ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുളള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ ഹണി ട്രാപ്പില്‍ പെടുത്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ശ്രമം പരാജയപ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണായകമായ വിവരങ്ങള്‍ ചോര്‍ത്താനുളള ശ്രമം വിഫലമാക്കിയത്.

ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയതായാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്നും ഇവര്‍ അന്വേഷണവിമായി സഹകരിക്കുന്നുമെന്നാണ് വിവരം. എന്നാല്‍ പാക്കിസ്ഥാനിലെ സര്‍വീസില്‍ നിന്നും ഇവരെ നീക്കം ചെയ്യുമെന്നാണ് വിവരം.

ചാരസംഘടനകള്‍ സ്ത്രീകളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നത് സാധാരണമാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ കെണിയില്‍ പെടുത്താന്‍ ശ്രമിക്കുന്നത് അപൂര്‍വ്വമാണ്. സ്ത്രീകള്‍ സമീപിച്ചതിന് പിന്നാലെ ചതി മണത്ത ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരോട് ഉടന്‍ തന്നെ ഇന്ത്യയിലേക്ക് തിരിക്കാന്‍ ആവശ്യപ്പെട്ടു.

ഔദ്യോഗിക രേഖകള്‍ വിവര്‍ത്തനം ചെയ്യുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് കെണിയില്‍ പെടുത്താന്‍ ശ്രമിച്ചത്. പാക്കിസ്ഥാനിലെ പ്രാദേശിക ഹോട്ടലുകളില്‍ സ്ത്രീകളെ നിയമിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ നേരത്തേയും കെണിയില്‍ പെടുത്താന്‍ ശ്രമം നടന്നിട്ടുണ്ട്. സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന വീഡിയോ തയ്യാറാക്കി ഭീഷണിപ്പെടുത്തി വിവരങ്ങള്‍ ചോര്‍ത്താനാണ് ഇത്തരത്തില്‍ ശ്രമം നടത്തുന്നത്.

സംഭവത്തില്‍ എന്ത് നടപടി എടുക്കണമെന്ന് ഇന്ത്യ തീരുമാനിക്കും. മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ കെണിയില്‍ പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ഐഎസ്ഐയ്ക്ക് അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ വികസന പരിപാടികളെ കുറിച്ചുളള വിവരം കൈമാറിയ മാധുരി ഗുപ്ത എന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥയെ 2010ല്‍ അറസ്റ്റ് ചെയ്തിരുന്നു. യുവാവായ ഒരു ചാരനെ ഉപയോഗിച്ച് പ്രണയം നടിച്ചായിരുന്നു ഐഎസ്ഐ അന്ന് പദ്ധതി തയ്യാറാക്കിയത്.

മാധുരി ഗുപ്ത

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ