വാഷിങ്ടൺ: യുഎസ് സൈന്യം കൊലപ്പെടുത്തിയ ഇസ്‌ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്‌ദാദിയുടെ മൃതദേഹം ഇസ്‌ലാം മതവിശ്വാസ പ്രകാരമുള്ള ചടങ്ങുകൾക്കുശേഷം കടലിൽ മറവു ചെയ്തതായി സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

സ്വയം പൊട്ടിത്തെറിച്ചാണ് ബാഗ്‌ദാ‌ദി കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണത്തിനിടെയായിരുന്നു സംഭവമെന്നും ട്രംപ് സ്ഥിരീകരിച്ചു.

എവിടെയാണ് ബാഗ്‌ദാദിയുടെ അന്ത്യകർമങ്ങൾ നടത്തിയതെന്നോ, എത്ര സമയം നീണ്ടു നിന്നുവെന്നോ ഉദ്യോഗസ്ഥർ വ്യക്തമാക്കിയില്ല. വിമാനത്തിൽ നിന്ന് ബാഗ്‌ദാദിയുടെ ഭൗതിക ശരീരം കടലിൽ മറവു ചെയ്തതായി വിശ്വസിക്കുന്നതായി രണ്ട് ഉദ്യോഗസ്ഥർ പറഞ്ഞു 2011 ൽ യുഎസ്​ സൈനിക നടപടിയിലുടെ കൊലപ്പെടുത്തിയ അൽഖായിദ ​തലവൻ ഒസാമ ബിൻ ലാദ​​​ന്റെ മൃതദേഹവും കടലിൽ മറവു ചെയ്തെന്നാണ്​ ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചിരുന്നത്​.

Read More: ഐഎസ് തലവൻ ബാഗ്ദാദിക്കുപിന്നാലെ പിൻഗാമിയെയും വധിച്ചതായി റിപ്പോർട്ട്

അഞ്ചു വർഷമായി ഒളിവിൽ താമസിക്കുകയായിരുന്ന ബാഗ്‌ദാദിയുടെ കേന്ദ്രം കണ്ടെത്താന്‍ സിഐഎയാണ് സൈന്യത്തെ സഹായിച്ചത്. ന്യൂസ് വീക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് നീക്കത്തിന് ഒരാഴ്ച മുന്‍പ് തന്നെ അമേരിക്കൻ പ്രഡിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നല്‍കിയിരുന്നുവെന്നാണ്. 2017 മേയിൽ യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തില്‍ ബാഗ്‌ദാദിക്ക് പരുക്കേറ്റതായി 2018 ഫെബ്രുവരിയില്‍ യുഎസ് സൈന്യം പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ഏപ്രിലില്‍ ബാഗ്‌ദാദിയുടെ വീഡിയോ ഐഎസ് പുറത്ത് വിട്ടു.

അതേസമയം, ബാഗ്‌ദാദിയെ വധിച്ചതിനുപിന്നാലെ ബാഗ്‌ദാദിയുടെ പിൻഗാമി എന്നു വിശേഷിപ്പിച്ചിരുന്ന അബുഹസൻ അൽ മുജാഹിറിനെയും വധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook