോബിയ എന്ന വലിയ ഭയത്തിനടിയിലാണ് ഇന്നത്തെ മുസ്ലീം സമുദായം ജീവിക്കുന്നതെന്ന് വി.അബ്ദുള്‍ ലത്തീഫ് അഭിപ്രായപ്പെട്ടു. എന്നാല്‍ എട്ടാംനൂറ്റാണ്ടില്‍ യുക്തിക്കധിഷ്ടിതമായിട്ടാണ് ഇസ്‌ലാം ചിന്തകള്‍ മുന്നോട്ടുവെച്ചത്. ഇസ്‌ലാമിന്റെ ഇന്നത്തെ ചിന്തകളിലുള്ള ആശയവ്യതിചലനത്തിനും തകര്‍ച്ചയ്ക്കും ആന്തരികമായും ബാഹികമായും നേരിടുന്ന ആക്രമമാണ് കാരണമെന്ന് മുജീബ് റഹ്മാന്‍ കിനാലൂര്‍ അഭിപ്രായപ്പെട്ടു. അബൂബക്കര്‍ ബാഗ്ദാദി സ്വയം ഖലീഫയായി അവരോധിച്ചപ്പോള്‍ ലോകം അതംഗീകരിക്കാത്തത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാം നേരിടുന്ന പ്രശ്നങ്ങളെ സാമുദായികമായി മാത്രം കാണരുതെന്ന് എന്‍.പി ചെക്കുട്ടി പറഞ്ഞു. അതിനെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയപരമായ സാഹചര്യങ്ങളില്‍ കാണണം. സാമ്രാജ്യത്വ ഇടപെടലാണ് ഇസ്‌ലാമിന്റെ തകര്‍ച്ചയ്ക്ക് പ്രധാനകാരണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സമുദായത്തെ പ്രതിരോധിക്കാന്‍ മറ്റുമതത്തെ ആക്രമിക്കുകയാണ് വേണ്ടതെന്ന ചിലരുടെ ധാരണ ശരിയല്ല. പൊതുസമൂഹത്തില്‍ മുസ്‌ലിം ബുദ്ധിജീവികള്‍ ഇടപെടുന്നില്ല. തങ്ങളുടെ സമുദായിക വിഷയങ്ങളില്‍ മാത്രം പ്രതികരിച്ചുകൊണ്ട് അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണ്. ദൈനം ദിന കാര്യത്തില്‍ അവർ ഇടപെടുകയാണ് വേണ്ടതെന്നും എന്‍.പി ചെക്കുട്ടി അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ