കൊളംബോ: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അമാഖ് വാർത്താ ഏജൻസിയാണ് ഈ വിവരം പുറത്തു വിട്ടതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ എട്ടു സ്ഫോടനങ്ങളിലായി 300 ലധികം പേരാണ് മരിച്ചത്. 500 ഓളം പേർക്ക് പരുക്കേറ്റു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ”ഇതിൽ 26 പേർ സിഐഡിയ്ക്കൊപ്പവും മൂന്നു പേർ ടെററിസം ഇൻവെസ്റ്റിഗേഷൻ ഡിവിഷനും (TID) ഒപ്പമാണ്. 9 പേരെ റിമാൻഡ് ചെയ്തിട്ടുണ്ട്. രണ്ടുപേർ കൊളംബോ സൗത്ത് പൊലീസ് സ്റ്റേഷനിലാണ്,” ഗുണശേഖര പറഞ്ഞു.
Read: ശ്രീലങ്കയിലെ സ്‌ഫോടനം: ഇന്ത്യ മുന്നറിയിപ്പ് നൽകി, ശ്രീലങ്കൻ പൊലീസ് ജാഗ്രത കാട്ടിയില്ല
നഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻ പളളിയിൽ സ്‌ഫോടനം നടത്തിയയാൾ എന്നു സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
#WATCH Colombo: CCTV footage of suspected suicide bomber (carrying a backpack) walking into St Sebastian church on Easter Sunday. #SriLankaBombings (Video courtesy- Siyatha TV) pic.twitter.com/YAe089D72h
— ANI (@ANI) April 23, 2019
ഈസ്റ്റർ ദിനത്തിൽ പളളികളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടായിരുന്നു ശ്രീലങ്കയിൽ സ്‌ഫോടനമുണ്ടായത്. ആദ്യ ആറു സ്‌ഫോടനങ്ങൾക്കുശേഷം ഉച്ച കഴിഞ്ഞായിരുന്നു രണ്ടു സ്‌ഫോടനം. രാവിലെ 8.45 ന് ഈസ്റ്റർ പ്രാർഥനകൾ നടക്കുമ്പോഴായിരുന്നു കൊളംബോയിലെ സെന്റ് ആന്റണീസ് പളളിയിലും നഗോംബോ സെന്റ് സെബാസ്റ്റ്യൻസ് പളളിയിലും ബട്ടിക്കലോവയിലെ സിയോൻ ചർച്ചിലും സ്‌ഫോടനമുണ്ടായത്. ഇതിനുപിന്നാലെ വിദേശ സഞ്ചാരികളുടെ താമസ കേന്ദ്രങ്ങളായ ഷാങ്ഗ്രില, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സ്‌ഫോടനമുണ്ടായി.
ഉച്ച കഴിഞ്ഞ് കൊളംബോയുടെ തെക്കൻ മേഖലയിലെ ദേശീയ മൃഗശാലയ്ക്കു സമീപത്തായി ഏഴാമത്തെ സ്‌ഫോടനം. കൊളംബോയിലെ വടക്കൻ മേഖലയിൽ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു എട്ടാമത്തെ സ്‌ഫോടനം.
Read More: ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു